അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, ജൂലൈ 14, വ്യാഴാഴ്‌ച

ചിരിയും ചിന്തയും - 4

ആത്മഗതം :
വെള്ളിയാഴ്ചയായാല്‍ ആകെ ടെന്‍ഷന്‍ ആണ്. 
ദിവസം മൊത്തം ടെന്‍ഷന്‍.
ജുമുഅക്ക് പോകണമല്ലോ എന്ന ടെന്‍ഷന്‍ ഉച്ച വരെ.
ഉച്ചകഴിഞ്ഞാല്‍ പിന്നെ, ജുമുഅക്ക് പോയില്ലല്ലോ എന്ന ടെന്‍ഷന്‍!

2011, ജൂലൈ 8, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം ... ചില നിര്‍ദ്ദേശങ്ങള്‍ - 4

തലശ്ശേരി  സംവാദം - ല അല്ല യില്‍ തല കറങ്ങി വീണ നൌഷാദ്
ഹുകൂമത്തെ ഇലാഹി ends
അന്യസ്ത്രീകളുമായി ഇനി ബൈക്കില്‍ ചുറ്റാം    
മടവൂരിയന്‍ കുപ്രചരണങ്ങള്‍ക്ക്  അക്കമിട്ടു മറുപടി
ജിന്നും സിഹ്റും മാസപ്പിറവിയും -  മടവൂര്‍ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു
പട്ടികള്‍ കുരക്കട്ടെ. ആക്ഷേപിക്കാതിരിക്കുക
മുടി കിട്ടിയ കാന്തപുരവും ഗതിമുട്ടിയ ഭക്തരും
മുഴുവന്‍ മുജാഹിദുകളും മുശ്‌രിക്കുകളാണോ 
Where is Allah - ഖുബൂരികളുടെ  വിശ്വാസം  കുഫ്റിയത്തിലേക്ക്  
സിദ്ധീഖിനെ രക്ഷിക്കാന്‍ മടവൂര്‍ വിഭാഗം
മടവൂരി ചാരന്‍ പിടിയില്‍
സഖാഫിമാര്‍ കൂട്ടത്തോടെ വന്ന ആറ്റിങ്ങല്‍ മുഖാമുഖം
ജീവിത സാക്ഷാത്കാരം ഭൌതിക നന്മകളിലല്ല  - മുജാഹിദ് ബാലുശ്ശേരി
exposing abuizza (mankadas)  in KNM
ജമാഅത്തുകാര്‍ - പൊട്ടത്തരത്തിനു കയ്യും കാലും മുളച്ച മുഴുവട്ടന്മാര്‍
തിരുശേഷിപ്പ്  public speech at manama yatheem masjid
കേരളത്തില്‍  ആദ്യമായിട്ടാണ്  ഈ  ഊത്ത്  നടക്കുന്നത് 
മടവൂര്‍ പ്രഭാഷണം  - ഹുസൈന്‍  സലഫി 
ചരിത്രത്തെ  തെറ്റിദ്ധരിപ്പിക്കുന്ന  JI
Flash News: ഖസരജിയുടെ  തിരുകേശം  ബോംബെയില്‍  നിന്ന് 
ഖുറാഫികളുടെ അല്ലാഹുവും നബിയും തൌഹീദും 
ഇസ്തിഗാസ reply to cherumba  
As in Thurkey good salafis will support welfare party led by Islamist
ഖുറാഫിച്ചി വീണ്ടും പൊങ്ങി നുണ ചാക്കുകളുമായി 
കാന്തപുരത്തിന്റെ തെരഞ്ഞെടുത്ത നുണകള്‍    
ജിന്ന്‍, സിഹ്ര്‍ മടവൂരികള്‍ നിരാശയില്‍
നുണപ്പള്ളിയുടെ  അവസാനത്തെ ആണി
ജിന്നിനോടെ പ്രാര്‍ഥിക്കാം എന്ന് ഇസ്ലാഹ് മാസികയില്‍ എവിടെ
വഹാബിസത്തിന്റെ ക്രിസ്ത്യ ബന്ധം
ജമാഅത്തുകാര്‍ ഇസ്ലാമിനെ അവഹേളിക്കുന്നു


അസ്സലാമുഅലൈകും, 
ഇക്കഴിഞ്ഞ  പതിനഞ്ചു  ദിസങ്ങള്‍ക്കുള്ളില്‍  എന്റെ  ഒരു   ഇ-മെയില്‍ ബോക്സില്‍  വന്ന നൂറ്റിഅമ്പതോളം  "ഇസ്ലാമിക" പാഠങ്ങളുടെ തലക്കെട്ടുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ എഴുത്തുകുത്തുകളില്‍ക്കൂടി ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായ ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്:
1 . forward -കള്‍ ഏകദേശം 150 വരുമെങ്കിലും സ്ഥിരം എഴുത്തുകാരുടെ എണ്ണം 23 -ല്‍ കൂടുകയില്ല. അതായത് അക്ഷരമാല ക്രമത്തില്‍ പറഞ്ഞാല്‍ അബ്ദുള്ള മുതല്‍ സക്കറിയ വരെയുള്ള നമ്മുടെ മഹാന്മാരായ ഈ 23 എഴുത്തുകാര്‍ ഒന്ന് മനസ്സുവച്ചാല്‍ കുറെയേറെ സഹോദരന്മാരുടെ വിലപ്പെട്ട സമയം വൃഥാവിലാകാതെ കഴിയുമായിരുന്നു. അല്ലാഹുവിന്റെ പ്രീതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതായിരിക്കും കൂടുതല്‍ ഫലപ്രദം; കാരണം നിങ്ങളുടെ ഇത്തരത്തിലുള്ള ഈ-മെയില്‍ വായിച്ചു ആര്‍ക്കെങ്കിലും മനംമാറ്റം വരുമെന്ന് തോന്നുന്നുണ്ടോ? 
2 . എഴുത്തുകളില്‍ ഒന്നില്‍ പോലും ഗുണകാംക്ഷയുടെ കണികപോലും കാണാനാവുകയില്ല. പ്രതിയോഗി യാതൊരു കാരണവശാലും തന്റെ പക്ഷത്തേക്ക് വരരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ളതു പോലെയുള്ള ഭാഷാ പ്രയോഗങ്ങള്‍ . ഖുറാഫി, ഖുറാഫിച്ചി, മടവൂരി, ഇഖ്വാനി, മുജാഹില്‍ , മൌദൂദി, ഖുബൂരി  തുടങ്ങി അസംഖ്യം സാങ്കേതിക പദങ്ങള്‍ മലയാള ഭാഷയ്ക്ക്‌ സമ്മാനിക്കുന്നുണ്ടെങ്കിലും ഇതില്‍ ഒന്ന് പോലും മറ്റൊരു സാഹിത്യ രചനയിലും പ്രയോജനപ്പെടുന്നവയല്ല.  
3 . ഏറ്റവും ഖേദകരമായിത്തോന്നിയ മറ്റൊരു വസ്തുത, ഈ ചര്‍ച്ചകളില്‍  പണ്ഡിതനും പാമരനും ഭാഷാപരമായി ഒരേ നിലവാരം പുലര്‍ത്തുന്നു എന്നതാണ്.  എല്ലാവരും ഒരേ പ്ലാറ്റ്ഫോമില്‍ നിന്നാണ് സംസാരിക്കുന്നത്. ഏതെങ്കിലും പൊതു വിഷയം കൊടുത്താല്‍ നിലവാരമുള്ള ഒരു പ്രബന്ധം തന്നെ തയ്യാറാക്കുവാന്‍ കഴിവുള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാറും പ്രൊഫസര്‍മാരും വരെ 'ദീനി' വിഷയത്തില്‍ വളരെ പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പു കുത്തുന്നു. വിദ്യാഭ്യാസമുള്ള ഇക്കൂട്ടര്‍ നിലവാരം കുറഞ്ഞ  "വെല്ലുവിളികള്‍ " നടത്തുന്നത് അപഹാസ്യമാണ്.
4 . ഇ-മെയില്‍ സൃഷ്ടിച്ചവര്‍ തന്നെ അത് ഉപയോഗിക്കുന്നതിന്റെ ചില മര്യാദകളും പറഞ്ഞു തന്നിട്ടുണ്ട്. CAPITAL LETTER , BOLD FONT , RED COLOUR FONT തുടങ്ങിയവക്കു  ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍  ഉണ്ടെന്നു അറിയുക. എന്നാല്‍ ഈ വക മര്യാദകള്‍ നമ്മുടെ മെയിലുകളില്‍ തീരെ പാലിച്ചു കാണുന്നില്ല. ഇനി അഥവാ സായിപ്പില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ മടി ആണെങ്കില്‍ 'ഗുണകാംക്ഷയും', പ്രതിപക്ഷ ബഹുമാനവും മറ്റും ആശയ സംവാദങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ഖുര്‍ആനിക / ഹദീസ് അധ്യായനങ്ങള്‍ പാലിക്കാമല്ലോ.

"സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രന്ജ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ  സൂക്ഷിക്കുകയും  ചെയ്യുക. നിങ്ങള്‍ക്ക്  കാരുണ്യം  ലഭിച്ചേക്കാം. സത്യവിശ്വാസികളെ, ഒരുജനവിഭാഗവും മറ്റൊരു ജന വിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍ ) അവരേക്കാള്‍ നല്ലവരായിരുന്നേക്കാം.....നിങ്ങള്‍ അന്യോന്യം കുത്ത് വാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ചു പരസ്പരം അപമാനിക്കുകയും അരുത്....(വിശുദ്ധ  ഖുര്‍ആന്‍  49:10 ,11)"

[അദ്ധ്യായം 40 (ഹുജുറാത്) 10 , 11 ആയത്തുകളുടെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണ് മേലെ കൊടുത്തിരിക്കുന്നത്. യാതൊരു വിശദീകരണവും ആവശ്യമില്ലാത്ത വിധം പടച്ച തമ്പുരാന്‍ നമ്മോടു നേരിട്ട് സംവദിക്കുന്നു. ഇതില്‍പ്പരം എന്ത് തെളിവാണ് നമുക്ക് വേണ്ടത്?നിര്‍ത്തിക്കൂടെ നമ്മുടെ ഈ ദീനി സേവനം]

അല്ലാഹു അനുഗ്രഹിക്കട്ടെ,
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.

2011, ജൂൺ 10, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 3

അസ്സലാമുഅലൈക്കും, 
മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് തീര്‍ച്ചയായും ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നമ്മള്‍ , അതിനായി ചില നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ദീനി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് പറഞ്ഞുവച്ചത്.

അടുത്തതായി എടുത്തു പറയേണ്ടുന്ന കാര്യം സാമ്പത്തിക വിഷയമാണെന്ന് തോന്നുന്നു. സക്കാത്ത് നിര്‍ബ്ബന്ധമാക്കുകയും പലിശ കര്‍ശനമായി നിരോധിക്കുകയും ചെയ്തതിലൂടെ സാമ്പത്തിക വിഷയത്തിന് ദൈവികമതം അതിരറ്റ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. മാത്രമോ, "ദാരിദ്രം കുഫിര്‍ലേക്ക് നയിക്കും"  എന്ന തിരുവചനവും  ദാരിദ്ര നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കേണ്ടത്തിന്റെ അനിവാര്യത വിളിച്ചോതുന്നു. മനുഷ്യനെ കുഫിറില്‍ നിന്ന് കൈപിടിച്ച് തൌഹീദിലേക്ക് നയിക്കുക എന്നതാണല്ലോ ഓരോ മുസ്ലിമിന്റെയും ഒരു പ്രധാന കടമ? 

പലിശ വാങ്ങുന്നവനെയും, കൊടുക്കുന്നവനെയും മാത്രമല്ല അതിന്റെ കണക്കെഴുതുന്നവനെവരെ അതികഠിനമായി വിമര്‍ശിക്കുന്ന ഖുര്‍ആന്‍ ഭാഗം, ഈ വിഷയകരമായി നടത്തപ്പെടുന്ന ഏതൊരു പ്രഭാഷണത്തിലേയും മുഖ്യ താക്കീതായിരിക്കും. "പലിശ ഹറാം, എന്നാല്‍ കച്ചവടം ഹലാല്‍ " എന്ന മറുമരുന്നും  ഇതോടൊപ്പം കുറിച്ചു കൊടുക്കും. എന്നാല്‍ ഇതിന്റെ പ്രായോഗിക വശത്തെപ്പറ്റി കാര്യമായ വല്ല ചര്‍ച്ചയും നടന്നു കണ്ടിട്ടുണ്ടോ? 

നാല് കാശ് കയ്യില്‍ വന്നാല്‍ ഉടനെ പോയി ചെയ്യാവുന്ന ഒരു ക്രിയയാണോ ഈ കച്ചവടം എന്നത്? (അതുകൊണ്ട് നാല് കാശ് കയ്യില്‍ വന്നാല്‍ എല്ലാവരും ഉടനെ ബ്ലേഡ് കമ്പനി തുടങ്ങണം എന്നൊന്നും ദയവായി തിരിച്ചു വായിച്ചേക്കല്ലേ.) ഒരു സാധാരണ മുസ്ലിം തികച്ചും ചിന്താക്കുഴപ്പത്തിലാണ്. 

