അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്!

ഫേസ് ബുക്ക്‌ തുറന്നിട്ട്‌ ഒരുപാട് നാളായി. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം. സോഷ്യല്‍ സൈറ്റുകളില്‍ നിന്ന് ഒരു സ്വയംപ്രഖ്യാപിത INTERVAL എടുത്തിരിക്കുകയായിരുന്നു. വെറുതെ ഒരു ചെയിഞ്ച്. ഒന്നിലും adict  ആവരുത് എന്ന ഒരു വാശി. അത്ര തന്നെ. തീരുമാനിച്ചു ഉറപ്പിച്ചപോലെ തന്നെ - വേണമെങ്കില്‍ ഫേസ് ബുക്ക് ഇല്ലാതെയും ജീവിക്കാം - എന്ന് തിരിച്ചറിഞ്ഞു. അല്ഹമ്ദുലില്ലഹ്.

അങ്ങനെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇന്നലെ ഫേസ്ബുക്ക് തുറന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ടസിറിയയില്‍ വേദനയനുഭാവിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റിങ്ങ്‌ ആണ് ഈ കുറിപ്പിന്നാധാരം."അല്ലാഹുവെ, നിന്റെ അജയ്യമായ ശക്തി ഇസ്ലാമിന്റെ ശത്രുക്കളുടെ മേല്‍ വര്ഷിക്കണേ, ലോകമെങ്ങും കഷ്ട്ടപ്പെടുന്ന മുസ്ലിമീങ്ങള്‍ക്ക് നീ നല്ല വാര്‍ത്ത എത്തിക്കണേ" എന്നതായിരുന്നു പോസ്റ്റിങ്ങ്‌.. . 
ഉടനെ എന്റെ വക കമന്ടും ഇട്ടു. "ഇന്നത്തെ മുസ്ലീംകളുടെ അവസ്ഥ കണ്ടിട്ട്, ആരാണ് ശത്രു, ആരാണ് മിത്രം എന്ന് ഒടേതമ്പുരാനു തന്നെ ണ്ഫ്യുഷന്‍ ആയ പോലെയുണ്ട്."  ഈ കമന്ട് വായിച്ച ചിലര്‍ക്കെങ്കിലും - "ഇതെന്തപ്പിത്? ദൈവദോഷം പറയുന്നോ" -  എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൂടിയുള്ളതാണ് ഈ വിശദീകരണം.

ചില സമീപ കാല സംഭവങ്ങള്‍ :
1979 - 1988 : സോവിയറ്റ് യൂണിയന്റെ ഒമ്പത് കൊല്ലം  നീണ്ട അഫ്ഘാനിസ്ഥാന്‍ അധിനിവേശകാലത്ത് ലോക മുസ്ലീംകള്‍ സ്വാഭാവികമായും അഫ്ഘാന്‍ പക്ഷത്തായിരുന്നു. അമേരിക്കയും അന്ന് മുസ്ലിം പക്ഷത്തായിരുന്നല്ലോ. മുസ്ലീംകള്‍ അഫ്ഘാന്‍ ജനതയ്ക്ക് വേണ്ടി മനമുരുകി അല്ലാഹുവിനോട് ദുആ ചെയ്തു. 
എന്നാല്‍ സോവിയറ്റ് പിന്‍മാറ്റത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഏറെ ഖേദകരമായിരുന്നു. അഫ്ഘാന്‍ മുസ്ലീംകള്‍ ചേരി തിരിഞ്ഞു പരസ്പ്പരം പോരടിക്കാന്‍ തുടങ്ങി. അബ്ദുല്‍ റഷീദ് ദസ്ത്തൂം, ഖല്‍ബുദ്ധീന്‍ ഹിക്മാത്യാര്‍ , ജലാലുദ്ധീന്‍ ഹക്കാനി തുടങ്ങിയ പേരുകള്‍ ലോകത്ത് സുപരിചിതമായി. ലോക മുസ്ലിം ജനത ചിന്താക്കുഴപ്പത്തില്‍ . ഇതില്‍ ആര്‍ക്കു വേണ്ടി പ്രാര്‍ഥിക്കും?
പിന്നെ കണ്ടത് താലിബാന്റെ മുന്നേറ്റമാണ്. മുസ്ലീങ്ങള്‍ ഇന്നും താലിബാന്‍ വിഷയത്തില്‍ രണ്ടു ചേരിയിലാണ്.

1980 - 1988 : റഷ്യ - അഫ്ഘാന്‍ യുദ്ധത്തിന്റെ അതെ കാലത്തുതന്നെയാണ് ഇറാന്‍ - ഇറാഖു യുദ്ധവും നടന്നത്. ഇതൊരു സുന്നി, ഷിയ യുദ്ധമായിരുന്നതിനാല്‍ ആര്‍ എവിടെ നില്‍ക്കണമെന്നതിനു വ്യക്തതയുണ്ടായിരുന്നു. "നീതിയുടെ പക്ഷം" എന്നതായിരുന്നോ അതോ വംശീയ താല്‍പ്പര്യങ്ങള്‍ ആയിരുന്നോ തീരുമാനങ്ങളെ സ്വാധീനിച്ചത് എന്നതിന് ഈ ചര്‍ച്ചയില്‍ പ്രസക്ത്തിയില്ല. മുസ്ലീങ്ങള്‍ ആര്‍ക്കു വേണ്ടി പ്രാര്‍ഥിക്കും? അമേരിക്ക അന്നും സുന്നി പക്ഷത്തു ഉണ്ടായിരുന്നു.

