അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 27, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 1


അസ്സലാമുഅലൈക്കും,
കഴിഞ്ഞ എതാനും ആഴ്ചകളായി മുസ്ലിം സമുദായത്തിന്റെ വര്‍ത്തമാനകാല അവസ്ഥകള്‍ നാം ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെന്ന് തീര്‍ച്ചയായും നാം ആഗ്രഹിക്കുന്നു. പ്രശ്നപരിഹാരമായി "വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക" - എന്ന  ഒറ്റവരി ഉത്തരം  നിര്‍ദ്ദേശിക്കപ്പെടാരുണ്ടെങ്കിലും, അതെങ്ങനെ നടപ്പാക്കും എന്നതിന് ഒരു കര്‍മപദ്ധതിയും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാല്‍ ആ വഴിക്ക് തന്നെയാവട്ടെ ആദ്യശ്രമം.
   
മുസ്ലിം സമുദായത്തിന്റെ പൊതുവിലുള്ള അവസ്ഥയാണ് സാമാന്യം വിശദമായിത്തന്നെ പ്രതിപാദിച്ചത്. സമുദായത്തിനു വന്നുഭവിച്ചിരിക്കുന്ന ഈ ജീര്‍ണ്ണത നാം കണ്ടില്ലെന്നു നടിച്ചിട്ടു  കാര്യമില്ല. ഇക്കാര്യത്തില്‍ കേരളമുസ്ലിം എന്നോഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സഹോദരന്മാര്‍ എന്നോസൗദി എന്നോബംഗ്ലാദേശ് മുസ്ലിം എന്നോ ഒന്നും വലിയ അന്തരമില്ല. ആഗോള തലത്തില്‍ തന്നെ മുസ്ലിം സമുദായത്തിനെ സ്ഥിതി ഏതാണ്ട് ഇത് തന്നെയാണ്. 

ആയതിനാല്‍ ഒരു മുസ്ലിം നവോദ്ധാനത്തിന് ഇന്ന് ഏറ്റവും അനുയോജ്യമായ ഭൂമിക കൊച്ചു കേരളം തന്നെയാണെന്ന് നിസ്സംശയം പറയാം. നെറ്റി ചുളിക്കാന്‍ വരട്ടെഅതിനുള്ള എല്ലാ ഘടകങ്ങളും മലയാളി മുസ്ലീംകളില്‍ സംയോജിരിക്കുന്നു എന്നതാണ് സത്യം.

ഏതൊരു നവോദ്ധാന മുന്നേറ്റത്തിനും അവശ്യം വേണ്ടത് കഴിവുറ്റ ഒരു നേതൃത്വമാണ്. കേരള മുസ്ലീമിന് അത് വേണ്ടുവോളം ഉണ്ട് എന്നതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ നേട്ടം. ഇത്ര സമ്പന്നമായ ഒരു നേതൃത്വമുള്ള ഏതെങ്കിലും മുസ്ലീം സമൂഹം ലോകത്ത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

പ്രവാചകന്‍ (സ.അ) യുടെ കാലത്തുതന്നെ കച്ചവടക്കാരിലൂടെ സമാധാനപരമായി ദീന്‍ കടന്നു വന്നു എന്ന പൈദൃകം നമുക്കുണ്ട്കേരള മുസ്ലീങ്ങള്‍ പൊതുവില്‍ വിദ്യാസമ്പന്നരാണ്അധ്വാനശീലരാന്മലയാളിയുടെ സാമൂഹിക അന്തരീക്ഷം സ്വതേ ശാന്തമാണ്. ഇങ്ങനെ എടുത്തു പറയാവുന്ന ഏറെ നന്മകള്‍ ഒത്തിണങ്ങിയിരിക്കുന്ന അനുഗ്രഹീതമായ ഒരു സമൂഹം. അല്‍ഹംദുലില്ലാഹ്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്വവും ഏറെ വലുതാണെന്ന് മനസ്സിലാക്കണം.  

നേതൃത്വത്തെപ്പറ്റി  പറഞ്ഞല്ലോ. കേരള മുസ്ലീങ്ങളില്‍ നല്ലൊരുഭാഗവും രണ്ടു സമസ്ത ഗ്രൂപ്പുകള്‍ രണ്ടു മുജാഹിദ് ഗ്രൂപ്പുകള്‍ തബ് ലീഗ് ജമാഅത്ത്‌ജമാഅത്തെ ഇസ്ലാമി എന്നീ ആറ് സംഘടനകളിലോന്നില്‍ അണിനിരന്നിരിക്കുന്നു എന്ന് പറയാം. ഏറ്റവും കുറഞ്ഞത്‌ കേരള മുസ്ലീങ്ങളില്‍ ഒരു മുപ്പത്തിയഞ്ചു ശതമാനം ആളുകളിലെങ്കിലും മേല്‍പ്പറഞ്ഞ സംഘടനകളുടെ സജീവ സാന്നിധ്യമുണ്ട് എന്ന് കരുതാം. ഇനി വേണ്ടത് ഈ  സംഘടനകളുടെ നേതാക്കളില്‍ പരമാവധി സ്വാര്‍ഥത (selfishness) ഉണ്ടാക്കുക എന്നത് മാത്രമാണ്. അതെ അങ്ങനെ ഒന്നുണ്ടായാല്‍ ഈ സംഘടന നേതാക്കളെല്ലാം അവരവരുടെ സ്വന്തം അനുയായികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയുംഅവരില്‍ ഇസ്ലാമിന്റെ ജീവിത ക്രമം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നോക്കുകയും ചെയ്യുമല്ലോ. 