ശമ്പളം കിട്ടിയ തുകയില്‍ നിന്ന് അല്‍പ്പം നാളത്തേക്ക് മാറ്റി വയ്ക്കാം എന്ന് വച്ചാല്‍ .... ബാങ്കില്‍ ഇട്ടാല്‍ പലിശ. വീട്ടില്‍ പൊതിഞ്ഞുകെട്ടി വച്ചാല്‍ അതവിടെ ഇരിക്കില്ല; എന്ന് മാത്രമല്ല അത് സുരക്ഷിതവും ആവുകയില്ല. കൂടാതെ പണത്തിന്റെ മൂല്യത്തില്‍ വരുന്ന ഇടിവ് വേറെയും. പിന്നെന്തു ചെയ്യും?പണ്ഡിതന്മാര്‍ പറയട്ടെ.  ഇസ്ലാമിക ബാങ്ക് എന്ന ആശയം  ഒരു യാഥാര്‍ത്ഥ്യം ആകുന്നതുവരെ കാത്തിരിക്കുകയെ തല്‍ക്കാലം തരമുള്ളൂ എന്ന് തോന്നുന്നു.    

ഇനി മറ്റൊരു കഥ. സ്കൂള്‍ഫീസ്‌ അടക്കാനുള്ള അവസാന ദിവസം ആകുമ്പോഴും, അത്യാവശ്യം ഒരു ആസ്പത്രി കേസ് വരുമ്പോഴുമൊക്കെ കയ്യില്‍ കിടക്കുന്ന വള ഊരി അഞ്ഞൂറോ ആയിരമോ രൂപക്കായി പണയം വെക്കാന്‍ ഓടുന്ന വീട്ടമ്മയെ കാണാം. ഈ സന്ദര്‍ഭങ്ങളില്‍ ഇവര്‍ പലിശ കൊടുക്കാതെ മറ്റെന്തു ചെയ്യും? 
അതെ ഇവിടെ നമ്മുടെ മഹല്ലുകള്‍  ഉയര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അല്‍പ്പം ഇച്ചാശക്തിയുണ്ടെങ്കില്‍ ഇത്തരം ആവശ്യക്കാര്‍ക്കായിട്ടെങ്കിലും  ഒരു പലിശരഹിത നിധി വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതെയുള്ളൂ. 

സക്കാത്തിന്റെ കേന്ദ്രീകൃതമായ സംഭരണവും വിതരണവും കൊണ്ടും മഹല്ലിനെ കൊച്ചുകൊച്ചു പലിശ ഇടപാടുകളില്‍ നിന്ന് രക്ഷിക്കാനാവും.  
അള്ളാഹു സഹായിക്കട്ടെ.

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 2


അസ്സലാമുഅലൈക്കും,
കേരളത്തില്‍ നിലവിലുള്ള ഓരോ മുസ്ലിം സംഘടനകളും അവരവരുടെ അനുയായികളെ ദീനുല്‍ ഇസ്ലാമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളും സാമൂഹിക ബാധ്യതകളും പരിശീലിപ്പിക്കുന്നതിലൂടെ മാത്രം നാട്ടില്‍ പ്രകടമാകാവുന്ന  വിപ്ലവകരമായ മാറ്റത്തെക്കുറിച്ചാണ് നാം പറഞ്ഞു വന്നത്. സംഘടനാ നേതാക്കള്‍ അല്‍പ്പമൊന്നു മനസ്സുവച്ചാല്‍ വളരെ എളുപ്പം നേടിയെടുക്കാവുന്നതേയുള്ളു ഇത്. നിലവിലുള്ള പരിതസ്ഥിതിയില്‍ ഇതിലും എളുപ്പമോ ഫലപ്രദമോ ആയ മറ്റൊരു മാര്‍ഗവും ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. 

"കണ്ണാടി കാണ്മോളവും തന്നുടെ മുഖാമേറ്റം
നന്നെന്നു നിരൂപിക്കു മെത്രയും വിരൂപന്മാര്‍
മറ്റുള്ള ജനങ്ങളെ കുറ്റങ്ങള്‍ പറഞ്ഞിടു
മൊട്ടുതന്നുടെ കുറ്റമൊന്നറികയുമില്ലാ
കുറ്റമില്ലാത്തെ ജനം കുറ്റമുള്ളവരേയു
മൊട്ടു നിന്ദിക്കയില്ല, തന്നുടെ ഗുണങ്ങളാല്‍ ....."
എത്ര അര്‍ത്ഥവത്തായ കവിവാക്യം.

അതെ, മറ്റുള്ളവരെ കുറ്റം പറയാന്‍ സമയം പാഴാക്കാതെ സ്വന്തം അനുയായികളുടെ ആത്മസംസ്ക്കരണത്തിനായി പണിയെടുക്കാന്‍ ഓരോ സംഘടനയും സത്യസന്ധമായി തീരുമാനിക്കുക.  തീര്‍ച്ചയായും ഏറെ ആത്മവിശ്വാസവും, ദൃഡനിശ്ചയവും ആവശ്യമായ ഒരു നടപടിയാണിത്. എന്നാല്‍ അതിന്റെ പരിണതഫലം ഇഹത്തിലും പരത്തിലും അതിമാഹത്തായിരിക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ.  
         
അടുത്തപടിയായി നാം ചെയ്യണ്ടത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ്. 
വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നതുകൊണ്ട്‌ ഇവിടെ അര്‍ത്ഥമാക്കുന്നത് ദീനി വിദ്യാഭ്യാസവും ഭൌതിക വിദ്യാഭ്യാസവും ഉള്‍പ്പെട്ട വിശാലമായ മേഖലയാണെങ്കിലും, ദീനി വിദ്യാഭ്യാസ സമ്പന്ധമായിട്ടാണ് പ്രധാനമായും നമ്മുടെ ചര്‍ച്ച. കാരണം  ഭൌതിക വിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ എടുത്തു പോരുന്നുണ്ട്. എന്നാല്‍ ദീനി വിദ്യാഭ്യാസമേഖല വര്‍ഷങ്ങളായി ഏതാണ്ട് ഒരേ നില തുടരുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍.

 ചില നിര്‍ദ്ദേശങ്ങള്‍ കുറിക്കാം:  
1 . ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മറ്റു ഭാഷകള്‍ പഠിക്കുന്നത് പോലെ അറബി ഭാഷയും അര്‍ഥം മനസ്സിലാക്കി പഠിക്കുന്ന രീതി വരണം. അറബി അക്ഷരമാല മാത്രം സ്വായത്തമാക്കി "ഞാന്‍ ഖുര്‍ആന്‍ പഠിച്ചിരിക്കുന്നു" എന്ന് കരുതുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിയെ തീരു. ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി -  എന്ന ഭാഗത്ത്‌ ഈ വിഷയം നാം പരാമര്‍ശിച്ചിരുന്നു. 

2 . പുതിയ തലമുറയുടെ ബുദ്ധിമാനത്തില്‍ ( INTELLIGENCE QUOTIENT ) വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് പാഠക്രമം മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ ഈ പഠന രീതി വളരെപ്പെട്ടെന്നു പിന്തള്ളപ്പെടുകതന്നെ ചെയ്യും.    

