"ദഅവ
അഥവാ ഇസ്ലാമിക പ്രബോധനം-1" എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം കൊടുത്തിരുന്ന
പോസ്ടിങ്ങിനു ചിലര്‍ ബ്ലോഗിലൂടെയും മറ്റുചിലര്‍ ഇ-മെയില്‍ വഴിയും അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയിരുന്നു. അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി. തുടര്‍ന്നും
നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
ആത്മനൊമ്പരം
എന്ന ഈ ബ്ലോഗ് തുടങ്ങിയതുതന്നെ "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി?" എന്ന ചര്‍ച്ചയിലൂടെയാണ്. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന
മിക്കവാറും എല്ലാ വിഷയങ്ങളും മേല്‍പ്പറഞ്ഞ മുഖ്യ തലക്കെട്ടിലേക്കു ലക്‌ഷ്യം
വച്ചുള്ളവയാണെന്നും വായനക്കാര്‍ ഇതിനകം
മനസ്സിലാക്കിയിരിക്കും.
"ദഅവ
അഥവാ ഇസ്ലാമിക പ്രബോധനം-1" - ല്‍ പറഞ്ഞത് നമ്മുടെ പ്രബോധന
ശൈലിയെപ്പറ്റിയായിരുന്നു. കാലികമായ രീതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പറ്റിയ -
പിഴവുകള്‍ എന്ന് എനിക്ക് തോന്നിയ കാര്യങ്ങള്‍ - അക്കമിട്ടു എഴുതിയിരുന്നെങ്കിലും
ആരും അതിനെ വിമര്‍ശിച്ചു കണ്ടില്ല. നല്ലത്.
വിശുദ്ധ
ഖുര്‍ആനും, തിരുസുന്നത്തും കൈവശമുള്ള
"മുസ്ലിം സമുദായം" ആധുനിക കാലഘട്ടത്തില്‍ എന്തുകൊണ്ട് ജീവിത
വിശുദ്ധിയുടെ കാര്യത്തിലടക്കം പിന്നോട്ട് പോകുന്നു? മതം പറഞ്ഞും, ഖുര്‍ആന്‍ തര്‍ജമ കൊടുത്തും വിദേശിയോട് ദഅവ
ചെയ്യുന്നതോടൊപ്പം "നമ്മുടെ" ജീവിതത്തില്‍ അതിന്റെ യാതൊരു പ്രതിഫലനവും
ഇല്ലെങ്കില്‍ നാം സ്വയം പരിഹാസ്യരായിപ്പോവുകയല്ലേ? ഇസ്ലാം അനുശാസിക്കുന്ന
കൃത്യനിഷ്ഠ, സാമൂഹിക പ്രതിബദ്ധത മുതലായ ഗുണങ്ങള്‍ നമുക്ക് എവിടെ
നഷ്ട്ടപ്പെട്ടു? ഇവയായിരുന്നു ചിന്താവിഷയം.
അതിനു ഒരു
സഹോദരന്റെ മുഖ്യ ആരോപണം: “വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ല്മാമെന്നു പറഞ്ഞത്
ശരിതന്നെയാണ്, അത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടതും മനസ്സിലായി എന്നാല്‍ ആ equation ഉപയോഗിച്ച്
എത്തിച്ചേര്‍ന്ന conclusion ആണ് പിഴച്ചത്” എന്നതാണ്. അതില്‍ പരിമിതിപെടുത്തിയുള്ള ഈ രണ്ടു
ജീവതവും ' നമുക്ക് ' നന്നായി എന്ന് തോന്നുന്നവിധം നന്നായാല്‍ ഇസ്ലാം പ്രതിഫലിച്ചു എന്ന്
പറയുന്നതിന് തുല്യമല്ലേ അത്? എന്ന് അദ്ദേഹം ചോദിക്കുന്നു.
സാമൂഹിക ജീവിതത്തിന്റെ
ചില നന്മകളാകുന്ന "ഇസ്ലാമിന്റെ ഒരു കഷണം" അവരുടെ കൈവശം ഉണ്ടെന്നല്ലേ
ഞാന്‍ പറഞ്ഞിട്ടുള്ളൂ? അതുകൊണ്ട് ഇസ്ലാം പൂര്‍ണമായി എന്നൊന്നും പറഞ്ഞിട്ടില്ലോ.
അല്‍പ്പം കൂടി
വിശദമായി പറഞ്ഞാല്‍ -
1. "ഇരുട്ടുകള്‍
ഏറെയുണ്ടെങ്കിലും പ്രകാശം ഒന്നുംമാത്രം"എന്നല്ലേ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്? എങ്കില്‍പ്പിന്നെ
മേല്‍പ്പറഞ്ഞ നന്മ എങ്ങനെ "ഇസ്ലാം" അല്ലാതാവും?
2. നമ്മുടെ
വിശ്വാസപ്രകാരം ഏതൊരു കുഞ്ഞും ഈ ലോകത്ത് ജനിച്ചു വീഴുന്നത് മുസ്ലീമായിട്ടാണ്.
അവന്റെ മാതാപിതാക്കളോ സമൂഹമോ ആണ് അവനെ"അമുസ്ലിം" ആക്കുന്നത്.
ഇക്കാര്യത്തില്‍ മുസ്ലിം വീട്ടില്‍ ജനിച്ച കുട്ടിയും അമുസ്ലിം വീട്ടില്‍ ജനിച്ച
കുട്ടിയും തമ്മില്‍ വ്യത്യാസമില്ലല്ലോ.