അങ്ങനെ ഓരോ സംഘടനയിലും  "മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് തടയപ്പെട്ട നമസ്കാരക്കാരും, 'തഖ്‌വആര്‍ജിച്ച നോമ്പുകാരും" രൂപപ്പെടുന്നു. 

മേല്‍പ്പറഞ്ഞ സ്വാര്‍ഥത കാരണം ഒരു സംഘടനയും മറ്റൊരു സംഘടനാ അംഗങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കുകയില്ലകാരണം ഓരോ നേതാക്കള്‍ക്കും അറിയാം പരലോകത്ത് വച്ച് പടച്ചതമ്പുരാന്‍ ഓരോരുത്തരോടും അവരവരുടെ കീഴിലുള്ളവരെപ്പറ്റി മാത്രമാണ്  ചോദിക്കുക എന്ന്. ഒരു നേതാവിനും മറ്റുള്ളവരുടെ അനുയായികളുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ല എന്നാണല്ലോ. ഓരോ ഗൃഹനാഥനും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ളതുപോലെ.

ഇനി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ... മേല്‍പ്പറഞ്ഞ മുപ്പത്തിയഞ്ചു ശതമാനം കേരള മുസ്ലീങ്ങള്‍ കള്ളംചതിമദ്യപാനംചൂതാട്ടംപലിശ.... എന്നുവേണ്ട എല്ലാവിധ സാമൂഹിക തിന്മകളില്‍ നിന്ന് മുക്തരാവുന്നു. അങ്ങനെ മൂന്നിലൊന്നു മുസ്ലീമും ശ്രദ്ധിക്കപ്പെടുന്നതിലൂടെ പൊതു സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍  പ്രവചനാധീതം ആയിരിക്കും. മുസ്ലിം കച്ചവടക്കാരന്റെ അടുത്ത് ചെന്നാല്‍ മായം കലരാത്ത വസ്തുക്കള്‍ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടുമെന്ന അവസ്ഥ. മുസ്ലിമിന്റെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ കൃത്യമായ ചാര്‍ജെ ചോദിക്കു എന്ന് മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ മനസ്സമാധാനത്തോടെ യാത്ര ചെയ്യാം എന്ന അവസ്ഥ. മുസ്ലിം ഡോക്ടര്‍ ഒരിക്കലും അകാരണമായി സിസേറിയന്‍ നിര്‍ദ്ദേശിക്കുകയില്ല എന്ന ധൈര്യം. ഇതൊക്കെയല്ലേ പൊതുസമൂഹത്തോട്    നമുക്ക് സംവദിക്കാനുള്ളത്ഇതിലും വലിയ എന്ത് സ്നേഹസംവാദവും ഡയലോഗും

മുസ്ലീങ്ങളില്‍ വിവിധ സംഘടനകള്‍ ഉണ്ട് എന്നത് മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന് ഒരിക്കലും ദോഷകരമാവുകയില്ല എന്ന് മാത്രമല്ലഅത് ഏറെ ഗുണകരമാവുകയും ചെയ്യും എന്ന് കാണാം. കാരണം ഓരോ സംഘടനക്കും കുറച്ചു ആളുകളുടെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ.  Eat an elephant piece by piece എന്നാണല്ലോ. കഷണം കഷണം ആക്കുന്നതിലൂടെ ജോലിഭാരം കുറയും.
  
ഇനി ഈ പദ്ധതിക്ക് ഞാന്‍ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന് കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. 
മറ്റു സംഘടനകളെ 'നന്നാക്കുക'യായിരുന്നു ഇതുവരെയുള്ള നമ്മുടെ ഓരോരുത്തരുടെയും പ്രധാന കര്‍മ പദ്ധതി. പൊടിപിടിച്ചു കിടന്നിരുന്ന അവരുടെ പഴയ പത്രമാസികകള്‍ നാം എത്ര മനസ്സിരുത്തി വായിച്ചുവാദപ്രതിവാദങ്ങള്‍ നാം എത്ര നടത്തി നോക്കിപൊതുവേദികളുംയു-ട്യൂബ്ഇ-മെയില്‍ തുടങ്ങി കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍ നിന്നൊക്കെ ഒരു പിന്നോക്കം! ചിന്തിക്കാനും കൂടി ആകുന്നില്ല അല്ലെ

സാരമില്ല ഒരു ഒറ്റമൂലിയുണ്ട്. തല്‍ക്കാലം ഒരു മൌനവൃതം. കുറച്ചുകാലത്തേക്ക് ആരെന്തു പറഞ്ഞാലും പ്രതികരിക്കുകയില്ല എന്ന് ഒരു തീരുമാനം എടുക്കണം. വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു ത്യാഗം അത്രതന്നെ. 