3 .  എതൊരു തൊഴിലിനും പരിശീലനം ആവശ്യമാണ്‌. സ്കൂളില്‍ പഠിപ്പിക്കാന്‍  T .T .C ., BEd തുടങ്ങിയ ട്രെയിനിംഗ് ആവശ്യമാണല്ലോ. എന്നാല്‍ ഇന്നത്തെ  പള്ളി ദര്സിലെ വിദ്യാര്‍ത്ഥി നാളത്തെ മദ്രസ്സ അധ്യാപകനാവുന്നു. ഈ നില മാറണം. മദ്രസ്സയില്‍ പഠിപ്പിക്കാനുള്ള ട്രെയിനിംഗ് നടപ്പിലാക്കണം.

4 . പള്ളി ദര്സിലെ പഠിതാക്കളും, മദ്രസ്സ  അധ്യാപകരുമൊക്കെ ഭക്ഷണത്തിനായി ഓരോ വീടുകള്‍ കയറിയിറങ്ങുന്ന രീതിയാണ് ഇന്നും കേരളത്തിലെ മിക്കവാറും മഹല്ലുകളില്‍ നിലനില്‍ക്കുന്നത്.  ഇത് വ്യക്തിയുടെ ആത്മാഭിമാനം കെടുത്തുന്നു. പള്ളി ദര്സുകളോടനുബന്ധിച്ചു ഒരു അടുക്കളയും മെസ്സ് സൌകര്യവും സാധ്യമാക്കുന്നതിലൂടെ പരിഹരിക്കാവുന്നതെയുള്ളൂ  ഇത്. ജോലി ആവശ്യാര്‍ത്ഥം കുടുംബത്തില്‍ നിന്ന് അകന്നു താമസിക്കുന്നവര്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്‌ ഇന്ന് സര്‍വസാധാരണമാണ്. ഗള്‍ഫില്‍ 'ബാച്ചിലേഴ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ എട്ടും പത്തും മണിക്കൂര്‍ ജോലി കഴിഞ്ഞുവന്നും കുക്ക് ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്നോര്‍ക്കണം.
  
വായനക്കാരുടെ അഭിപ്രായങ്ങളും എഴുതുമല്ലോ.
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.

2011, മേയ് 27, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 1


അസ്സലാമുഅലൈക്കും,
കഴിഞ്ഞ എതാനും ആഴ്ചകളായി മുസ്ലിം സമുദായത്തിന്റെ വര്‍ത്തമാനകാല അവസ്ഥകള്‍ നാം ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെന്ന് തീര്‍ച്ചയായും നാം ആഗ്രഹിക്കുന്നു. പ്രശ്നപരിഹാരമായി "വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക" - എന്ന  ഒറ്റവരി ഉത്തരം  നിര്‍ദ്ദേശിക്കപ്പെടാരുണ്ടെങ്കിലും, അതെങ്ങനെ നടപ്പാക്കും എന്നതിന് ഒരു കര്‍മപദ്ധതിയും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാല്‍ ആ വഴിക്ക് തന്നെയാവട്ടെ ആദ്യശ്രമം.
   
മുസ്ലിം സമുദായത്തിന്റെ പൊതുവിലുള്ള അവസ്ഥയാണ് സാമാന്യം വിശദമായിത്തന്നെ പ്രതിപാദിച്ചത്. സമുദായത്തിനു വന്നുഭവിച്ചിരിക്കുന്ന ഈ ജീര്‍ണ്ണത നാം കണ്ടില്ലെന്നു നടിച്ചിട്ടു  കാര്യമില്ല. ഇക്കാര്യത്തില്‍ കേരളമുസ്ലിം എന്നോഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സഹോദരന്മാര്‍ എന്നോസൗദി എന്നോബംഗ്ലാദേശ് മുസ്ലിം എന്നോ ഒന്നും വലിയ അന്തരമില്ല. ആഗോള തലത്തില്‍ തന്നെ മുസ്ലിം സമുദായത്തിനെ സ്ഥിതി ഏതാണ്ട് ഇത് തന്നെയാണ്. 

ആയതിനാല്‍ ഒരു മുസ്ലിം നവോദ്ധാനത്തിന് ഇന്ന് ഏറ്റവും അനുയോജ്യമായ ഭൂമിക കൊച്ചു കേരളം തന്നെയാണെന്ന് നിസ്സംശയം പറയാം. നെറ്റി ചുളിക്കാന്‍ വരട്ടെഅതിനുള്ള എല്ലാ ഘടകങ്ങളും മലയാളി മുസ്ലീംകളില്‍ സംയോജിരിക്കുന്നു എന്നതാണ് സത്യം.

ഏതൊരു നവോദ്ധാന മുന്നേറ്റത്തിനും അവശ്യം വേണ്ടത് കഴിവുറ്റ ഒരു നേതൃത്വമാണ്. കേരള മുസ്ലീമിന് അത് വേണ്ടുവോളം ഉണ്ട് എന്നതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ നേട്ടം. ഇത്ര സമ്പന്നമായ ഒരു നേതൃത്വമുള്ള ഏതെങ്കിലും മുസ്ലീം സമൂഹം ലോകത്ത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

പ്രവാചകന്‍ (സ.അ) യുടെ കാലത്തുതന്നെ കച്ചവടക്കാരിലൂടെ സമാധാനപരമായി ദീന്‍ കടന്നു വന്നു എന്ന പൈദൃകം നമുക്കുണ്ട്കേരള മുസ്ലീങ്ങള്‍ പൊതുവില്‍ വിദ്യാസമ്പന്നരാണ്അധ്വാനശീലരാന്മലയാളിയുടെ സാമൂഹിക അന്തരീക്ഷം സ്വതേ ശാന്തമാണ്. ഇങ്ങനെ എടുത്തു പറയാവുന്ന ഏറെ നന്മകള്‍ ഒത്തിണങ്ങിയിരിക്കുന്ന അനുഗ്രഹീതമായ ഒരു സമൂഹം. അല്‍ഹംദുലില്ലാഹ്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്വവും ഏറെ വലുതാണെന്ന് മനസ്സിലാക്കണം.  

