അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി -1?


അസ്സലാമുഅലൈക്കും,
ഈ ബ്ലോഗ്‌ വായിക്കുന്നു എന്നതുതന്നെ, വിവര സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കളാണ് നാം എന്നതിന് തെളിവാണല്ലോ. എന്തെല്ലാം അറിവുകളാണ് ഈ നെറ്റില്‍ നിന്ന് നാം ദിനംപ്രതി ശേഖരിക്കുന്നത്. വിമാനം എങ്ങനെ പറക്കുന്നു? കമ്പ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? എന്ന് തുടങ്ങി മലബാര്‍ മത്തിക്കറി എങ്ങനെ പാചകം ചെയ്യാം എന്നുവരെ ഗൂഗിള്‍ നിമിഷങ്ങള്‍ക്കകം കണ്ടുപിടിച്ചു  പറഞ്ഞു തരുന്നു! പടച്ചതമ്പുരാനെ... നീ കഴിഞ്ഞാല്‍പ്പിന്നെ എല്ലാം അറിയുന്നവന്‍ ഈ കമ്പ്യൂട്ടര്‍ തന്നെ എന്ന് പറഞ്ഞു പോകുന്ന ഒരവസ്ഥ! എന്നാല്‍ ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടറില്‍ സ്വയംഭൂവായി വന്നതല്ലെന്നും  ഇതിനുപിന്നില്‍ വളരെയധികം പ്രയത്നം വേണ്ടിവന്നിട്ടുണ്ടെന്നും നാം ചിന്തിക്കാറുണ്ടോ? ഇപ്രകാരം ശാസ്ത്ര-സാങ്കേതിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ മുസ്ലിം സമുദായത്തിന്റെ പങ്ക് എത്ര വരും? 
അമ്പരച്ചുബികളായ കെട്ടിടങ്ങള്‍ , റോഡുകള്‍ , പാലങ്ങള്‍ , വിസ്മയകരമായ നിര്‍മാണ രീതികള്‍ ! ഭാവന, എഞ്ചിനീയറിംഗ്, ആസൂത്രണം.. അങ്ങനെ എത്രയെത്ര ഘടകങ്ങള്‍ അവയ്ക്ക് പിന്നിലുണ്ട്? ഈ വിഷയങ്ങളില്‍ മുസ്ലിം സമുദായത്തിന്റെ പ്രാധിനിധ്യം എവിടെ നില്‍ക്കുന്നു? 
കടലില്‍ ഊളിയിട്ട് ചെന്നും, വനാന്തരങ്ങളില്‍ രാപ്പാര്‍ത്തും ജീവജാലകങ്ങളെപ്പറ്റി  പഠിച്ചു, 'മറ്റുള്ളവര്‍ ' നല്‍കുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ 'നാഷണല്‍ ജിയോഗ്രഫി' യിലും 'ഡിസ്കവറി ചാനലിലും' കണ്ടു 'സുബുഹാനല്ലഹ്' എന്ന് പറഞ്ഞു നമ്മള്‍ സമാശ്വസിക്കുന്നു. നിങ്ങള്‍ കാണുന്നില്ലേ, കേള്‍ക്കുന്നില്ലേ, പ്രകൃതിയിലേക്ക് നോക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ എന്നൊക്കെ ആവര്‍ത്തിച്ചാവാര്‍ത്തിച്ചു വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് മേല്‍പ്പറഞ്ഞ 'മറ്റുള്ളവര്‍ '  മറഞ്ഞുനിന്നെങ്ങാന്‍ കേട്ടോ ആവൊ.
വിലപ്പെട്ട സാഹിത്യങ്ങളോ, ചിന്തകളോ മുസ്ലിം ലോകത്തുനിന്ന് അപൂര്‍വമായേ കേള്‍ക്കാറുള്ളൂ അല്ലെ?   
