അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -7 ?


ഇസ്ലാം കാര്യങ്ങളാണ് നാം പറഞ്ഞു വന്നത്. ശഹാദത്തും, നമസ്കാരവും കഴിഞ്ഞാല്‍ മൂന്നാമത്തേത് റമദാനിലെ നോമ്പ് ആണല്ലോ.
ഇസ്ലാം കാര്യങ്ങളില്‍ അഞ്ചും, ഒന്നിനൊന്നു പ്രധാനപ്പെട്ടതുതന്നെ. എല്ലാം നിര്‍ബന്ധ കര്‍മ്മങ്ങള്‍ . എങ്കിലും നോമ്പിന്റെ മഹത്വം പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. നോമ്പ്കാരന് മാത്രമായി, "റയ്യാന്‍ " എന്ന പേരില്‍  അതിമഹനീയമായ ഒരു കവാടം സ്വര്‍ഗ്ഗത്തിലേക്ക്  ഒരുക്കിയിരിക്കുമത്രേ. എത്ര ഉല്‍കൃഷ്ഠമായ പദവി!

"നമസ്കാരം മനുഷ്യനെ മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നിശ്ചയമായും തടയും" എന്ന് പറഞ്ഞതുപോലെ നോമ്പ് വിശ്വാസിയില്‍ 'തഖ്‌വ' ഉണ്ടാക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍  പറയുന്നത്.  'തഖ്‌വ' എന്ന പദത്തിനു ദൈവഭക്തി, ആത്മസംസ്കരണം, സൂക്ഷ്മത എന്നൊക്കെ അര്‍ഥം പറയാം. 

തെറ്റായ വാക്ക്, പ്രവൃത്തി, അനാവശ്യ സംസാരം തുടങ്ങി എല്ലാത്തിലും സൂക്ഷ്മത കൈക്കൊള്ളുന്നതിനോടൊപ്പം, അഥവാ മറ്റൊരാള്‍ വഴക്കിടാന്‍ വന്നാല്‍ പോലും "ഞാന്‍ ഒരു നോമ്പുകാരനാണ്" എന്ന് പറഞ്ഞു ഒഴിഞ്ഞു പോകാനാണ് ഹദീസുകളിലൂടെ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. എത്ര വലിയൊരു സാമൂഹ്യ മാറ്റമായിരിക്കും ഈയൊരു കര്‍മ്മത്തിലൂടെ വന്നു ഭവിക്കുന്നത്.
എന്നാല്‍ നമ്മുടെ ഇന്നത്തെ നോമ്പോ?  
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരളവു വരെ സൂക്ഷിക്കുന്നവര്‍ പോലും, നോമ്പ് തുറക്കുന്നതോടെ എല്ലാം പഴയപടി ആക്കുന്നു. പുകവലിക്കാരന്‍ നോമ്പ് തുറന്ന ഉടനെ കുടിശ്ശിഖ വരുത്തിയ എല്ലാ സിഗരറ്റും ഒറ്റ ഇരുപ്പില്‍ വലിച്ചു തീര്‍ക്കുന്നതിലൂടെ അവന്റെ ദിനം തുടങ്ങുകയായി. എന്തിനധികം... വഴക്കിടാന്‍ 'മാറ്റി വച്ചവന്‍' ഇപ്പോള്‍ എന്തിനും തയ്യാറായി പൂര്‍വ്വോപരി ശക്തനായി രംഗത്ത് വരുന്നു. 

ഇനി നോമ്പ്കാലത്തെ ഭക്ഷണ പാനീയങ്ങളുടെ കാര്യമോ? നമ്മുടെ സമുദായം ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്‌ റമദാന്‍ എന്ന 'വൃതാനുഷ്ടാന' കാലത്താണ് എന്ന് സൂപ്പര്‍ മാര്‍ക്കറ്റ് / റസ്റ്റോറന്റ് -കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നോമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി വീട്ടമ്മയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് - "നോമ്പ് തുറക്കാന്‍ ഇന്നെന്താ ഒരുക്കുക" എന്ന ചിന്തയാവും എന്ന് പറഞ്ഞാല്‍ അല്‍പ്പം അതിശയോക്തിയായി  തോന്നാമെങ്കിലും, ഇതാണ് ശരിയായ ചിത്രം. അതെ വിചിത്രം.

മറ്റൊന്ന്, റമദാനില്‍ കൂടുതല്‍ കര്‍മോല്‍സുകരാകാനാണ് ദീന്‍ പഠിപ്പിക്കുന്നതെങ്കില്‍ നമ്മള്‍ രാത്രി മുഴുവന്‍ ഇടതടവില്ലാതെ ഭക്ഷണം കഴിച്ചു, പകല്‍ അലസരായി കിടന്നുറങ്ങാന്‍ ശീലിച്ചിരിക്കുന്നു.      

നമസ്കാരത്തിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും നമ്മുടെ മുന്‍ഗണനാ ക്രമത്തിലും തെറ്റ് പറ്റിയിരിക്കുന്നു. അതെ നാം ഉറങ്ങുകയാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും നമ്മുടെ ഗവേഷണം - നോമ്പിനാല്‍ കൈവരിക്കപ്പെടേണ്ട  ആത്മീയ, സാമുഹിക മാറ്റത്തിനായിട്ടല്ല,  മറിച്ച് മുങ്ങിക്കുളിച്ചാല്‍ നോമ്പ് മുറിയുമോ? നോമ്പുകാരന്‍ ഉമിനീര്‍ ഇറക്കാമോ? എന്നിടത്തൊക്കെയാണല്ലോ. തറാവിഹ് നമസ്കാരത്തിന്റെ  കോലം പോലും ഇതുവരെ ക്ളിപ്തമായിട്ടില്ല. പിന്നല്ലേ സാമുഹിക പരിവര്‍ത്തനം! 

വീണ്ടും പറയേണ്ടി വരുന്നു ....  'ഇബാദാത്തുകള്‍' എന്നത് ഒരു ലക്ഷ്യത്തിലെത്താനുള്ള "മാര്‍ഗ"മാണെങ്കില്‍ നമ്മള്‍ അതിനെത്തന്നെ "ലക്ഷ്യമായി" കരുതി, യഥാര്‍ത്ഥ ലക്‌ഷ്യം മറന്നുകൊണ്ട് മാര്‍ഗം പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്? സ്വാഭാവികമായും റമദാന്‍ മാസം കഴിഞ്ഞാലും നമ്മിലെ "തഖ്‌വ" വള്ളി പുള്ളി മാറാതെ അങ്ങനെ തന്നെ തുടരുന്നു. 

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി അല്ലെ? 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