നേതൃത്വത്തെപ്പറ്റി  പറഞ്ഞല്ലോ. കേരള മുസ്ലീങ്ങളില്‍ നല്ലൊരുഭാഗവും രണ്ടു സമസ്ത ഗ്രൂപ്പുകള്‍ രണ്ടു മുജാഹിദ് ഗ്രൂപ്പുകള്‍ തബ് ലീഗ് ജമാഅത്ത്‌ജമാഅത്തെ ഇസ്ലാമി എന്നീ ആറ് സംഘടനകളിലോന്നില്‍ അണിനിരന്നിരിക്കുന്നു എന്ന് പറയാം. ഏറ്റവും കുറഞ്ഞത്‌ കേരള മുസ്ലീങ്ങളില്‍ ഒരു മുപ്പത്തിയഞ്ചു ശതമാനം ആളുകളിലെങ്കിലും മേല്‍പ്പറഞ്ഞ സംഘടനകളുടെ സജീവ സാന്നിധ്യമുണ്ട് എന്ന് കരുതാം. ഇനി വേണ്ടത് ഈ  സംഘടനകളുടെ നേതാക്കളില്‍ പരമാവധി സ്വാര്‍ഥത (selfishness) ഉണ്ടാക്കുക എന്നത് മാത്രമാണ്. അതെ അങ്ങനെ ഒന്നുണ്ടായാല്‍ ഈ സംഘടന നേതാക്കളെല്ലാം അവരവരുടെ സ്വന്തം അനുയായികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയുംഅവരില്‍ ഇസ്ലാമിന്റെ ജീവിത ക്രമം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നോക്കുകയും ചെയ്യുമല്ലോ. 

അങ്ങനെ ഓരോ സംഘടനയിലും  "മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് തടയപ്പെട്ട നമസ്കാരക്കാരും, 'തഖ്‌വആര്‍ജിച്ച നോമ്പുകാരും" രൂപപ്പെടുന്നു. 

മേല്‍പ്പറഞ്ഞ സ്വാര്‍ഥത കാരണം ഒരു സംഘടനയും മറ്റൊരു സംഘടനാ അംഗങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കുകയില്ലകാരണം ഓരോ നേതാക്കള്‍ക്കും അറിയാം പരലോകത്ത് വച്ച് പടച്ചതമ്പുരാന്‍ ഓരോരുത്തരോടും അവരവരുടെ കീഴിലുള്ളവരെപ്പറ്റി മാത്രമാണ്  ചോദിക്കുക എന്ന്. ഒരു നേതാവിനും മറ്റുള്ളവരുടെ അനുയായികളുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ല എന്നാണല്ലോ. ഓരോ ഗൃഹനാഥനും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ളതുപോലെ.

ഇനി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ... മേല്‍പ്പറഞ്ഞ മുപ്പത്തിയഞ്ചു ശതമാനം കേരള മുസ്ലീങ്ങള്‍ കള്ളംചതിമദ്യപാനംചൂതാട്ടംപലിശ.... എന്നുവേണ്ട എല്ലാവിധ സാമൂഹിക തിന്മകളില്‍ നിന്ന് മുക്തരാവുന്നു. അങ്ങനെ മൂന്നിലൊന്നു മുസ്ലീമും ശ്രദ്ധിക്കപ്പെടുന്നതിലൂടെ പൊതു സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍  പ്രവചനാധീതം ആയിരിക്കും. മുസ്ലിം കച്ചവടക്കാരന്റെ അടുത്ത് ചെന്നാല്‍ മായം കലരാത്ത വസ്തുക്കള്‍ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടുമെന്ന അവസ്ഥ. മുസ്ലിമിന്റെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ കൃത്യമായ ചാര്‍ജെ ചോദിക്കു എന്ന് മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ മനസ്സമാധാനത്തോടെ യാത്ര ചെയ്യാം എന്ന അവസ്ഥ. മുസ്ലിം ഡോക്ടര്‍ ഒരിക്കലും അകാരണമായി സിസേറിയന്‍ നിര്‍ദ്ദേശിക്കുകയില്ല എന്ന ധൈര്യം. ഇതൊക്കെയല്ലേ പൊതുസമൂഹത്തോട്    നമുക്ക് സംവദിക്കാനുള്ളത്ഇതിലും വലിയ എന്ത് സ്നേഹസംവാദവും ഡയലോഗും

മുസ്ലീങ്ങളില്‍ വിവിധ സംഘടനകള്‍ ഉണ്ട് എന്നത് മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന് ഒരിക്കലും ദോഷകരമാവുകയില്ല എന്ന് മാത്രമല്ലഅത് ഏറെ ഗുണകരമാവുകയും ചെയ്യും എന്ന് കാണാം. കാരണം ഓരോ സംഘടനക്കും കുറച്ചു ആളുകളുടെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ.  Eat an elephant piece by piece എന്നാണല്ലോ. കഷണം കഷണം ആക്കുന്നതിലൂടെ ജോലിഭാരം കുറയും.
  
ഇനി ഈ പദ്ധതിക്ക് ഞാന്‍ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന് കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. 
മറ്റു സംഘടനകളെ 'നന്നാക്കുക'യായിരുന്നു ഇതുവരെയുള്ള നമ്മുടെ ഓരോരുത്തരുടെയും പ്രധാന കര്‍മ പദ്ധതി. പൊടിപിടിച്ചു കിടന്നിരുന്ന അവരുടെ പഴയ പത്രമാസികകള്‍ നാം എത്ര മനസ്സിരുത്തി വായിച്ചുവാദപ്രതിവാദങ്ങള്‍ നാം എത്ര നടത്തി നോക്കിപൊതുവേദികളുംയു-ട്യൂബ്ഇ-മെയില്‍ തുടങ്ങി കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍ നിന്നൊക്കെ ഒരു പിന്നോക്കം! ചിന്തിക്കാനും കൂടി ആകുന്നില്ല അല്ലെ

സാരമില്ല ഒരു ഒറ്റമൂലിയുണ്ട്. തല്‍ക്കാലം ഒരു മൌനവൃതം. കുറച്ചുകാലത്തേക്ക് ആരെന്തു പറഞ്ഞാലും പ്രതികരിക്കുകയില്ല എന്ന് ഒരു തീരുമാനം എടുക്കണം. വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു ത്യാഗം അത്രതന്നെ. 

നേതൃത്വമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതിനാല്‍ ഇതു വായിക്കുന്ന ഓരോരുത്തരും തങ്ങളുടെ സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 20, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 11 ?


പ്രിയ സഹോദരന്മാരെ, 
ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മനുഷ്യന്റെ ജീവിതസൗകര്യങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഐ.ടി. മേഖലയുടെ കടന്നു കയറ്റം  ഈ ലോകത്തെത്തന്നെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റി. അവനു വേണ്ടതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാണ് എന്ന് പറഞ്ഞാല്‍പോലും അത് അതിശയോക്തിയാവില്ല. 
എന്നിട്ടും എല്ലാവരും ആത്മസംഘര്‍ഷത്തിലാണ്. മനശ്ശാന്തി, സമാധാനം അത് എവിടെയുമില്ല. സൗകര്യങ്ങള്‍ എപ്പാടുമുണ്ടെങ്കിലും ഒന്നിനും സമയമില്ല. ഇങ്ങനെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ഉഴലുന്ന മനുഷ്യന്‍ ദൈവത്തെ തേടുന്നത് സ്വാഭാവികം. പള്ളികള്‍ , അമ്പലങ്ങള്‍ , ചര്‍ച്ചുകള്‍ , ദര്‍ഗ്ഗകള്‍ , ആശ്രമങ്ങള്‍ , ധ്യാനകേന്ദ്രങ്ങള്‍ , സിദ്ധന്മാര്‍ , സ്വാമിമാര്‍ , ആള്‍ദൈവങ്ങള്‍ , ബീവിമാര്‍ ...  ജാതിമത ഭേദമന്യേ എല്ലാവരും എല്ലായിടത്തും മനശ്ശാന്തി തേടി അലയുന്നു. അല്പം സമാധാനം, അല്പം സ്നേഹം, ഒരല്‍പം മനശ്ശാന്തി അതിനായുള്ള നെട്ടോട്ടത്തിലാണ് മനുഷ്യന്‍! അത് എവിടെനിന്ന് കിട്ടും? മതങ്ങളില്‍ നിന്ന് ശാന്തി ലഭിക്കുമോ?  

