അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 2


അസ്സലാമുഅലൈക്കും,
കേരളത്തില്‍ നിലവിലുള്ള ഓരോ മുസ്ലിം സംഘടനകളും അവരവരുടെ അനുയായികളെ ദീനുല്‍ ഇസ്ലാമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളും സാമൂഹിക ബാധ്യതകളും പരിശീലിപ്പിക്കുന്നതിലൂടെ മാത്രം നാട്ടില്‍ പ്രകടമാകാവുന്ന  വിപ്ലവകരമായ മാറ്റത്തെക്കുറിച്ചാണ് നാം പറഞ്ഞു വന്നത്. സംഘടനാ നേതാക്കള്‍ അല്‍പ്പമൊന്നു മനസ്സുവച്ചാല്‍ വളരെ എളുപ്പം നേടിയെടുക്കാവുന്നതേയുള്ളു ഇത്. നിലവിലുള്ള പരിതസ്ഥിതിയില്‍ ഇതിലും എളുപ്പമോ ഫലപ്രദമോ ആയ മറ്റൊരു മാര്‍ഗവും ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. 

"കണ്ണാടി കാണ്മോളവും തന്നുടെ മുഖാമേറ്റം
നന്നെന്നു നിരൂപിക്കു മെത്രയും വിരൂപന്മാര്‍
മറ്റുള്ള ജനങ്ങളെ കുറ്റങ്ങള്‍ പറഞ്ഞിടു
മൊട്ടുതന്നുടെ കുറ്റമൊന്നറികയുമില്ലാ
കുറ്റമില്ലാത്തെ ജനം കുറ്റമുള്ളവരേയു
മൊട്ടു നിന്ദിക്കയില്ല, തന്നുടെ ഗുണങ്ങളാല്‍ ....."
എത്ര അര്‍ത്ഥവത്തായ കവിവാക്യം.

അതെ, മറ്റുള്ളവരെ കുറ്റം പറയാന്‍ സമയം പാഴാക്കാതെ സ്വന്തം അനുയായികളുടെ ആത്മസംസ്ക്കരണത്തിനായി പണിയെടുക്കാന്‍ ഓരോ സംഘടനയും സത്യസന്ധമായി തീരുമാനിക്കുക.  തീര്‍ച്ചയായും ഏറെ ആത്മവിശ്വാസവും, ദൃഡനിശ്ചയവും ആവശ്യമായ ഒരു നടപടിയാണിത്. എന്നാല്‍ അതിന്റെ പരിണതഫലം ഇഹത്തിലും പരത്തിലും അതിമാഹത്തായിരിക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ.  
         
അടുത്തപടിയായി നാം ചെയ്യണ്ടത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ്. 
വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നതുകൊണ്ട്‌ ഇവിടെ അര്‍ത്ഥമാക്കുന്നത് ദീനി വിദ്യാഭ്യാസവും ഭൌതിക വിദ്യാഭ്യാസവും ഉള്‍പ്പെട്ട വിശാലമായ മേഖലയാണെങ്കിലും, ദീനി വിദ്യാഭ്യാസ സമ്പന്ധമായിട്ടാണ് പ്രധാനമായും നമ്മുടെ ചര്‍ച്ച. കാരണം  ഭൌതിക വിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ എടുത്തു പോരുന്നുണ്ട്. എന്നാല്‍ ദീനി വിദ്യാഭ്യാസമേഖല വര്‍ഷങ്ങളായി ഏതാണ്ട് ഒരേ നില തുടരുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍.

 ചില നിര്‍ദ്ദേശങ്ങള്‍ കുറിക്കാം:  
1 . ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മറ്റു ഭാഷകള്‍ പഠിക്കുന്നത് പോലെ അറബി ഭാഷയും അര്‍ഥം മനസ്സിലാക്കി പഠിക്കുന്ന രീതി വരണം. അറബി അക്ഷരമാല മാത്രം സ്വായത്തമാക്കി "ഞാന്‍ ഖുര്‍ആന്‍ പഠിച്ചിരിക്കുന്നു" എന്ന് കരുതുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിയെ തീരു. ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി -  എന്ന ഭാഗത്ത്‌ ഈ വിഷയം നാം പരാമര്‍ശിച്ചിരുന്നു. 

2 . പുതിയ തലമുറയുടെ ബുദ്ധിമാനത്തില്‍ ( INTELLIGENCE QUOTIENT ) വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് പാഠക്രമം മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ ഈ പഠന രീതി വളരെപ്പെട്ടെന്നു പിന്തള്ളപ്പെടുകതന്നെ ചെയ്യും.    

3 .  എതൊരു തൊഴിലിനും പരിശീലനം ആവശ്യമാണ്‌. സ്കൂളില്‍ പഠിപ്പിക്കാന്‍  T .T .C ., BEd തുടങ്ങിയ ട്രെയിനിംഗ് ആവശ്യമാണല്ലോ. എന്നാല്‍ ഇന്നത്തെ  പള്ളി ദര്സിലെ വിദ്യാര്‍ത്ഥി നാളത്തെ മദ്രസ്സ അധ്യാപകനാവുന്നു. ഈ നില മാറണം. മദ്രസ്സയില്‍ പഠിപ്പിക്കാനുള്ള ട്രെയിനിംഗ് നടപ്പിലാക്കണം.

4 . പള്ളി ദര്സിലെ പഠിതാക്കളും, മദ്രസ്സ  അധ്യാപകരുമൊക്കെ ഭക്ഷണത്തിനായി ഓരോ വീടുകള്‍ കയറിയിറങ്ങുന്ന രീതിയാണ് ഇന്നും കേരളത്തിലെ മിക്കവാറും മഹല്ലുകളില്‍ നിലനില്‍ക്കുന്നത്.  ഇത് വ്യക്തിയുടെ ആത്മാഭിമാനം കെടുത്തുന്നു. പള്ളി ദര്സുകളോടനുബന്ധിച്ചു ഒരു അടുക്കളയും മെസ്സ് സൌകര്യവും സാധ്യമാക്കുന്നതിലൂടെ പരിഹരിക്കാവുന്നതെയുള്ളൂ  ഇത്. ജോലി ആവശ്യാര്‍ത്ഥം കുടുംബത്തില്‍ നിന്ന് അകന്നു താമസിക്കുന്നവര്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്‌ ഇന്ന് സര്‍വസാധാരണമാണ്. ഗള്‍ഫില്‍ 'ബാച്ചിലേഴ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ എട്ടും പത്തും മണിക്കൂര്‍ ജോലി കഴിഞ്ഞുവന്നും കുക്ക് ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്നോര്‍ക്കണം.
  
വായനക്കാരുടെ അഭിപ്രായങ്ങളും എഴുതുമല്ലോ.
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