1990 - 1991 : ഇറാഖിന്റെ കുവൈറ്റ്‌ അധിനിവേശം - '90 ആഗസ്റ്റ്‌ രണ്ടാം തിയതി മുതല്‍ ഏഴു മാസക്കാലം നീണ്ടു നിന്ന അധിനിവേശവും, അമേരിക്ക ഇടപെട്ടുള്ള മോചനവും നമ്മില്‍ പലരും TVയില്‍ LIVE ആയി കണ്ടു അനുഭവിച്ചവരാണ്. ഇവിടെയും പ്രാര്‍ഥനാ തീരുമാനം എളുപ്പമായിരുന്നു.

ഇനി ചില പഴയ കാര്യങ്ങള്‍ : 
1967 - ല്‍ നടന്ന ഈജിപ്റ്റ്‌ ഇസ്രായേല്‍ 6 day war നു തലേ ദിവസം ഇസ്രായേല്‍ പട്ടാളക്കാര്‍ പ്രാര്‍ത്ഥനാനിരധരായി കഴിച്ചു കൂട്ടിയപ്പോള്‍ , ഈജിപ്റ്റ്‌ പട്ടാള ക്യാമ്പുകളില്‍ പാട്ടും നൃത്തവും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ സമയം ലോക മുസ്ലീങ്ങള്‍ ഈജിപ്റ്റിനും ഫലസ്തീനും വേണ്ടി ദുആ ചെയ്യുകയായിരുന്നുവല്ലോ.

ഫലസ്തീന് വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കാന്‍  തുടങ്ങിയിട്ട് ദശകങ്ങള്‍ ഏറെയായി. ഇപ്പോള്‍ , ഫതഹ് നു വേണ്ടി പ്രാര്‍ഥിക്കാണോ അതോ ഹമാസിന് വേണ്ടി പ്രാര്‍ഥിക്കാണോ എന്ന ആശയക്കുഴപ്പമാണുള്ളത്‌ . 

ടുണീഷ്യ, ഈജിപ്റ്റ്‌, ലിബിയ... 
സിറിയ, ബഹ്‌റൈന്‍...
ചര്‍ച്ച ഗുണകരമെങ്കില്‍ തുടരാം. ഇന്ഷാ ആല്ലാഹ്. 

2012, മേയ് 26, ശനിയാഴ്‌ച

ദഅവ അഥവാ ഇസ്ലാമിക പ്രബോധനം -2

"ദഅവ അഥവാ ഇസ്ലാമിക പ്രബോധനം-1" എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം കൊടുത്തിരുന്ന പോസ്ടിങ്ങിനു ചിലര്‍ ബ്ലോഗിലൂടെയും മറ്റുചിലര്‍ ഇ-മെയില്‍ വഴിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി. തുടര്‍ന്നും നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
ആത്മനൊമ്പരം എന്ന ഈ ബ്ലോഗ്‌ തുടങ്ങിയതുതന്നെ "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി?" എന്ന ചര്‍ച്ചയിലൂടെയാണ്. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മിക്കവാറും എല്ലാ വിഷയങ്ങളും മേല്‍പ്പറഞ്ഞ മുഖ്യ തലക്കെട്ടിലേക്കു ലക്‌ഷ്യം വച്ചുള്ളവയാണെന്നും വായനക്കാര്‍ ഇതിനകം മനസ്സിലാക്കിയിരിക്കും.
"ദഅവ അഥവാ ഇസ്ലാമിക പ്രബോധനം-1" - ല്‍ പറഞ്ഞത് നമ്മുടെ പ്രബോധന ശൈലിയെപ്പറ്റിയായിരുന്നു. കാലികമായ രീതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പറ്റിയ - പിഴവുകള്‍ എന്ന് എനിക്ക് തോന്നിയ കാര്യങ്ങള്‍ - അക്കമിട്ടു എഴുതിയിരുന്നെങ്കിലും ആരും അതിനെ വിമര്‍ശിച്ചു കണ്ടില്ല. നല്ലത്.
വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും കൈവശമുള്ള "മുസ്ലിം സമുദായം" ആധുനിക കാലഘട്ടത്തില്‍ എന്തുകൊണ്ട് ജീവിത വിശുദ്ധിയുടെ കാര്യത്തിലടക്കം പിന്നോട്ട് പോകുന്നു? മതം പറഞ്ഞും, ഖുര്‍ആന്‍ തര്‍ജമ കൊടുത്തും വിദേശിയോട് ദഅവ ചെയ്യുന്നതോടൊപ്പം "നമ്മുടെ" ജീവിതത്തില്‍ അതിന്റെ യാതൊരു പ്രതിഫലനവും ഇല്ലെങ്കില്‍ നാം സ്വയം പരിഹാസ്യരായിപ്പോവുകയല്ലേ? ഇസ്ലാം അനുശാസിക്കുന്ന കൃത്യനിഷ്ഠ, സാമൂഹിക പ്രതിബദ്ധത മുതലായ ഗുണങ്ങള്‍ നമുക്ക് എവിടെ നഷ്ട്ടപ്പെട്ടു? ഇവയായിരുന്നു ചിന്താവിഷയം.
അതിനു ഒരു സഹോദരന്റെ മുഖ്യ ആരോപണം: വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ല്മാമെന്നു പറഞ്ഞത് ശരിതന്നെയാണ്, അത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടതും മനസ്സിലായി എന്നാല്‍ ആ equation ഉപയോഗിച്ച് എത്തിച്ചേര്‍ന്ന conclusion ആണ് പിഴച്ചത്എന്നതാണ്. അതില്‍ പരിമിതിപെടുത്തിയുള്ള ഈ രണ്ടു ജീവതവും ' നമുക്ക് ' നന്നായി എന്ന് തോന്നുന്നവിധം നന്നായാല്‍ ഇസ്ലാം പ്രതിഫലിച്ചു എന്ന് പറയുന്നതിന് തുല്യമല്ലേ അത്? എന്ന് അദ്ദേഹം ചോദിക്കുന്നു.
സാമൂഹിക ജീവിതത്തിന്റെ ചില നന്മകളാകുന്ന "ഇസ്ലാമിന്റെ ഒരു കഷണം" അവരുടെ കൈവശം ഉണ്ടെന്നല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളൂ? അതുകൊണ്ട് ഇസ്ലാം പൂര്‍ണമായി എന്നൊന്നും പറഞ്ഞിട്ടില്ലോ.
അല്‍പ്പം കൂടി വിശദമായി പറഞ്ഞാല്‍ -
1. "ഇരുട്ടുകള്‍ ഏറെയുണ്ടെങ്കിലും പ്രകാശം ഒന്നുംമാത്രം"എന്നല്ലേ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌? എങ്കില്‍പ്പിന്നെ മേല്‍പ്പറഞ്ഞ നന്മ എങ്ങനെ "ഇസ്ലാം" അല്ലാതാവും?