ഇസ്ലാം മതമാണ്‌ നിലവിലുള്ള മതങ്ങളില്‍ ഏറ്റവും നൂതനമായിട്ടുള്ളത്. മൂസ നബിയും (അ), ഈസ നബിയും (അ) അടക്കം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് "ഇസ്ലാം" ആണെങ്കിലും, മുഹമ്മദ്‌ നബി (സ.അ) പൂര്‍ണമായി സമര്‍പ്പിച്ച "ഇസ്ലാം ദീന്‍ " എന്ന അര്‍ത്ഥത്തിലാണ് അത് ഏറ്റവും നൂതനമായത് എന്നു പറഞ്ഞത്. 
പ്രസ്തുത ഇസ്ലാം (അഥവാ സമാധാനം) കൈമുതലായുള്ള നമുക്ക് മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ആയതിലേക്ക് ഇന്ന് നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളെ ആദ്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിനു മുന്നില്‍ ഈ ദീനിനെ അവതരിപ്പിക്കുന്ന വകയില്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മങ്ങളെയും ദീനി സേവനമായിട്ടാണ് താഴെ എണ്ണിയിരിക്കുന്നത്.  
  
1 . ദിവസം നാല് വഖ്തും, സുബഹി (സൗകര്യം പൊലെ) യും നമസ്ക്കരിക്കുന്നു എന്നതാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യുന്ന ഏറ്റവും വലിയ ദീനി സേവനം എന്നെനിക്കു തോന്നുന്നു. ദിനേന നാല് നേരം പ്രാര്‍ത്ഥനക്കായി നാം സമയം കണ്ടെത്തുന്നു എന്നത് മറ്റുള്ളവര്‍ക്ക് ഒരു അത്ഭുതമാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നു പലരും അതിശയപ്പെടുന്നതായി കണ്ടിട്ടുണ്ട്.  

2 . തൊപ്പി ധരിക്കുക എന്നതാണ് മറ്റൊരു അടയാളം. വസ്ത്രധാരണത്തിന്റെ ഭാഗമായി അത് ചെയ്യാന്‍ വൈമനസ്യമുള്ളവര്‍ പോലും ഒരു തൊപ്പി മടിയിലോ പാന്റ്സിന്റെ പോക്കറ്റിലോ കരുതുകയും  നമസ്കാര സമയത്ത് അതെടുത്തു തലയില്‍ കമഴ്ത്തുകയും ചെയ്യാറുണ്ട്. പൊതു ഉപയോഗത്തിനായി പ്ലാസ്റ്റിക്‌ തൊപ്പികളും ഓലപ്പായ് തൊപ്പികളും നാട്ടിലെ ചില പള്ളികളില്‍ കരുതിയിരിക്കുന്നത് കാണാം. സാധാരണയായി അഴുക്കുപിടിച്ചു കാണപ്പെടാറുള്ള ഇവ നമസ്കാരസമയത്ത്  എടുത്തു ധരിക്കുന്നത് സുന്നത്ത് നിലനിര്‍ത്താനല്ലെങ്കില്‍ മറ്റെന്തിനാണ്? ത്യാഗം തന്നെ.

3 . താടി രോമങ്ങള്‍ പരമാവധി നീട്ടി വളര്‍ത്തുന്നു എന്നതാണ് അടുത്ത സേവനം. പുരുഷന്റെ മുഖസൗന്ദര്യത്തിനു 'ലൌലി ക്രീം' ആണോ അതോ 'ഹാന്‍സം ക്രീം' ആണോ കൂടുതല്‍ ഫലപ്രദം എന്നു തിരിയാതെ രണ്ടും വാങ്ങി മാറിമാറി തേച്ചു നോക്കുന്ന ഇക്കാലത്ത്, താടി നീണ്ട്‌വളരാന്‍ വിടുന്നത് തീര്‍ച്ചയായും ഒരു ത്യാഗം തന്നെ.

4 . താടി വളര്‍ത്തുന്നതോടൊപ്പം മീശ വടിക്കുന്നത്‌ അടുത്ത കാലംവരെ ഒരു ത്യാഗമായി ഗണിക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ കോളേജുപിള്ളാരു മീശ വടിക്കല്‍ ഒരു ഫാഷന്‍ ആക്കി  മാറ്റിയിരിക്കുന്നു. അതിനാല്‍ ഈയൊരു സേവനത്തിന്റെ പൊതുജനശ്രദ്ധ കുറഞ്ഞുവരുന്നതായി തോന്നുന്നു. 

5 . വസ്ത്രത്തിന്റെ ഇറക്കം ഞെരിയാണിയില്‍ നിന്ന് പരമാവധി ഉയര്‍ത്തി മുട്ടുകാലിനോട് അടുപ്പിക്കലും മറ്റൊരു ദീനി സേവനമായി  കരുതാം. ഇതിനു  കഴിയാത്തവര്‍  നമസ്ക്കരിക്കാന്‍  നില്‍ക്കുമ്പോള്‍  പാന്റ്സിന്റെ അടിഭാഗം അല്‍പ്പം മടക്കിവച്ച്  സുന്നത്ത് ഒപ്പിക്കുന്നു. 

6 . ഞങ്ങളുടെ നാട്ടില്‍ (സൗദി അറേബ്യ) കണ്ടുവരുന്ന മറ്റൊരു അടയാളമാണ് പോക്കറ്റില്‍ ഒരു മിസ്‌വാക്ക് കരുതുക എന്നത്. നമസ്കാരത്തിനു നിന്നാല്‍ ഇമാം കൈകെട്ടിയ ഉടനെ  പോക്കറ്റില്‍നിന്ന് മിസ്‌വാക്ക്  എടുത്തു ദന്തശുദ്ധി വരുത്തുക, ഓഫീസില്‍ ഇരിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും വരെ ഇടയ്ക്കിടെ മിസ്‌വാക്ക് ചെയ്യുക, റമദാന്‍ മാസത്തില്‍ പകല്‍ മുഴുവന്‍ മിസ്‌വാക്ക്  കടിച്ചു പിടിച്ചു നടക്കുക എന്നിവയൊക്കെ ഇതില്‍ പെടും. കേരളത്തിലേക്ക് ഇതുവരെ ഈ ഒരു ദീനിസേവനം കാര്യമായി കടന്നുവന്നതായി കാണുന്നില്ല.