നേതൃത്വമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതിനാല്‍ ഇതു വായിക്കുന്ന ഓരോരുത്തരും തങ്ങളുടെ സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 20, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 11 ?


പ്രിയ സഹോദരന്മാരെ, 
ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മനുഷ്യന്റെ ജീവിതസൗകര്യങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഐ.ടി. മേഖലയുടെ കടന്നു കയറ്റം  ഈ ലോകത്തെത്തന്നെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റി. അവനു വേണ്ടതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാണ് എന്ന് പറഞ്ഞാല്‍പോലും അത് അതിശയോക്തിയാവില്ല. 
എന്നിട്ടും എല്ലാവരും ആത്മസംഘര്‍ഷത്തിലാണ്. മനശ്ശാന്തി, സമാധാനം അത് എവിടെയുമില്ല. സൗകര്യങ്ങള്‍ എപ്പാടുമുണ്ടെങ്കിലും ഒന്നിനും സമയമില്ല. ഇങ്ങനെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ഉഴലുന്ന മനുഷ്യന്‍ ദൈവത്തെ തേടുന്നത് സ്വാഭാവികം. പള്ളികള്‍ , അമ്പലങ്ങള്‍ , ചര്‍ച്ചുകള്‍ , ദര്‍ഗ്ഗകള്‍ , ആശ്രമങ്ങള്‍ , ധ്യാനകേന്ദ്രങ്ങള്‍ , സിദ്ധന്മാര്‍ , സ്വാമിമാര്‍ , ആള്‍ദൈവങ്ങള്‍ , ബീവിമാര്‍ ...  ജാതിമത ഭേദമന്യേ എല്ലാവരും എല്ലായിടത്തും മനശ്ശാന്തി തേടി അലയുന്നു. അല്പം സമാധാനം, അല്പം സ്നേഹം, ഒരല്‍പം മനശ്ശാന്തി അതിനായുള്ള നെട്ടോട്ടത്തിലാണ് മനുഷ്യന്‍! അത് എവിടെനിന്ന് കിട്ടും? മതങ്ങളില്‍ നിന്ന് ശാന്തി ലഭിക്കുമോ?  

ഇസ്ലാം മതമാണ്‌ നിലവിലുള്ള മതങ്ങളില്‍ ഏറ്റവും നൂതനമായിട്ടുള്ളത്. മൂസ നബിയും (അ), ഈസ നബിയും (അ) അടക്കം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് "ഇസ്ലാം" ആണെങ്കിലും, മുഹമ്മദ്‌ നബി (സ.അ) പൂര്‍ണമായി സമര്‍പ്പിച്ച "ഇസ്ലാം ദീന്‍ " എന്ന അര്‍ത്ഥത്തിലാണ് അത് ഏറ്റവും നൂതനമായത് എന്നു പറഞ്ഞത്. 
പ്രസ്തുത ഇസ്ലാം (അഥവാ സമാധാനം) കൈമുതലായുള്ള നമുക്ക് മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ആയതിലേക്ക് ഇന്ന് നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളെ ആദ്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിനു മുന്നില്‍ ഈ ദീനിനെ അവതരിപ്പിക്കുന്ന വകയില്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മങ്ങളെയും ദീനി സേവനമായിട്ടാണ് താഴെ എണ്ണിയിരിക്കുന്നത്.  
  
1 . ദിവസം നാല് വഖ്തും, സുബഹി (സൗകര്യം പൊലെ) യും നമസ്ക്കരിക്കുന്നു എന്നതാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യുന്ന ഏറ്റവും വലിയ ദീനി സേവനം എന്നെനിക്കു തോന്നുന്നു. ദിനേന നാല് നേരം പ്രാര്‍ത്ഥനക്കായി നാം സമയം കണ്ടെത്തുന്നു എന്നത് മറ്റുള്ളവര്‍ക്ക് ഒരു അത്ഭുതമാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നു പലരും അതിശയപ്പെടുന്നതായി കണ്ടിട്ടുണ്ട്.  