2. നമ്മുടെ വിശ്വാസപ്രകാരം ഏതൊരു കുഞ്ഞും ഈ ലോകത്ത് ജനിച്ചു വീഴുന്നത് മുസ്ലീമായിട്ടാണ്. അവന്റെ മാതാപിതാക്കളോ സമൂഹമോ ആണ് അവനെ"അമുസ്ലിം" ആക്കുന്നത്. ഇക്കാര്യത്തില്‍ മുസ്ലിം വീട്ടില്‍ ജനിച്ച കുട്ടിയും അമുസ്ലിം വീട്ടില്‍ ജനിച്ച കുട്ടിയും തമ്മില്‍ വ്യത്യാസമില്ലല്ലോ.
3. വിശുദ്ധ ഖുര്‍ആനും, പ്രവാചകന്‍ (സ.അ)തങ്ങളും ലോകജനതയുടെ പൊതുസ്വത്താണ്. മുസ്ലിംകളുടേത് മാത്രമല്ല എന്നല്ലേ നാം വിശ്വസിക്കുന്നത്? നമ്മള്‍ അത് സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതല്ലേ തെറ്റ്?
4. (ഒരു ഉദാഹരണം) "തുമ്മുമ്പോള്‍ 'അല്ഹമ്ദുലില്ലാഹ്' പറയാനാണെങ്കില്‍ ജര്‍മ്മന്‍കാരും അങ്ങനെ ചെയ്യുന്നത് നാം കാണുന്നു. അറബി ഭാഷയിലല്ല എന്ന് മാത്രം" - എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഞങ്ങളില്‍ ഒരാള്‍ ഓരോ പ്രാവശ്യം തുമ്മിയപ്പോളും അടുത്തിരുന്ന ജര്‍മന്‍കാരന്‍ 'God bless you' എന്ന് പറയുന്നുണ്ടായിരുന്നു! എവിടെ നിന്ന് കിട്ടി ഈ തിരിച്ചറിവ്?
ഈ അടിസ്ഥാനത്തിലാണ് നന്മകളാകുന്ന "ഇസ്ലാമിന്റെ ഒരു കഷണം" അവരുടെ കൈവശം ഉണ്ടെന്നു ഞാന്‍ പറഞ്ഞത്. ശരിയല്ലേ?
ഇനി വായനക്കാരില്‍ മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെയാണ്: "നല്ല പെരുമാറ്റം ഉള്ള ഒരാളുടെ ആദര്ശം എന്താണ് എന്നറിയുവാന്മറ്റുള്ളവര്താല്പര്യം പ്രകടിപ്പിക്കും എന്നത് വസ്തുതയാണ്. എന്നാല്അതിനെ ഉദ്ദേശിച്ചു തന്റെ ജീവിതത്തില്‍ നല്ല പെരുമാറ്റം ഒരു വിശ്വാസി നടപ്പിലാക്കുന്നു എങ്കില്അത് വിമര്ശന വിധേയമാണ്...തൌഹീദ് പറഞ്ഞാവണം പ്രബോധനം തുടങ്ങേണ്ടത് ..."
നല്ല പെരുമാറ്റവും ഇസ്ലാമും കൂടി ഒന്നിച്ചു കൊണ്ടുപോയാല്‍ നിയ്യത്ത് ശരിയാകുമോ എന്ന പേടി. അതിനാല്‍ "തൌഹീദ്" പറയുക. നല്ലപെരുമാറ്റം ഒഴിവാക്കി "നിയ്യത്ത്" ശുദ്ധമാക്കുക എന്നോ?
തൌഹീദ്, തൌഹീദ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിച്ചാല്‍ മതിയെന്നാണോ ആവോ. ഹാ കഷ്ടം... എന്നല്ലാതെ എന്ത് പറയാന്‍!
വീണ്ടും വീണ്ടും ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും വിവരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഖുര്‍ആനില്‍ എന്തെങ്കിലും കുറവുണ്ടെന്നോ, നമുക്ക് ഹദീസുകളുടെ ക്ഷാമമുണ്ടെന്നോ എന്നെനിക്കു അഭിപ്രായമില്ല എന്നാണ്. ഈ ലോകത്ത് ജീവിക്കുന്നതിനുള്ള വിഭവങ്ങളും മാര്‍ഗ്ഗദര്‍ശനവും കയ്യില്‍ ഉണ്ടായിട്ടും ഈ സമുദായം എന്തുകൊണ്ട് പരാശ്രയരായി കഴിയുന്നു എന്നതാണ് എന്റെ ചോദ്യം.
ജീവിത വ്യവഹാരങ്ങളിലെ എല്ലാ മേഖലകളിലും (അതെ എല്ലാ മേഖലകളിലും) മുസ്ലീം രാഷ്ട്രങ്ങള്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്‌. ഈ തിരിച്ചരിവുപോലും സമുദായത്തിന് നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നിടത്താണ് നമ്മുടെ ചര്‍ച്ചകള്‍ തുടങ്ങേണ്ടത്.
പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ കെട്ടുകള്‍ കൂടുതല്‍ കൂടുതല്‍ നിരത്തപ്പെടട്ടെ. അങ്ങനെ സമൂഹത്തില്‍ ഒരു തിരിച്ചറിവ് വന്നാല്‍ മാത്രമേ പരിഹാരത്തിനായി വഴി തേടുകയുള്ളൂ. തല മണലില്‍ പൂഴ്ത്തിയതുകൊണ്ട് ഒട്ടകപക്ഷിയെ ആരും കാണാതിരിക്കുന്നില്ലല്ലോ.
ഈ സമുദായത്തിനു നഷ്ട്ടപ്പെട്ട അന്തസ്സും ആഭിജാത്യവും വീണ്ടെടുത്തു, വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെട്ടതുപോലെ ഒരു ഉത്തമ, മാതൃകാ സമുദായമായിത്തീരാന്‍ അല്ലാഹു സഹായിക്കട്ടെ.