3. വിശുദ്ധ ഖുര്‍ആനും, പ്രവാചകന്‍
(സ.അ)തങ്ങളും ലോകജനതയുടെ പൊതുസ്വത്താണ്. മുസ്ലിംകളുടേത് മാത്രമല്ല എന്നല്ലേ നാം വിശ്വസിക്കുന്നത്? നമ്മള്‍
അത് സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതല്ലേ തെറ്റ്?
4. (ഒരു ഉദാഹരണം) "തുമ്മുമ്പോള്‍ 'അല്ഹമ്ദുലില്ലാഹ്' പറയാനാണെങ്കില്‍ ജര്‍മ്മന്‍കാരും അങ്ങനെ ചെയ്യുന്നത്
നാം കാണുന്നു. അറബി ഭാഷയിലല്ല എന്ന് മാത്രം" - എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍
എഴുതിയിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഞങ്ങളില്‍ ഒരാള്‍ ഓരോ പ്രാവശ്യം
തുമ്മിയപ്പോളും അടുത്തിരുന്ന ജര്‍മന്‍കാരന്‍ 'God bless you' എന്ന് പറയുന്നുണ്ടായിരുന്നു! എവിടെ നിന്ന് കിട്ടി ഈ തിരിച്ചറിവ്?
ഈ അടിസ്ഥാനത്തിലാണ് നന്മകളാകുന്ന "ഇസ്ലാമിന്റെ
ഒരു കഷണം" അവരുടെ കൈവശം ഉണ്ടെന്നു ഞാന്‍ പറഞ്ഞത്. ശരിയല്ലേ?
ഇനി വായനക്കാരില്‍ മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെയാണ്: "നല്ല പെരുമാറ്റം ഉള്ള ഒരാളുടെ ആദര്ശം എന്താണ് എന്നറിയുവാന്‍ മറ്റുള്ളവര്‍ താല്പര്യം പ്രകടിപ്പിക്കും എന്നത് വസ്തുതയാണ്. എന്നാല്‍ അതിനെ ഉദ്ദേശിച്ചു തന്റെ ജീവിതത്തില്‍ നല്ല പെരുമാറ്റം ഒരു വിശ്വാസി നടപ്പിലാക്കുന്നു എങ്കില്‍ അത് വിമര്ശന വിധേയമാണ്...തൌഹീദ് പറഞ്ഞാവണം പ്രബോധനം തുടങ്ങേണ്ടത് ..."
നല്ല
പെരുമാറ്റവും ഇസ്ലാമും കൂടി ഒന്നിച്ചു കൊണ്ടുപോയാല്‍ നിയ്യത്ത് ശരിയാകുമോ എന്ന
പേടി. അതിനാല്‍ "തൌഹീദ്" പറയുക. നല്ലപെരുമാറ്റം ഒഴിവാക്കി
"നിയ്യത്ത്" ശുദ്ധമാക്കുക എന്നോ?
തൌഹീദ്, തൌഹീദ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിച്ചാല്‍ മതിയെന്നാണോ ആവോ. ഹാ
കഷ്ടം... എന്നല്ലാതെ എന്ത് പറയാന്‍!
വീണ്ടും വീണ്ടും ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും
വിവരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഖുര്‍ആനില്‍
എന്തെങ്കിലും കുറവുണ്ടെന്നോ, നമുക്ക് ഹദീസുകളുടെ
ക്ഷാമമുണ്ടെന്നോ എന്നെനിക്കു അഭിപ്രായമില്ല എന്നാണ്. ഈ ലോകത്ത് ജീവിക്കുന്നതിനുള്ള
വിഭവങ്ങളും മാര്‍ഗ്ഗദര്‍ശനവും കയ്യില്‍ ഉണ്ടായിട്ടും ഈ സമുദായം എന്തുകൊണ്ട്
പരാശ്രയരായി കഴിയുന്നു എന്നതാണ് എന്റെ ചോദ്യം.
ജീവിത വ്യവഹാരങ്ങളിലെ എല്ലാ മേഖലകളിലും (അതെ എല്ലാ
മേഖലകളിലും) മുസ്ലീം രാഷ്ട്രങ്ങള്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ
തിരിച്ചരിവുപോലും സമുദായത്തിന് നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നിടത്താണ് നമ്മുടെ ചര്‍ച്ചകള്‍
തുടങ്ങേണ്ടത്.
പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ കെട്ടുകള്‍
കൂടുതല്‍ കൂടുതല്‍ നിരത്തപ്പെടട്ടെ. അങ്ങനെ സമൂഹത്തില്‍ ഒരു തിരിച്ചറിവ് വന്നാല്‍
മാത്രമേ പരിഹാരത്തിനായി വഴി തേടുകയുള്ളൂ. തല മണലില്‍ പൂഴ്ത്തിയതുകൊണ്ട് ഒട്ടകപക്ഷിയെ
ആരും കാണാതിരിക്കുന്നില്ലല്ലോ.
ഈ സമുദായത്തിനു നഷ്ട്ടപ്പെട്ട അന്തസ്സും ആഭിജാത്യവും
വീണ്ടെടുത്തു, വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെട്ടതുപോലെ ഒരു ഉത്തമ, മാതൃകാ സമുദായമായിത്തീരാന്‍ അല്ലാഹു സഹായിക്കട്ടെ.