2 . തൊപ്പി ധരിക്കുക എന്നതാണ് മറ്റൊരു അടയാളം. വസ്ത്രധാരണത്തിന്റെ ഭാഗമായി അത് ചെയ്യാന്‍ വൈമനസ്യമുള്ളവര്‍ പോലും ഒരു തൊപ്പി മടിയിലോ പാന്റ്സിന്റെ പോക്കറ്റിലോ കരുതുകയും  നമസ്കാര സമയത്ത് അതെടുത്തു തലയില്‍ കമഴ്ത്തുകയും ചെയ്യാറുണ്ട്. പൊതു ഉപയോഗത്തിനായി പ്ലാസ്റ്റിക്‌ തൊപ്പികളും ഓലപ്പായ് തൊപ്പികളും നാട്ടിലെ ചില പള്ളികളില്‍ കരുതിയിരിക്കുന്നത് കാണാം. സാധാരണയായി അഴുക്കുപിടിച്ചു കാണപ്പെടാറുള്ള ഇവ നമസ്കാരസമയത്ത്  എടുത്തു ധരിക്കുന്നത് സുന്നത്ത് നിലനിര്‍ത്താനല്ലെങ്കില്‍ മറ്റെന്തിനാണ്? ത്യാഗം തന്നെ.

3 . താടി രോമങ്ങള്‍ പരമാവധി നീട്ടി വളര്‍ത്തുന്നു എന്നതാണ് അടുത്ത സേവനം. പുരുഷന്റെ മുഖസൗന്ദര്യത്തിനു 'ലൌലി ക്രീം' ആണോ അതോ 'ഹാന്‍സം ക്രീം' ആണോ കൂടുതല്‍ ഫലപ്രദം എന്നു തിരിയാതെ രണ്ടും വാങ്ങി മാറിമാറി തേച്ചു നോക്കുന്ന ഇക്കാലത്ത്, താടി നീണ്ട്‌വളരാന്‍ വിടുന്നത് തീര്‍ച്ചയായും ഒരു ത്യാഗം തന്നെ.

4 . താടി വളര്‍ത്തുന്നതോടൊപ്പം മീശ വടിക്കുന്നത്‌ അടുത്ത കാലംവരെ ഒരു ത്യാഗമായി ഗണിക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ കോളേജുപിള്ളാരു മീശ വടിക്കല്‍ ഒരു ഫാഷന്‍ ആക്കി  മാറ്റിയിരിക്കുന്നു. അതിനാല്‍ ഈയൊരു സേവനത്തിന്റെ പൊതുജനശ്രദ്ധ കുറഞ്ഞുവരുന്നതായി തോന്നുന്നു. 

5 . വസ്ത്രത്തിന്റെ ഇറക്കം ഞെരിയാണിയില്‍ നിന്ന് പരമാവധി ഉയര്‍ത്തി മുട്ടുകാലിനോട് അടുപ്പിക്കലും മറ്റൊരു ദീനി സേവനമായി  കരുതാം. ഇതിനു  കഴിയാത്തവര്‍  നമസ്ക്കരിക്കാന്‍  നില്‍ക്കുമ്പോള്‍  പാന്റ്സിന്റെ അടിഭാഗം അല്‍പ്പം മടക്കിവച്ച്  സുന്നത്ത് ഒപ്പിക്കുന്നു. 

6 . ഞങ്ങളുടെ നാട്ടില്‍ (സൗദി അറേബ്യ) കണ്ടുവരുന്ന മറ്റൊരു അടയാളമാണ് പോക്കറ്റില്‍ ഒരു മിസ്‌വാക്ക് കരുതുക എന്നത്. നമസ്കാരത്തിനു നിന്നാല്‍ ഇമാം കൈകെട്ടിയ ഉടനെ  പോക്കറ്റില്‍നിന്ന് മിസ്‌വാക്ക്  എടുത്തു ദന്തശുദ്ധി വരുത്തുക, ഓഫീസില്‍ ഇരിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും വരെ ഇടയ്ക്കിടെ മിസ്‌വാക്ക് ചെയ്യുക, റമദാന്‍ മാസത്തില്‍ പകല്‍ മുഴുവന്‍ മിസ്‌വാക്ക്  കടിച്ചു പിടിച്ചു നടക്കുക എന്നിവയൊക്കെ ഇതില്‍ പെടും. കേരളത്തിലേക്ക് ഇതുവരെ ഈ ഒരു ദീനിസേവനം കാര്യമായി കടന്നുവന്നതായി കാണുന്നില്ല.

7 . മറ്റൊരു ദീനി സേവനമാണ് അറബി കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ വീട്ടിലും, വാഹനങ്ങളിലും, പൊതു സ്ഥലങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുക എന്നത്. 

8 . ഇതേ ഗണത്തില്‍ പെടുന്ന മറ്റൊരു അടയാളമാണ് മൊബൈലില്‍ റിംഗ്ടോണ്‍ , കോള്‍ വൈറ്റിംഗ് മ്യുസിക് എന്നിവയൊക്കെ ഖുര്‍ആന്‍ പാരായണം, ദുആകള്‍ എന്നിവയൊക്കെ ആക്കി, അടുത്ത് നില്‍ക്കുന്നവരിലേക്കും, ഫോണില്‍ വിളിക്കുന്നവരിലേക്കും ദീനിന്റെ സന്ദേശം എത്തിക്കുക എന്നത്.