2012, മേയ് 20, ഞായറാഴ്‌ച

ദഅവ അഥവാ ഇസ്ലാമിക പ്രബോധനം-1

ലോകപ്രശസ്ത 9 /11-ന്റെയും അഫ്ഗാന്‍ യുദ്ധത്തിന്റെയും കാലം. 'മുസ്ലിംഭീകരര്'‍ അവിശ്വാസിയെ പിടിച്ചുവച്ച് കഴുത്തറുക്കുന്നത് ലോകമാകെ ടെലിവിഷനില്‍ നേരിട്ട് കണ്ടു. അതിന്റെ ആസൂത്രകര് ആഗ്രഹിച്ചതുപോലെതന്നെ ഇസ്ലാം ഫോബിയാ യൂറോപ്പില്‍ ശക്തി പ്രാപിച്ചു. ഈ സന്ദര്‍ഭത്തില്‍ തൊപ്പിയും താടിയുമായി മൂന്ന് അറബി യുവാക്കള്‍ ജര്‍മ്മനിയില്‍ വന്നു ഒരു കെട്ടിടത്തില്‍ മുറി വാടകക്കെടുത്തു താമസം തുടങ്ങുന്നു. അടുത്ത മുറിയിലെ ജര്‍മ്മന്‍ യുവാവ് അറബികളെക്കണ്ട് ഭയചികിതനാവുന്നു. അന്ന് വൈകുന്നേരം അറബികളില്‍ ഒരാള്‍ ഒരുപാത്രത്തില്‍ sweets -സുമായി.ജര്‍മ്മന്റെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നു. വാതില്‍ തുറന്ന അയാള്‍ വിറകൈകളോടെ അറബിയുടെ കയ്യില്‍ നിന്നും മധുരം വാങ്ങി നന്ദി പറഞ്ഞു വേഗം വാതിലടച്ചു അകത്തു പോകുന്നു. അന്ന് രാത്രി കഴുത്തറുപ്പന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ദുസ്വപ്നമായി വന്നു ജര്‍മ്മന്‍ യുവാവ് പരിഭ്രാന്തനാവുന്നു. ഉറക്കം നഷ്ട്ടപ്പെട്ട അദ്ദേഹം ഒരുമാസത്തെ അവധിയെടുത്ത് പിറ്റേന്ന് രാവിലെത്തന്നെ എങ്ങോട്ടോ പോകുന്നു.

ഒരുമാസം കഴിഞ്ഞു ജര്‍മ്മന്‍ തിരിച്ചെത്തി. അതാ മുന്നില്‍ വീണ്ടും പഴയ അറബി. 'ഒന്ന് നില്‍ക്കണേ' എന്ന് പറഞ്ഞു അറബി പോയി തന്റെ മുറിയില്‍ നിന്ന് ഒരുകെട്ട്‌ പത്രങ്ങളും, ഏതാനും മെയിലുകളും, ഒരു DHL കൊറിയറും ജര്‍മ്മനെ ഏല്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ 'നല്ല അയല്‍ക്കാരന്‍' ചെയ്ത സല്ക്കര്മങ്ങള്‍. ദിനേനെ വാതില്‍ക്കല്‍ വീണിരുന്ന പത്രമടക്കം എല്ലാം കൃത്യമായി ശേഖരിച്ചു വച്ചിരുന്നു.