7 . മറ്റൊരു ദീനി സേവനമാണ് അറബി കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ വീട്ടിലും, വാഹനങ്ങളിലും, പൊതു സ്ഥലങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുക എന്നത്. 

8 . ഇതേ ഗണത്തില്‍ പെടുന്ന മറ്റൊരു അടയാളമാണ് മൊബൈലില്‍ റിംഗ്ടോണ്‍ , കോള്‍ വൈറ്റിംഗ് മ്യുസിക് എന്നിവയൊക്കെ ഖുര്‍ആന്‍ പാരായണം, ദുആകള്‍ എന്നിവയൊക്കെ ആക്കി, അടുത്ത് നില്‍ക്കുന്നവരിലേക്കും, ഫോണില്‍ വിളിക്കുന്നവരിലേക്കും ദീനിന്റെ സന്ദേശം എത്തിക്കുക എന്നത്.

9 . മേല്‍പ്പറഞ്ഞവയൊക്കെ ദീനിന്റെ പ്രത്യക്ഷ അടയാളമായി കാണിക്കുന്നതോടൊപ്പം, "ആരാധന അള്ളാഹുവിനോട് മാത്രമേ പാടുള്ളൂ"  എന്നു അമുസ്ലീം സഹോദരന്മാരെ ഉണര്‍ത്താനും നാം ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള നിങ്ങളുടെ ദൈവങ്ങളെയെല്ലാം വെടിഞ്ഞു ആരാധന അള്ളാഹുവിനോട് മാത്രം ആക്കുക എന്നല്ലാതെ, സത്യദീനിന്റെ മറ്റേതെങ്കിലും വശം നാം അവരോടു പറയാറുണ്ടോ? മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങി സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഏതെങ്കിലും ഒരു തിന്മക്കെതിരെ നമ്മുടെ ശബ്ദം മറ്റുള്ളവരുടെതിനേക്കാള്‍ ഉച്ചത്തില്‍ കേട്ടിട്ടുണ്ടോ? 

ഇനി ഒന്ന് ആലോചിക്കു.  ഇതാണോ അന്ത്യപ്രവാചകന്‍ നമ്മെ ഏല്‍പ്പിച്ചുപോയ കര്‍ത്തവ്യം? തീര്‍ച്ചയായും അല്ല. അതിനാല്‍ ഈ ലിസ്റ്റിലേക്ക് നിങ്ങളുടെ പക്കലുള്ള പോയിന്റുകളും ചേര്‍ക്കുക. അങ്ങനെ, ഇന്ന് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളുടെ ഒരു ഏകദേശ ചിത്രം രൂപപ്പെടുകയും തുടര്‍ന്ന് "ഇനിയെന്ത്" എന്നു നമുക്ക് ചര്‍ച്ച ചെയ്യുകയുമാവാം.
നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 13, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 10

പ്രിയ സഹോദരങ്ങളെ,
ഈ മുസ്ലിം സമുദാത്തിനെന്തു പറ്റി എന്ന ചര്‍ച്ചയുടെ തുടക്കത്തില്‍ - "ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ടു നമ്മള്‍ ബേജാറാവുകയൊന്നും വേണ്ടാ, മുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മറിച്ച്‌  മനുഷ്യ നന്മക്കായി വര്‍ത്തിക്കലാണ് " എന്നൊക്കെ പറഞ്ഞു ചിലര്‍ എന്നെ സമാശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം സമുദായത്തിന്റെ അവസ്ഥകളെ പൊതുവായി വിലയിരുത്തിയപ്പോള്‍ technology കൂടി ചര്‍ച്ചാ വിഷയമായി എന്നതിനാല്‍ , അതായിരിക്കും എന്റെ ആത്മനോമ്പരത്തിന്റെ മുഖ്യഹേതു എന്ന് തെറ്റിദ്ധരിച്ചതാവാം  കാരണം.

എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഒരു മുസ്ലിമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളായി നിര്‍ദേശിക്കപ്പെട്ട "ഇസ്ലാം കാര്യങ്ങള്‍ " ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുകയുണ്ടായല്ലോ. അതോടെ  കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കും എന്ന് കരുതുന്നു. ടെക്നോളജിയില്‍ മാത്രമല്ല, പൊതുജീവിതത്തിലും എടുത്തുപറയാവുന്ന ഒരു മേന്മയും ഈ "ഉത്തമ സമുദായ" ത്തില്‍ ദര്‍ശിക്കനാവുന്നില്ല! മൊത്തം മനുഷ്യകുലത്തിനു മാതൃകയാകേണ്ട  സമുദായം, വ്യക്തിനിയമം മുതല്‍ രാഷ്ട്രമീമാംസ വരെയുള്ള എല്ലാതലങ്ങളിലും അനുകരണ വ്യഗ്രതയിലാണ്. എല്ലാം ഞങ്ങളുടെ കൈവശം ഉണ്ടെന്നു വിളിച്ചുകൂവുകയും എന്നാല്‍ ഓരോ ആവശ്യവും അയല്‍പക്കത്തുനിന്നു വായ്പ്പ കൊള്ളേണ്ടുന്ന ഒരവസ്ഥ. 

മുസ്ലിം സമുദായം വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന നമസ്കാരം, നോമ്പ് തുടങ്ങിയ അതിമഹത്തായ അനുഷ്ഠാന കര്‍മ്മങ്ങളുടെ കാര്യമെടുത്താലോ? അനുഷ്ഠാനങ്ങള്‍ അവയുടെ  ബാഹ്യ സൗന്ദര്യത്തില്‍  മാത്രം ഒതുങ്ങി  നില്‍ക്കുന്നു. മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നമ്മെ തടയാത്ത നമസ്കാരവും, തഖ്‌വ പരിശീലിപ്പിക്കാത്ത നോമ്പും. ഇതുതന്നെയാവുമോ സമുദായത്തിന്റെ ഈ ദുരവസ്ഥയുടെ മുഖ്യ കാരണവും? 

ഏതായാലും ഇതുവരെ കിട്ടിയ ചില അഭിപ്രായ-നിര്‍ദേശങ്ങള്‍ നമുക്കൊന്ന് പരിശോദിക്കാം. 