9 . മേല്‍പ്പറഞ്ഞവയൊക്കെ ദീനിന്റെ പ്രത്യക്ഷ അടയാളമായി കാണിക്കുന്നതോടൊപ്പം, "ആരാധന അള്ളാഹുവിനോട് മാത്രമേ പാടുള്ളൂ"  എന്നു അമുസ്ലീം സഹോദരന്മാരെ ഉണര്‍ത്താനും നാം ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള നിങ്ങളുടെ ദൈവങ്ങളെയെല്ലാം വെടിഞ്ഞു ആരാധന അള്ളാഹുവിനോട് മാത്രം ആക്കുക എന്നല്ലാതെ, സത്യദീനിന്റെ മറ്റേതെങ്കിലും വശം നാം അവരോടു പറയാറുണ്ടോ? മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങി സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഏതെങ്കിലും ഒരു തിന്മക്കെതിരെ നമ്മുടെ ശബ്ദം മറ്റുള്ളവരുടെതിനേക്കാള്‍ ഉച്ചത്തില്‍ കേട്ടിട്ടുണ്ടോ? 

ഇനി ഒന്ന് ആലോചിക്കു.  ഇതാണോ അന്ത്യപ്രവാചകന്‍ നമ്മെ ഏല്‍പ്പിച്ചുപോയ കര്‍ത്തവ്യം? തീര്‍ച്ചയായും അല്ല. അതിനാല്‍ ഈ ലിസ്റ്റിലേക്ക് നിങ്ങളുടെ പക്കലുള്ള പോയിന്റുകളും ചേര്‍ക്കുക. അങ്ങനെ, ഇന്ന് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളുടെ ഒരു ഏകദേശ ചിത്രം രൂപപ്പെടുകയും തുടര്‍ന്ന് "ഇനിയെന്ത്" എന്നു നമുക്ക് ചര്‍ച്ച ചെയ്യുകയുമാവാം.
നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 13, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 10

പ്രിയ സഹോദരങ്ങളെ,
ഈ മുസ്ലിം സമുദാത്തിനെന്തു പറ്റി എന്ന ചര്‍ച്ചയുടെ തുടക്കത്തില്‍ - "ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ടു നമ്മള്‍ ബേജാറാവുകയൊന്നും വേണ്ടാ, മുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മറിച്ച്‌  മനുഷ്യ നന്മക്കായി വര്‍ത്തിക്കലാണ് " എന്നൊക്കെ പറഞ്ഞു ചിലര്‍ എന്നെ സമാശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം സമുദായത്തിന്റെ അവസ്ഥകളെ പൊതുവായി വിലയിരുത്തിയപ്പോള്‍ technology കൂടി ചര്‍ച്ചാ വിഷയമായി എന്നതിനാല്‍ , അതായിരിക്കും എന്റെ ആത്മനോമ്പരത്തിന്റെ മുഖ്യഹേതു എന്ന് തെറ്റിദ്ധരിച്ചതാവാം  കാരണം.

എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഒരു മുസ്ലിമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളായി നിര്‍ദേശിക്കപ്പെട്ട "ഇസ്ലാം കാര്യങ്ങള്‍ " ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുകയുണ്ടായല്ലോ. അതോടെ  കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കും എന്ന് കരുതുന്നു. ടെക്നോളജിയില്‍ മാത്രമല്ല, പൊതുജീവിതത്തിലും എടുത്തുപറയാവുന്ന ഒരു മേന്മയും ഈ "ഉത്തമ സമുദായ" ത്തില്‍ ദര്‍ശിക്കനാവുന്നില്ല! മൊത്തം മനുഷ്യകുലത്തിനു മാതൃകയാകേണ്ട  സമുദായം, വ്യക്തിനിയമം മുതല്‍ രാഷ്ട്രമീമാംസ വരെയുള്ള എല്ലാതലങ്ങളിലും അനുകരണ വ്യഗ്രതയിലാണ്. എല്ലാം ഞങ്ങളുടെ കൈവശം ഉണ്ടെന്നു വിളിച്ചുകൂവുകയും എന്നാല്‍ ഓരോ ആവശ്യവും അയല്‍പക്കത്തുനിന്നു വായ്പ്പ കൊള്ളേണ്ടുന്ന ഒരവസ്ഥ. 

മുസ്ലിം സമുദായം വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന നമസ്കാരം, നോമ്പ് തുടങ്ങിയ അതിമഹത്തായ അനുഷ്ഠാന കര്‍മ്മങ്ങളുടെ കാര്യമെടുത്താലോ? അനുഷ്ഠാനങ്ങള്‍ അവയുടെ  ബാഹ്യ സൗന്ദര്യത്തില്‍  മാത്രം ഒതുങ്ങി  നില്‍ക്കുന്നു. മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നമ്മെ തടയാത്ത നമസ്കാരവും, തഖ്‌വ പരിശീലിപ്പിക്കാത്ത നോമ്പും. ഇതുതന്നെയാവുമോ സമുദായത്തിന്റെ ഈ ദുരവസ്ഥയുടെ മുഖ്യ കാരണവും? 