പിന്നെ കാണുന്നത്, കിട്ടിയ സന്ദര്‍ഭത്തില്‍ അറബികള്‍ ജര്‍മ്മന്‍ അയല്‍വാസിയെ അവരുടെ റൂമിലേക്ക്‌ ഭക്ഷണത്തിനു ക്ഷണിക്കുന്നതാണ്. ഭക്ഷണത്തോടൊപ്പം അല്‍പ്പം ദഅവയും. "സഹോദരാ എന്തിനാണ് ഞങ്ങള്‍ താങ്കളെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് അറിയാന്‍ താങ്കള്‍ക്കു ആഗ്രഹം കാണുമല്ലോ. ഞങ്ങളുടെ പ്രവാചകന്‍ മുഹമ്മദ്‌ Peace be upon him പറഞ്ഞിരിക്കുന്നു, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കണമെന്ന്. ഒരു മുസ്ലിം മുസ്ലിമാവുകയില്ല, അയാള്‍ സ്വന്തത്തിനായി ആഗ്രഹിക്കുന്നത് അയല്‍ക്കാരന് വേണ്ടിക്കൂടി ആഗ്രഹിക്കുന്നതുവരെ. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചത്. മാത്രമല്ല, പ്രവാചകന് sallallaahualaihiwasallam പറഞ്ഞിരിക്കുന്നു... ഒരു മുസ്ലിം മുസ്ലിം ആവുകയില്ല... അയാളുടെ പ്രവൃത്തിയാലും കരങ്ങളാലും മറ്റുള്ളവര്‍ സുരക്ഷിതനാവാത്തകാലത്തോളം”.    ഇത് കേട്ട ജര്‍മ്മന്‍ യുവാവ് ഇസ്ലാം പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഉടനെ അറബികള്‍ ഒരു ഖുര്‍ആന്‍ പരിഭാഷ അദ്ദേഹത്തിനു നല്‍കുന്നു. അത് പഠിച്ച അദ്ദേഹം ഏറെ താമസിയാതെ ഇസ്ലാം ആശ്ലേഷിക്കുന്നു. അല്‍ഹംദുലില്ലഹ്.

ഒരു അനുഭവകഥയെ ആധാരമാക്കി നിര്‍മിച്ച Short Film - Suspicious Neighbors 2012 -ന്റെ ലിങ്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു സഹോദരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്. 10 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള പ്രസ്തുത Short Film -ന്റെ കഥാസാരമാണ് മേല്‍ വിവരിച്ചത്. നല്ല ഇതിവൃത്തം. നല്ല ഉദ്ദേശ്യം.അതിനായി പണിയെടുത്ത എല്ലാവര്ക്കും അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാരാവട്ടെ.

ഇവിടെ നമ്മുടെ ദഅവ രീതിയാണ് ഞാന്‍ ശ്രദ്ധിച്ചത്. പ്രവാചക(സ.അ)ന്റെ മാതൃകയായതിനാല്‍ ആഗോള തലത്തില്‍ തന്നെ ഈ മാതൃകയാണ് പിന്‍പറ്റുന്നത് എന്ന് തോന്നുന്നു. ക്ഷണിക്കുക, ഭക്ഷണം കൊടുക്കുക, രണ്ടുമൂന്നു ഹദീസ് പറയുക, ഒരു ഖുര്‍ആന്‍ പരിഭാഷ നല്‍കുക. ഉത്തരവാദിത്വം കഴിഞ്ഞു.

ചില സംശയങ്ങള്‍:

1.    ഇക്കാലത്ത് നമ്മള്‍ എല്ലാവരും പരസ്പരം ഉപദേശിക്കാറുണ്ട്, അപരിചിതര്‍ എന്തുതന്നാലും വാങ്ങി കഴിക്കരുതെന്ന്. ട്രെയിനിലും മറ്റും വച്ച് ജ്യൂസ്‌ കൊടുത്ത് മയക്കിയുള്ള കളവുകള്‍ സാധാരണമാണല്ലോ. അപ്പോഴാണ്‌ ഇസ്ലാം ഫോബിയയില് നില്‍ക്കുന്ന പാശ്ചാത്യന് അറബി മധുരപലഹാരവുമായി പോകുന്നത്. അത് നന്ദി പറഞ്ഞു വാങ്ങി വച്ചത് അവന്റെ മര്യാദ. ഒരു ജര്‍മ്മന്‍കാരന്‍ പോയി സൗദി അറേബ്യയില്‍ താമസിച്ചു, പിറ്റേന്ന് സ്വീറ്റുമായി അറബിയുടെ വാതിലില്‍ മുട്ടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എന്തോ ഒരു പന്തി കേടു തോന്നുന്നുണ്ടോ? 

