അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2012, ജനുവരി 14, ശനിയാഴ്‌ച

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് 1


നാട്ടില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. പോക്കറ്റ് നിറയെ പണവുമായി പുറത്തിറങ്ങാന്‍ പറ്റുമെങ്കില്‍ ജീവിക്കാന്‍ നല്ല നാട്. 
പ്രകൃതിരമണീയം എന്നൊക്കെയാണ് അറിവുള്ളവര്‍ പറയുന്നത്. 
വല്ലാത്ത ഉഷ്ണം. കുഴപ്പമില്ല. പതിനഞ്ചു രൂപാ കൊടുത്താല്‍ ഒരുകുപ്പി വെള്ളം ഏതു പെട്ടിക്കടയിലും കിട്ടും.  നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ എന്താ വില. 
പിന്നെ റിയല്‍എസ്റ്റേറ്റ്‌ കച്ചോടം ആകെ ഡിം ആണത്രേ. ഭൂമിക്കൊക്കെ വലിയ വിലയാണ് ചോദിക്കുന്നത്. എന്നാല്‍ ആരും ഒന്നും വാങ്ങുന്നുമില്ല. എന്നിട്ടും വില കയറിക്കൊണ്ടേയിരിക്കുന്നു. 
മുല്ലപ്പെരിയാര്‍ ഇനിയൊരു അത്യാവശ്യം വരുമ്പോള്‍ "പൊട്ടിക്കാം" എന്ന് കരുതി രാഷ്ട്രീയക്കാരൊക്കെ തല്‍ക്കാലം അടങ്ങിയിരിക്കുന്നു. ഇതൊക്കെയാണ് പൊതുവിവരം.

വലിയ വലിയ ബാനറുകള്‍ , കവലകള്‍തോറും വാള്‍ പോസ്റ്ററുകള്‍ , നാഷണല്‍ ഹൈവേകളില്‍വരെ  ഉയര്‍ന്ന കമാനങ്ങള്‍ !! 
കാന്തപുരം A .P അബൂബക്കര്‍ മുസ്ലിയാരുടെ 2012 ഏപ്രില്‍ 12 മുതല്‍ 28  വരെ നീളുന്ന കേരളയാത്രയുടെ വിളംബരങ്ങളാണ് നാട്ടിലാകെ. ഏതായാലും ഈ യാത്രയോടെ "തിരുകേശപ്പള്ളി" കോഴിക്കോട് യാഥാര്‍ത്യമാകും എന്നുറപ്പ്.  തുടര്‍ന്ന് ഭക്തജനങ്ങളുടെ തിരക്ക്പണപ്രവാഹം...ഹായ്ഹായ്. റിയല്‍ എസ്റ്റെറ്റൊക്കോ ഒന്ന് ഉഷാറാവും ഇന്‍ഷാ അല്ലാഹ്. 
ഇതൊക്കെ നേരില്‍ കാണുന്ന പോലെ അനുഭവപ്പെടുന്നു.

ഒരു കാര്യം തീര്‍ച്ച. ഇനി സാക്ഷാല്‍ A .P. വിചാരിച്ചാല്‍ പോലും ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറാന്‍ ആകില്ല. ("ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്" എന്ന മലയാളം സിനിമ കണ്ടിട്ടുള്ളവര്‍ക്ക് കാര്യം പിടികിട്ടിക്കാണും).

ഈ പ്രൊജക്റ്റ്‌ന്റെ വിജയത്തിനുശേഷം - 
ഇന്നലെ ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. നമ്മുടെ മുത്ത്‌നബി മുഹമ്മദ്‌ മുസ്തഫാ സല്ലലാഹു അലൈഹിവസല്ലം തങ്ങള്‍ പ്രത്യക്ഷപ്പെട്ട് "നീ മെഴുകുകൊണ്ട്  ഏഴു സെന്റിമീറ്റര്‍ ഉയരത്തി ല്‍ എന്റെ ഒരു "തിരുരൂപം" ഉണ്ടാക്കിക്കുകയും, അത് സൂക്ഷിക്കാന്‍ എഴുപത്തിഏഴുകോടി രൂപ പൊതുജനങ്ങളി ല്‍ നിന്ന് പിരിച്ചു ഒരു പള്ളി പണിയുകയും വേണം എന്ന് എന്നോട് കല്‍പ്പിച്ചിരിക്കുന്നു " 
എന്ന അവകാശ വാദവുമായി ഒരാള്‍ വന്നിരിക്കും.

എന്താ ഒരാള്‍ കണ്ടു എന്ന് പറയുന്ന സ്വപ്നം "ഇല്ലാ നീ കണ്ടിട്ടില്ല" എന്ന് തെളിയിക്കാന്‍ ഈ ദുനിയാവില്‍ ആര്‍ക്കെങ്കിലും കഴിയുമോ?

അതെ നമ്മുടെ നാട് പാകപ്പെട്ടു വരികയാണ്. "തിരുകേശ"ത്തില്‍ നിന്ന് ഇനി "തിരുരൂപ"ത്തിലേക്ക്  അധികം ദൂരമൊന്നുമില്ല. ആര്‍ ആദ്യം സ്വപ്നം കാണും എന്ന് കാത്തിരുന്നു കാണാം.