ഏതായാലും ഇതുവരെ കിട്ടിയ ചില അഭിപ്രായ-നിര്‍ദേശങ്ങള്‍ നമുക്കൊന്ന് പരിശോദിക്കാം. 

ഭാഗം 2-ല്‍  ഒരു സഹോദരന്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നു.
The so called Muslims have neglected the teaching of Islam and run after just merely for the worldly benefits and amusements. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ എന്‍ഡോസള്‍ഫാന്‍, കൊക്കകോള തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതും മതവുമായി ബന്ധമൊന്നുമില്ല. "The best remembrance of Allah is to repeat lā ʾilāha ʾillallāh and the best prayer (duʿāʾ) is al-ḥamdu li-llāh (all praise belongs to Allah). ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുക. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം ആക്കുക. 
ഇങ്ങനെ ദുആ-പ്രാര്‍ഥനകള്‍  ചെയ്തുകൊണ്ടിരിക്കാനാണോ അള്ളാഹു അവന്റെ  ഖലീഫയായി  മനുഷ്യനെ ഈ ഭൂമിയിലേക്കയച്ചത്? പഠിക്കേണ്ടിയിരിക്കുന്നു. 
വിശുദ്ധഖുര്‍ആന്‍ വിശ്വാസത്തെയും സല്‍ക്കര്‍മ്മങ്ങളെയും (ഈമാന്‍, അമലുസ്വാലിഹാത്)  മിക്കവാറും ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. എന്തൊക്കെയാണ് ഈ സല്‍ക്കര്‍മങ്ങളുടെ  ഗണത്തില്‍ വരിക? പണ്ഡിതന്മാര്‍ പറഞ്ഞു തരട്ടെ.

ഇനി മറ്റൊരു സഹോദരന്റെ അഭിപ്രായത്തില്‍ -  
Before we say it's because we are not good in our deen, we don't make scientists, please try to understand that there are priorities in Islam. മുന്‍ഗണനാ  ക്രമം ആണ് പ്രശ്നം എന്നര്‍ത്ഥം. 
- "the priority goes to restoring the lost jewel - the Khilafah, peace, and dignity back" അതെ ഖിലാഫത്ത് തിരിച്ചുകൊണ്ടു വരുന്നതിനായി പണിയെടുക്കാനാണ് നാം മുന്‍ഗണന നല്‍കേണ്ടതത്രേ. സമൂഹത്തില്‍  ദീന്‍  ഇല്ലെങ്കിലും ഖിലാഫത്ത് തിരിച്ചു വരണമെന്നോ? ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പാകിസ്ഥാന്‍ എന്ന രാജ്യത്തെയാണ്. മുസ്ലിം സമൂഹം സാമുദായികതയുടെ പേരില്‍ നേടിയെടുത്ത ഒരു കൊച്ചു ഖിലാഫത്ത്. അങ്ങനെയുള്ള ഒരു വലിയ ഖിലാഫത്ത് മഹാ ആപത്തുതന്നെ. ഖിലാഫത്ത് ഉണ്ടായിട്ടു മുസ്ലിം ഉണ്ടാവുകയല്ല, മുസ്ലിം ഉണ്ടായിട്ടു ഖിലാഫത്ത് ഉണ്ടാവുകയാണ് വേണ്ടത് എന്ന് തോന്നുന്നു. ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.   

ഭാഗം 3-ല്‍ ഒരു സഹോദരന്‍ അഭിപ്രായപ്പെട്ടത് പോലെ "ഈമാന്‍ - അമലു സ്വലിഹാത്തുകളിലേക്ക് ഈ ഉമ്മത്തിനെ കൈപിടിച്ചു കൊണ്ടുപോയാല്‍ അള്ളാഹു ഒരിക്കല്‍ കൂടി ഈ ഉമ്മതിനു നഷ്ടപ്പെട്ടുപോയ ഇസ്സത്ത്‌ തിരിച്ചു തരും. തീര്‍ച്ച". ഇക്കാര്യത്തില്‍ എല്ലാവരും യോജിക്കും എന്ന് തോന്നുന്നു. എന്നാല്‍ എങ്ങനെ ഇത് സാധ്യമാകും എന്നതാണ് കണ്ടെത്തേണ്ടത്‌. ഒരു കര്‍മ്മപദ്ധതി (Action Plan) രൂപപ്പെടുത്താനാവട്ടെ നമ്മുടെ ശ്രമം. 
ചര്‍ച്ച തുടരാം ഇന്‍ഷാ അല്ലാഹ്. 

സ്നേഹപൂര്‍വ്വം, 
നിങ്ങളുടെ സഹോദരന്‍. 