2.    ലീവ് കഴിഞ്ഞു വരുന്ന ആള്‍ക്ക് കൊടുക്കാന്‍ ന്യൂസ്‌ പേപ്പര്‍ കളക്റ്റ് ചെയ്തു വച്ചത് സഹിക്കാം. (ഫ്ലാറ്റ്-ന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു ന്യൂസ്‌ പേപ്പര്‍ ഇടുന്ന രീതി ജര്‍മ്മനിയില്‍ ഉണ്ടോ എന്ന് അറിയില്ല). എന്നാല്‍ നമ്മുടെ നാട്ടിലെപ്പോലെ പോസ്റ്റുമാന്‍ വാതില്‍ക്കല്‍ വന്നു കത്ത് അടുത്ത വീട്ടില്‍ (അതും വിദേശിയെ) എല്പ്പിച്ചിട്ടുപോകുന്നത്, DHL courier വരെ. അതൊക്കെ അല്‍പ്പം അതിശയോക്തിപരമായിപ്പോയി. 

3.    എന്നാല്‍ ഇതൊന്നുമല്ല, സല്‍ക്കാരത്തിനിടക്ക് ഹദീസുകള്‍ ഒന്നൊന്നായി "തത്തമ്മേ പൂച്ച പൂച്ച" എന്നപോലെ ഉരുവിട്ടതാണ് ഏറ്റവും അരോചകമായി തോന്നിയത്. ഒരു മുസ്ലിം യോഗത്തില്‍ ഹദീസ് ക്ലാസ്സ്‌ എടുക്കുന്നത് പോലെ. വാക്കര്‍ത്തം ഓതി കേള്‍പ്പിക്കുന്നു. ഹദീസുകളുടെ ആശയം സ്വന്തം ഭാഷയില്‍ പ്രതിഫലിപ്പിക്കാന്‍ പോലും നമ്മുടെ 'ദായികള്‍'ക്കാവുന്നില്ല. ജര്‍മ്മന്‍ കാരന് എന്ത് sallallaahualaihiwasallam!!  

4.    അവന്റെ നാട്ടില്‍ ചെന്ന് താമസിച്ചിട്ടാണ്, മുസ്ലിം അവന്റെ കൈകൊണ്ടും കര്‍മ്മം കൊണ്ടും അയല്‍വാസിയെ സംരക്ഷിക്കും എന്ന് ഉരുവിടുന്നത് എന്നോര്‍ക്കണം. എന്ത് എവിടെ പറയണം എന്നൊന്നും നോക്കില്ല. മനപാഠം പഠിച്ചതൊക്കെ ഒന്നൊന്നായി, കിട്ടുന്ന സന്ദര്ഭത്തില്‍ ഉരുവിടുന്ന സ്വഭാവം.

ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെയാണ് നാം മനസ്സിലാക്കിയിരിക്കുന്ന പ്രബോധന രീതികള്‍.

ഇതൊക്കെ ഇപ്പോള്‍ ഇവിടെ കുറിക്കാന്‍ എന്താണ് കാര്യം എന്നല്ലേ. പറയാം. മേല്‍പ്പറഞ്ഞ കഥ നടന്ന ജര്‍മ്മനിയില്‍ നിന്നാണ് ഇപ്പോള്‍ ഞാന്‍ ഇതെഴുതുന്നത്.

സൗദി അറേബ്യയില്‍ നിന്ന് ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രോജെക്ടുമായി ബന്ധപ്പെട്ടാണ് ഇവിടെയുള്ളത്. ഞങ്ങള്‍ നാലുപേരില്‍ ഒരു സൗദി, ഒരു ഈജിപ്ത്യന്‍ പിന്നെ രണ്ടു  ഇന്ത്യക്കാരും. രാവിലെ 8:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് ഓഫീസ് സമയം. ഈജിപ്ഷ്യനെ ദിവസവും 9:00 മണിക്ക് ശേഷം ഏതു നേരവും പ്രതീക്ഷിക്കാം. സൗദി 11:00 മണിക്ക് മുന്പ് എന്തായാലും വന്നിരിക്കും. ഞങ്ങള്‍ രണ്ടു മിസ്കീന്‍ ‘ഹിന്ദി’കളാണെങ്കിലോ 8:30നു മുന്‍പ് എത്തും; ദുഷ്പ്പേരുണ്ടാക്കാന്. പറയുമ്പോള്‍ എല്ലാം പറയേണ്ടെ. തിരിച്ചു പോകുന്ന കാര്യത്തില്‍ അറബികള്‍ക്കാണ് കൃത്യനിഷ്ഠ. കൃത്യം 4:25 ആകുമ്പോള്‍ പടം മടക്കിയിരിക്കും. എങ്ങിനെയുണ്ട്?

ഉച്ചയൂണ് കമ്പനി ക്യാന്റീനില്‍ നിന്നാണ്. കൂപ്പണ്‍ തന്നിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണം എടുക്കാം. എന്നാല്‍ ഇക്കാലത്തിനിടക്ക് ഒരിക്കല്‍പ്പോലും ഒരു ജര്‍മ്മന്‍കാരന് പാത്രത്തില്‍ ഭക്ഷണം ബാക്കിയാക്കി വേസ്റ്റ് ആക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ആവശ്യത്തിനു മാത്രം എടുക്കുന്നു. അല്‍പ്പം പോലും അവശിഷ്ട്ടമില്ലാതെ പാത്രം തിരിച്ചു വയ്ക്കുന്നു. സൗദി രീതിയില്‍ ആവശ്യത്തിന്റെ ഇരട്ടി എടുത്തുകൊണ്ടുവന്നു, വലിച്ചുവാരി തിന്നു പാത്രം തിരികെ വൈക്കുന്നതാണല്ലോ അഭിമാനം‍. ഇവിടെയും ഞങ്ങള്‍ അഭിമാനം കാത്തുസൂക്ഷിക്കുന്നു.

കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചുകടക്കാന് സിഗ്നല്‍ കാത്തു നില്‍ക്കുന്നതെല്ലാം ജര്‍മ്മന്‍കാരുടെ അറിവില്ലായ്മ. വാടകക്കെടുത്ത കാറ് സിഗ്നല്‍ തെറ്റിച്ചതിനും ഓവര്‍സ്പീടിനും പിഴ ഒടുക്കുന്നതു നമ്മുടെ പയ്യന്മാര്‍ക്ക് അഭിമാനമാണ്. ഇവിടെ ഹൈവേകളില് സ്പീഡ് ലിമിറ്റ് ഇല്ല എന്നറിയുക. സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലങ്ങളില്‍ നിയമം കര്‍ശനമാണ്താനും.

സമയത്തിനു ജോലിസ്ഥലത്ത് എത്തുക, ഭക്ഷണം വേസ്റ്റ് അക്കാതിരിക്കുക, റോഡ്‌ നിയമങ്ങള്‍ പാലിക്കുക തുടങ്ങിയവയെല്ലാം 'ഇസ്ലാം' ആണോ എന്ന് അറിയില്ല. എന്നാല്‍ ഈ ജര്‍മ്മന്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുമ്പോള്‍ എങ്ങോട്ടാണ് അവര്‍ ക്ഷണിക്കപ്പെടുന്നത് എന്ന് അവര്‍ക്ക് മനസ്സിലാകുമോ എന്നതാണ് സംശയം. തുമ്മുമ്പോള്‍ 'അല്ഹമ്ദുലില്ലാഹ്' പറയാനാണെങ്കില്‍ ജര്‍മ്മന്‍കാരും അങ്ങനെ ചെയ്യുന്നത് നാം കാണുന്നു. അറബി ഭാഷയിലല്ല എന്ന് മാത്രം.

സ്വകാര്യ ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തുന്ന ഒരു കൂട്ടര്‍. സാമൂഹ്യ ജീവിതത്തില്‍ വിശുദ്ധി പുര്‍ത്തുന്നു മറ്റൊരു കൂട്ടം. വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ലാമെങ്കില്‍ ഇസ്ലാമിന്റെ ഒരു കഷണം നമ്മുടെ കൈയ്യിലും മറ്റൊരു കഷണം യൂറോപ്യരുടെ കയ്യിലുമാണെന്ന് പറയേണ്ടിവരും. അല്ലാഹ് അ'അലം. 

2012, മേയ് 11, വെള്ളിയാഴ്‌ച

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് - 2

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മാനവികത യാത്ര കഴിഞ്ഞു. അതിന്റെ കാറ്റും കോളും ഒഴിഞ്ഞ ഈ ഇടവേളയില്‍, ശാന്തമായി അല്‍പ്പമൊന്നു ചിന്തിക്കാന്‍ നമുക്ക് നേരം കണ്ടെത്താം. യാത്രകൊണ്ട് കേരളത്തില്‍ മാനവികതാ സൂചിക ഉയര്‍ന്നോ എന്നൊന്നും അളക്കാനുള്ള ഉപകരണം നമ്മുടെ പക്കല്‍ ഇല്ലാത്തതിനാല്‍ ആ ചര്‍ച്ചക്ക് പ്രസക്തിയില്ല.

കേരള യാത്ര തുടങ്ങുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്-1"എന്ന ടൈറ്റി‍ലില്‍ ഇട്ടിരുന്ന പോസ്റ്റിങ്ങിനെ അനുകൂലിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടും ഏതാനും സുഹൃത്തുക്കള്‍ ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നു. വിമര്‍ശനങ്ങളിലെ പ്രധാനമായ പോയിന്റുകള്‍:

1 . ഇത് തെറ്റാണെങ്കില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെപ്പോലുള്ള ഒരു മഹാപണ്ഡിതന്‍ ഇതിനു എങ്ങനെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു?

വേദക്കാരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുര്ആനിലെ സൂ:തൌബ ആയത്ത് 34-ല്നമ്മെ താക്കീത് ചെയ്യുന്നു: "സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട ധാരാളം പേര്ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്ഗത്തില്നിന്ന് അവരെ തടയുകയും ചെയ്യുന്നു".

ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു നൂതന ആശയവുമായി ഒരു മുസ്ലിയാര്‍ വന്നപ്പോള്‍ മേല്‍പ്പറഞ്ഞ ആയത്താണ് ആദ്യം ഓര്മ വന്നത്. ആയത്തില്‍ പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട "ധാരാളം പേര്‍" എന്ന പ്രയോഗം അടിവരയിട്ടു മനസ്സിലാക്കേണ്ടതാണ്. ഭൂരിപക്ഷം പണ്ഡിതരുടേയും, പുരോഹിതരുടെയും അവസ്ഥ ഇതാണെന്നല്ലേ അല്ലാഹു ഉണര്‍ത്തുന്നത്ചോദ്യത്തിന് നേര്‍ക്കുനേര്‍ ഉത്തരം അതാണ്‌.