ഇതെല്ലം പോകട്ടെ. ധര്‍മം, നീതി, സത്യസന്ധത, കൃത്യനിഷ്ഠ, വാക്കുപാലിക്കല്‍ തുടങ്ങി ഏതെങ്കിലും സദ്ഗുണങ്ങളില്‍ മുസ്ലിം സമുദായം മറ്റുള്ള സമുദായങ്ങളെക്കാള്‍ മുന്നിലാണെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ടോ? മറിച്ചു, ധൂര്‍ത്ത്, സ്ത്രീധനം, ആഡമ്പരം തുടങ്ങിയവയില്‍ നാം ആരെക്കാളും പിന്നിലല്ലല്ലോ! അതിനര്‍ത്ഥം ഈ മേഖലകളില്‍പ്പോലും  ഇന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്തെങ്ങിലും സ്വാധീനം ചെലുത്താന്‍   വിശുദ്ധ ഖുര്‍ആന്‍നിന് കഴിയുന്നില്ല എന്നല്ലേ?
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടും നാം നമ്മെ ഉത്തമ സമുദായം എന്ന് പരിചയപ്പെടുത്തുന്നു! 
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഏത് ലേഖനവും, പുസ്തകവും തുടങ്ങുന്നത് 'ഇസ്ലാം എന്നാല്‍ സമാധാനം എന്നാകുന്നു അര്‍ത്ഥം" എന്ന ആമുഖത്തോടെയാകും. പഞ്ചസാരക്ക് മധുരമാണെന്ന് ഭരണിയുടെ പുറത്തു എഴുതി വയ്ക്കെണ്ടാതില്ലാത്തതുപോലെ അതുമായി ബന്ധപ്പെടുന്ന ആള്‍ക്ക് സമാധാനം ദൃശ്യമാകണം. എന്നാല്‍  'ഇസ്ലാം സമാധനമാകുന്നു' എന്ന് എത്ര എഴുതിയിട്ടും മുസ്ലിം ലോകത്ത് അങ്ങനെ ഒന്ന് കാണുന്നുമില്ല. എവിടേയോ താളം തെറ്റിയിരിക്കുന്നു അല്ലെ? ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി? 
പറഞ്ഞു വരുന്നത് ഇതാണ്. 
ഇന്ന് ഭൂമുഖത്ത് നിലനില്‍ക്കുന്ന പ്രബല മതവിഭാഗങ്ങളാണ്  മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ഹിന്ദു, എന്നിവരും വളരെ ചെറിയ ഒരു വിഭാഗമായ ജൂദന്മാരും. അമേരിക്ക, യുറോപ്പ് തുടങ്ങിയവ ക്രിസ്തുമത ഭൂരിപക്ഷ പ്രദേശമായും, വടക്കന്‍ ആഫ്രിക്കയുടെ ഈജിപ്റ്റ്‌, മൊറോക്കോ, തുടങ്ങിയ പ്രദേശങ്ങള്‍ , അറേബ്യന്‍ ഗള്‍ഫ്‌, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ മുസ്ലിം ഭൂരിപക്ഷ പ്രദേശമായും, ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയവ ബുദ്ധമത ഭൂരിപക്ഷ പ്രദേശമായും, ഇന്ത്യയെ ഹിന്ദുമതഭൂരിപക്ഷ പ്രദേശമായും, ഇസ്രായേലിനെ ജൂദമത ഭൂരിപക്ഷ പ്രദേശമായും കണക്കാക്കി ഒന്ന് വിശകലനം ചെയ്തു നോക്കൂ. വെറും ഭൌതിക മേഖലകളില്‍ മാത്രമല്ല ബൌദ്ധിക മേഖലകളിലും മറ്റു സമുദായങ്ങള്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണെന്ന് കാണാം. എന്താണിതിനു കാരണം? 
ഇതൊരു ചര്‍ച്ചക്ക് തുടക്കമാവട്ടെ. പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് നമ്മുടെ ലക്‌ഷ്യം. ചര്‍ച്ചയില്‍ എന്തെങ്കിലും ഉരിത്തിരിഞ്ഞു വരും എന്ന് തന്നെയാണ് പ്രതീക്ഷ. 
ചര്‍ച്ച പരമാവധി വിഷയത്തില്‍ ഊന്നിനിന്നാകാന്‍ ശ്രമിക്കുമല്ലോ.   

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.