2011, മേയ് 12, വ്യാഴാഴ്‌ച

ചിരിയും ചിന്തയും -3

- ഗോപാലാ, അടുത്തമാസം ഹജ്ജ് ചെയ്യാനായി ഞാന്‍ മക്കത്തേക്ക്  തിരിക്കുകയാണ്. ആയതിനാല്‍ ഇടപാടൊക്കെ തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുന്നു. നീ മറ്റാരുടെയെങ്കിലും കൈയില്‍ നിന്ന് കിട്ടുമോന്നു നോക്ക്. ഇനി പോയി വന്നിട്ടാവട്ടെ.
- അങ്ങനെ പറയരുത് മുതലാളി... അത്യാവശ്യമായിട്ടാണ്. ഒരു മാസം വേണ്ട... ഒരു പതിനഞ്ചു ദിവസത്തേക്ക് മതി. മുതലും പലിശയും കൃത്യം പതിനാറാം ദിവസം ഇവിടെ എത്തിക്കും. മോള്‍ ആശുപത്രിയിലാണ്. വേറെ മാര്‍ഗമില്ല... സഹായിക്കണം.
- ഹജ്ജിനു പോകുമ്പോള്‍ അങ്ങനെ ഒന്നും പാടില്ല ഗോപാലാ, നിനക്കതൊന്നും മനസ്സിലാവില്ല. ഇപ്പൊ തരാന്‍ നിവൃത്തിയില്ല. നീ പോണം. 

[ദൈവ സന്നിധിയിലേക്കല്ലേ പോകുന്നത്? പരസഹായം ചെയ്യുന്നത് അള്ളാഹുവിന് ഇഷ്ട്ടമല്ലെന്നോ?  ഗോപാലന് ഒന്നും മനസ്സിലാവുന്നില്ല. അയാള്‍ താണുകേണു ചോദിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനു മുമ്പ് ഒരിക്കലും ഹാജിയാരുടെ അടുത്തുനിന്നു വെറുംകയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ല. ഹജ്ജിനെ പഴിച്ചു അയാള്‍ തിരിച്ചു നടന്നു.]

അനുബന്ധം : ഇങ്ങനെ ഒന്നും മനസ്സിലാവാത്ത ഗോപാലന്‍മാരോട് നമ്മള്‍ "സ്നേഹ-സംവാദവും", "ഡയലോഗും" മറ്റും നടത്തി - "പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം", "അള്ളാഹു കാരുണ്യമാണ്" - എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കെങ്ങനെ മനസ്സിലാവാന്‍! 

2011, മേയ് 6, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 9


അസ്സലാമുഅലൈക്കും, 

ഓരോ വ്യക്തിയുടെയും നിര്‍ബന്ധ ബാധ്യതകളായ - ഇസ്ലാം കാര്യങ്ങള്‍ - സമകാലിക മുസ്ലിം സമൂഹം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാതാണല്ലോ നാം ഒന്നൊന്നായി പഠന വിധേയമാക്കി വരുന്നത്. ഈ വിഷയത്തില്‍ അഞ്ചാമത്തേതും അവസാനത്തേതുമായ  'ഹജ്ജ്' നമുക്കൊന്ന് വിശകലനം ചെയ്യാം.

ദേശ-ഭാഷ-സംസ്കാര...  വൈജാത്യങ്ങളെല്ലാം മറന്നു, ഒരേ വസ്ത്രം ധരിച്ചു, ഒരേ മന്ത്രം ജപിച്ചു, ദിവസങ്ങളോളം ഒരിടത്ത് ഒത്തുകൂടുന്ന ഈ മഹാസംഗമം ഒരു മഹാ സംഭവം തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  
മാനവികതയാണ് ഹജ്ജിന്റെ സന്ദേശം. 
സമൂഹത്തില്‍ അവന്‍ ഏതു സ്ഥാനത്താണെങ്കിലും ഹജ്ജിനെത്തുന്നവന്റെ സ്ഥാനം ഒന്നാണ്. ഒരേ വേഷം, ഒരേ മന്ത്രം, ഒരേ ലക്‌ഷ്യം. കറുത്തവന്‍ വെളുത്തവന്‍ , മുതലാളി തൊഴിലാളി, പണ്ഡിതന്‍ പാമരന്‍ , അറബി, അനറബി അങ്ങനെ യാതോരുവിധത്തിലുള്ള വിവേചനവും അവിടെയില്ല. ഭൂലോകത്തു സമാനതകള്‍ ഇല്ലാത്ത ഈ കര്‍മത്തിലെ 'ത്യാഗം' , 'ആദര്‍ശ ഐക്യം' എന്നീ ഘടകങ്ങള്‍ വേറിട്ട ഒരനുഭവം തന്നെ!