സ്വന്തം സമ്പാദ്യം മുഴുവനായിത്തന്നെ ദീനിനു വേണ്ടി ചെലവഴിക്കാന്‍ മത്സരിച്ച അബൂബകര്‍ സിദ്ദിക് (റ) ഉമര്‍ ഫാറൂക്ക് (റ) മുതലായ സഹാബിവര്യരെപ്പറ്റിയും, നിലത്തു പനമ്പായില്‍ കിടന്നു ഉറങ്ങിയിരുന്ന റസൂല്‍ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ദേഹത്ത് ഇന്തപ്പന ഓലയുടെ പാടുകള്‍ പതിഞ്ഞ ചരിത്രവും, ഒരുകാലത്ത് പള്ളിക്കും മദ്രസക്കും ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ടിരുന്ന വയള് പരമ്പരകളില്‍ AP മുസ്ലിയാരില്‍ നിന്ന് തന്നെ ഏറെ കേട്ടവരാണ് നാം. അതൊക്കെ പഴയ കഥ.

പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നാണല്ലോ ചൊല്ല്. രാഷ്ട്രീയത്തെക്കാളും, വിദ്യാഭ്യാസ കച്ചവടത്തെക്കാളും, ആശുപത്രിയേക്കാളുമൊക്കെ ലാഭകരമാണ് ഇന്ന് ആത്മീയ കച്ചവടം. സ്വാമിമാരും, അമ്മമാരും, ധ്യാനകേന്ദ്രങ്ങളും, ബീവിമാരും വരെ തിരിച്ചറിഞ്ഞ ഇക്കാര്യം അല്‍പ്പം വൈകിയാണെങ്കിലും നമ്മുടെ ഉസ്താദും തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ മുസ്ലിയാരുടെ രാജകീയ യാത്ര നമ്മെ ചിന്തിപ്പിക്കേണ്ടതല്ലെ?

2 . കാന്തപുരം മുസ്ലിയാര്‍ ചെയ്തിട്ടുള്ള നല്ല നല്ല കാര്യങ്ങളാണ് മറ്റു ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പള്ളി, മദ്രസ്സാ, കോളേജ്, അനാഥാലയങ്ങള്‍ ...

തീര്‍ച്ചയായും അതൊക്കെ വലിയ കാര്യങ്ങള്‍ തന്നെ. നല്ല കാര്യങ്ങളെ നാം എന്നും ആദരിച്ചിട്ടേ ഉള്ളു. എന്നുവച്ച് വളരെ നന്മകള്‍ ചെയ്യുന്ന ഒരു വ്യക്തി ഒരു തിന്മ ചെയ്താല്‍ ആ തിന്മയും നന്മയായി ഗണിക്കാനാവുമോ? നന്മ നന്മയായും, തിന്മ തിന്മയായും തന്നെ നിലനില്‍ക്കും. നന്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം, തിന്മകള്‍ കുറഞ്ഞപക്ഷം വെറുക്കപ്പെടുകയെങ്കിലും വേണം.

3. വെറുതെ എന്തിനാണ് ഈ വിഷയത്തിലൊക്കെ ഇടപെടുന്നത്? അവരെ വെറുതെ വിട്ടേക്കുക.

"ഒരു തിന്മ കണ്ടാല്‍അത് കൈകൊണ്ടു തടയുക. അതിനു കഴിയാത്തവര്‍ നാവു കൊണ്ട് തടയുക. അതിനും കഴിയാത്തവര്‍ മനസ്സില്‍ അതിനോട് വെറുപ്പ്‌ പുലര്‍ത്തുകയെങ്കിലുംചെയ്യുക" എന്ന പ്രാവചക വചനം തന്നെയാണ് അതിനുള്ള മറുപടി.

സഹാബാക്കളില്‍ നിന്ന് പരമ്പരാഗതമായി ഇങ്ങനെ ഒരു 'തിരുകേശം' കിട്ടി എന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ സഹാബാക്കളോ ആ പരമ്പരയിലെ ആരെങ്കിലുമോ ഇതുപോലെ ഒരു പള്ളി പണിയാതിരുന്നത് എന്തുകൊണ്ട്? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പും കാന്തപുരം മുസ്ലിയാര്‍ ഒരു ‘തിരുകേശം’ ഒറിജിനല്‍ ആണെന്ന് പറഞ്ഞു പ്രദര്‍ശിപ്പിച്ചിരുന്നല്ലോ. അത് ഒറിജിനല്‍ ആയിരുന്നെങ്കില്‍ പിന്നീട് മറ്റൊരു ഒറിജിനലിന്റെ ആവശ്യം എന്തായിരുന്നു? അന്ന് നടന്നില്ല. കുറച്ചുകൂടി ആളും അര്‍ത്ഥവും ഒക്കെ ആയപ്പോള്‍ വീണ്ടും ശ്രമിക്കുന്നു എന്നതല്ലേ ശരി?

കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ടു പലരും മുസ്ലിയാരെ പ്രകീര്‍ത്തിച്ചതായി കണ്ടു. എല്ലാ ആത്മീയ കച്ചവടക്കാരെയും പോലെ കയ്യില്‍ കുറച്ചു കാശും, പിന്നില്‍ കുറച്ചു ആളുകളും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണ് ഈ ജനക്കൂട്ടം. നന്മയിലേക്ക് ക്ഷണിച്ചാലാണ് ആളെ കിട്ടാന്‍ ബുദ്ധിമുട്ട്.

എത്രയെത സാമൂഹിക തിന്മകളാണ് ഇന്ന് കേരള സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒന്നിനെതിരെ തന്റെ സംഘടനാപാടവം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. അത് തന്നെയാണ് ഈ കുറിപ്പിനുള്ള പ്രേരണയും.