അസ്സലാമുഅലൈക്കും,
മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് തീര്‍ച്ചയായും ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നമ്മള്‍ , അതിനായി ചില നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ദീനി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് പറഞ്ഞുവച്ചത്.
അടുത്തതായി എടുത്തു പറയേണ്ടുന്ന കാര്യം സാമ്പത്തിക വിഷയമാണെന്ന് തോന്നുന്നു. സക്കാത്ത് നിര്‍ബ്ബന്ധമാക്കുകയും പലിശ കര്‍ശനമായി നിരോധിക്കുകയും ചെയ്തതിലൂടെ സാമ്പത്തിക വിഷയത്തിന് ദൈവികമതം അതിരറ്റ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. മാത്രമോ, "ദാരിദ്രം കുഫിര്‍ലേക്ക് നയിക്കും" എന്ന തിരുവചനവും ദാരിദ്ര നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കേണ്ടത്തിന്റെ അനിവാര്യത വിളിച്ചോതുന്നു. മനുഷ്യനെ കുഫിറില്‍ നിന്ന് കൈപിടിച്ച് തൌഹീദിലേക്ക് നയിക്കുക എന്നതാണല്ലോ ഓരോ മുസ്ലിമിന്റെയും ഒരു പ്രധാന കടമ?
പലിശ വാങ്ങുന്നവനെയും, കൊടുക്കുന്നവനെയും മാത്രമല്ല അതിന്റെ കണക്കെഴുതുന്നവനെവരെ അതികഠിനമായി വിമര്‍ശിക്കുന്ന ഖുര്‍ആന്‍ ഭാഗം, ഈ വിഷയകരമായി നടത്തപ്പെടുന്ന ഏതൊരു പ്രഭാഷണത്തിലേയും മുഖ്യ താക്കീതായിരിക്കും. "പലിശ ഹറാം, എന്നാല്‍ കച്ചവടം ഹലാല്‍ " എന്ന മറുമരുന്നും ഇതോടൊപ്പം കുറിച്ചു കൊടുക്കും. എന്നാല്‍ ഇതിന്റെ പ്രായോഗിക വശത്തെപ്പറ്റി കാര്യമായ വല്ല ചര്‍ച്ചയും നടന്നു കണ്ടിട്ടുണ്ടോ?
നാല് കാശ് കയ്യില്‍ വന്നാല്‍ ഉടനെ പോയി ചെയ്യാവുന്ന ഒരു ക്രിയയാണോ ഈ കച്ചവടം എന്നത്? (അതുകൊണ്ട് നാല് കാശ് കയ്യില്‍ വന്നാല്‍ എല്ലാവരും ഉടനെ ബ്ലേഡ് കമ്പനി തുടങ്ങണം എന്നൊന്നും ദയവായി തിരിച്ചു വായിച്ചേക്കല്ലേ.) ഒരു സാധാരണ മുസ്ലിം തികച്ചും ചിന്താക്കുഴപ്പത്തിലാണ്.
ശമ്പളം കിട്ടിയ തുകയില്‍ നിന്ന് അല്‍പ്പം നാളത്തേക്ക് മാറ്റി വയ്ക്കാം എന്ന് വച്ചാല്‍ .... ബാങ്കില്‍ ഇട്ടാല്‍ പലിശ. വീട്ടില്‍ പൊതിഞ്ഞുകെട്ടി വച്ചാല്‍ അതവിടെ ഇരിക്കില്ല; എന്ന് മാത്രമല്ല അത് സുരക്ഷിതവും ആവുകയില്ല. കൂടാതെ പണത്തിന്റെ മൂല്യത്തില്‍ വരുന്ന ഇടിവ് വേറെയും. പിന്നെന്തു ചെയ്യും?പണ്ഡിതന്മാര്‍ പറയട്ടെ. ഇസ്ലാമിക ബാങ്ക് എന്ന ആശയം ഒരു യാഥാര്‍ത്ഥ്യം ആകുന്നതുവരെ കാത്തിരിക്കുകയെ തല്‍ക്കാലം തരമുള്ളൂ എന്ന് തോന്നുന്നു.
ഇനി മറ്റൊരു കഥ. സ്കൂള്‍ഫീസ് അടക്കാനുള്ള അവസാന ദിവസം ആകുമ്പോഴും, അത്യാവശ്യം ഒരു ആസ്പത്രി കേസ് വരുമ്പോഴുമൊക്കെ കയ്യില്‍ കിടക്കുന്ന വള ഊരി അഞ്ഞൂറോ ആയിരമോ രൂപക്കായി പണയം വെക്കാന്‍ ഓടുന്ന വീട്ടമ്മയെ കാണാം. ഈ സന്ദര്‍ഭങ്ങളില്‍ ഇവര്‍ പലിശ കൊടുക്കാതെ മറ്റെന്തു ചെയ്യും?
അതെ ഇവിടെ നമ്മുടെ മഹല്ലുകള്‍ ഉയര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അല്‍പ്പം ഇച്ചാശക്തിയുണ്ടെങ്കില്‍ ഇത്തരം ആവശ്യക്കാര്‍ക്കായിട്ടെങ്കിലും ഒരു പലിശരഹിത നിധി വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതെയുള്ളൂ.
സക്കാത്തിന്റെ കേന്ദ്രീകൃതമായ സംഭരണവും വിതരണവും കൊണ്ടും മഹല്ലിനെ കൊച്ചുകൊച്ചു പലിശ ഇടപാടുകളില്‍ നിന്ന് രക്ഷിക്കാനാവും.
അള്ളാഹു സഹായിക്കട്ടെ.