എന്നാല്‍ ഈ ഒത്തുകൂടലില്‍ നിന്ന് ഇന്നത്തെ മുസ്ലിം സമുദായം എന്ത് പഠിക്കുന്നു? നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയവയില്‍ എന്നതുപോലെതന്നെ, ഹജ്ജിലും അതിന്റെ ബാഹ്യരൂപങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. ഈയടുത്ത കാലംവരെ നമ്മുടെ നാട്ടില്‍ , ജീവിതമൊക്കെ ഒരുമാതിരി ജീവിച്ചുതീര്‍ത്ത വൃദ്ധജനങ്ങള്‍ക്കുള്ള ഒരു പരിപാടിയായിട്ടാണ് ഹജ്ജ് കര്‍മ്മം ഗണിക്കപ്പെട്ടിരുന്നത്. "ഇനി ഇപ്പൊ ഒന്നിനും വയ്യാ... ഒരു ഹജ്ജു ചെയ്തു വന്നു വിശ്രമജീവിതം ആകാം. കച്ചവടമൊക്കെ ഇനി മക്കള്‍ നോക്കി നടത്തട്ടെ" എന്ന ഒരു നിസ്സങ്കത. 
കാലം മാറി. ഹജ്ജിനു പോയിവരുന്ന യുവജനങ്ങള്‍ വളരെയേറെയുണ്ട് ഇന്ന്. ഹജ്ജ് നിര്‍ബന്ധമില്ലെങ്കിലും കുട്ടികളെയും കൂടെകൂട്ടുവാന്‍ നാം പ്രാപ്തരായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.
തീര്‍ഥയാത്രയുടെ രൂപത്തിലും കാതലായ മാറ്റം വന്നു. കാല്‍നടയും, കപ്പല്‍ യാത്രയും ഒന്നും പുതുതലമുറ കേട്ടിട്ടുപോലുമില്ല. കാലഘട്ടത്തിനനുസരിച്ചു യാത്രാ / താമസ / ഭക്ഷണ സൗകര്യങ്ങള്‍ കൂടുന്നതിനാല്‍  'ത്യാഗം' എന്നത്, ഹജ്ജിനായി 'ചെലവഴിക്കുന്ന സമയം' മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് അതൊരു വലിയ ത്യാഗം തന്നെ, തീര്‍ച്ച.   
ത്യാഗപരിശ്രമങ്ങളുടെ കാര്യം അങ്ങനെ ആണെങ്കില്‍ ആദര്‍ശ ഐക്യത്തിന്റെ കാര്യമോ? ഹജ്ജിനും, റമദാനില്‍ ഉംറക്കും മറ്റും പോയി ലോക മുസ്ലീംകളെ നേരില്‍ പരിചയപ്പെട്ടു വന്നവരില്‍ അങ്ങനെ എന്തെങ്കിലും ഒരു ഐക്യനീക്കം  കാണാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം നിസ്കാരത്തില്‍ കൈ കേട്ടുന്നവനേയും കേട്ടാത്തവനേയും, ഖുനൂത് ഓതുന്നവനേയും ഓതാത്തവനേയും, തറാവിഹ് എട്ടുകാരനേയും  ഇരുപതുകാരനേയും ഉള്‍ക്കൊള്ളാന്‍ പോന്നവിധം വിശാലമാണ് ഈ ദീന്‍ എന്ന ഒരു ലളിത സത്യമെങ്കിലും മനസ്സിലാവാതെ വരുമായിരുന്നോ? എന്നാല്‍ ഓരോരുത്തനും സ്വന്തം  -വട്ടത്തില്‍ നിന്ന് പുറത്തേക്കൊന്നു എത്തി നോക്കാന്‍ പോലും മെനക്കെടുന്നില്ല. 

അങ്ങനെ, ഹജ്ജ് ടൂര്‍ ആയി പരിണമിക്കപ്പെട്ട ഹജ്ജ് തീര്‍ഥാടനം വര്‍ഷാവര്‍ഷം നിര്‍വഹിച്ചു നാം സായൂജ്യം കൊള്ളുന്നു. ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഴിവുള്ള, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധം ആകുന്നുള്ളൂ എന്നതൊന്നും നമുക്ക് ബാധകമല്ല!
എന്നിട്ടോ? ഇസ്ലാമിന്റെ മാനവികതയോ വിശാലതയോ തെല്ലുപോലും ഉള്‍ക്കൊള്ളാതെ വിഭാഗിയതയും മാത്സര്യബുദ്ധിയും മനസ്സില്‍ പേറി 'സമാധാനമായി' (ഇസ്ലാം എന്നാല്‍ സമാധാനം എന്നാണല്ലോ) കഴിയാന്‍ നമ്മള്‍ പഠിച്ചിരിക്കുന്നു.  

അതെ വീണ്ടും കര്‍മങ്ങള്‍ക്കായുള്ള ഒരു കര്‍മ്മം. ഹജ്ജ്. 
ഈ മുസ്ലിം സമുദായത്തിനെന്തു  പറ്റി?