ഭാഗം 2-ല്‍  ഒരു സഹോദരന്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നു.
The so called Muslims have neglected the teaching of Islam and run after just merely for the worldly benefits and amusements. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ എന്‍ഡോസള്‍ഫാന്‍, കൊക്കകോള തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതും മതവുമായി ബന്ധമൊന്നുമില്ല. "The best remembrance of Allah is to repeat lā ʾilāha ʾillallāh and the best prayer (duʿāʾ) is al-ḥamdu li-llāh (all praise belongs to Allah). ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുക. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം ആക്കുക. 
ഇങ്ങനെ ദുആ-പ്രാര്‍ഥനകള്‍  ചെയ്തുകൊണ്ടിരിക്കാനാണോ അള്ളാഹു അവന്റെ  ഖലീഫയായി  മനുഷ്യനെ ഈ ഭൂമിയിലേക്കയച്ചത്? പഠിക്കേണ്ടിയിരിക്കുന്നു. 
വിശുദ്ധഖുര്‍ആന്‍ വിശ്വാസത്തെയും സല്‍ക്കര്‍മ്മങ്ങളെയും (ഈമാന്‍, അമലുസ്വാലിഹാത്)  മിക്കവാറും ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. എന്തൊക്കെയാണ് ഈ സല്‍ക്കര്‍മങ്ങളുടെ  ഗണത്തില്‍ വരിക? പണ്ഡിതന്മാര്‍ പറഞ്ഞു തരട്ടെ.

ഇനി മറ്റൊരു സഹോദരന്റെ അഭിപ്രായത്തില്‍ -  
Before we say it's because we are not good in our deen, we don't make scientists, please try to understand that there are priorities in Islam. മുന്‍ഗണനാ  ക്രമം ആണ് പ്രശ്നം എന്നര്‍ത്ഥം. 
- "the priority goes to restoring the lost jewel - the Khilafah, peace, and dignity back" അതെ ഖിലാഫത്ത് തിരിച്ചുകൊണ്ടു വരുന്നതിനായി പണിയെടുക്കാനാണ് നാം മുന്‍ഗണന നല്‍കേണ്ടതത്രേ. സമൂഹത്തില്‍  ദീന്‍  ഇല്ലെങ്കിലും ഖിലാഫത്ത് തിരിച്ചു വരണമെന്നോ? ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പാകിസ്ഥാന്‍ എന്ന രാജ്യത്തെയാണ്. മുസ്ലിം സമൂഹം സാമുദായികതയുടെ പേരില്‍ നേടിയെടുത്ത ഒരു കൊച്ചു ഖിലാഫത്ത്. അങ്ങനെയുള്ള ഒരു വലിയ ഖിലാഫത്ത് മഹാ ആപത്തുതന്നെ. ഖിലാഫത്ത് ഉണ്ടായിട്ടു മുസ്ലിം ഉണ്ടാവുകയല്ല, മുസ്ലിം ഉണ്ടായിട്ടു ഖിലാഫത്ത് ഉണ്ടാവുകയാണ് വേണ്ടത് എന്ന് തോന്നുന്നു. ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.   

ഭാഗം 3-ല്‍ ഒരു സഹോദരന്‍ അഭിപ്രായപ്പെട്ടത് പോലെ "ഈമാന്‍ - അമലു സ്വലിഹാത്തുകളിലേക്ക് ഈ ഉമ്മത്തിനെ കൈപിടിച്ചു കൊണ്ടുപോയാല്‍ അള്ളാഹു ഒരിക്കല്‍ കൂടി ഈ ഉമ്മതിനു നഷ്ടപ്പെട്ടുപോയ ഇസ്സത്ത്‌ തിരിച്ചു തരും. തീര്‍ച്ച". ഇക്കാര്യത്തില്‍ എല്ലാവരും യോജിക്കും എന്ന് തോന്നുന്നു. എന്നാല്‍ എങ്ങനെ ഇത് സാധ്യമാകും എന്നതാണ് കണ്ടെത്തേണ്ടത്‌. ഒരു കര്‍മ്മപദ്ധതി (Action Plan) രൂപപ്പെടുത്താനാവട്ടെ നമ്മുടെ ശ്രമം. 
ചര്‍ച്ച തുടരാം ഇന്‍ഷാ അല്ലാഹ്. 

സ്നേഹപൂര്‍വ്വം, 
നിങ്ങളുടെ സഹോദരന്‍. 

2011, മേയ് 12, വ്യാഴാഴ്‌ച

ചിരിയും ചിന്തയും -3

- ഗോപാലാ, അടുത്തമാസം ഹജ്ജ് ചെയ്യാനായി ഞാന്‍ മക്കത്തേക്ക്  തിരിക്കുകയാണ്. ആയതിനാല്‍ ഇടപാടൊക്കെ തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുന്നു. നീ മറ്റാരുടെയെങ്കിലും കൈയില്‍ നിന്ന് കിട്ടുമോന്നു നോക്ക്. ഇനി പോയി വന്നിട്ടാവട്ടെ.
- അങ്ങനെ പറയരുത് മുതലാളി... അത്യാവശ്യമായിട്ടാണ്. ഒരു മാസം വേണ്ട... ഒരു പതിനഞ്ചു ദിവസത്തേക്ക് മതി. മുതലും പലിശയും കൃത്യം പതിനാറാം ദിവസം ഇവിടെ എത്തിക്കും. മോള്‍ ആശുപത്രിയിലാണ്. വേറെ മാര്‍ഗമില്ല... സഹായിക്കണം.
- ഹജ്ജിനു പോകുമ്പോള്‍ അങ്ങനെ ഒന്നും പാടില്ല ഗോപാലാ, നിനക്കതൊന്നും മനസ്സിലാവില്ല. ഇപ്പൊ തരാന്‍ നിവൃത്തിയില്ല. നീ പോണം. 

[ദൈവ സന്നിധിയിലേക്കല്ലേ പോകുന്നത്? പരസഹായം ചെയ്യുന്നത് അള്ളാഹുവിന് ഇഷ്ട്ടമല്ലെന്നോ?  ഗോപാലന് ഒന്നും മനസ്സിലാവുന്നില്ല. അയാള്‍ താണുകേണു ചോദിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനു മുമ്പ് ഒരിക്കലും ഹാജിയാരുടെ അടുത്തുനിന്നു വെറുംകയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ല. ഹജ്ജിനെ പഴിച്ചു അയാള്‍ തിരിച്ചു നടന്നു.]

അനുബന്ധം : ഇങ്ങനെ ഒന്നും മനസ്സിലാവാത്ത ഗോപാലന്‍മാരോട് നമ്മള്‍ "സ്നേഹ-സംവാദവും", "ഡയലോഗും" മറ്റും നടത്തി - "പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം", "അള്ളാഹു കാരുണ്യമാണ്" - എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കെങ്ങനെ മനസ്സിലാവാന്‍! 

2011, മേയ് 6, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 9


അസ്സലാമുഅലൈക്കും, 

ഓരോ വ്യക്തിയുടെയും നിര്‍ബന്ധ ബാധ്യതകളായ - ഇസ്ലാം കാര്യങ്ങള്‍ - സമകാലിക മുസ്ലിം സമൂഹം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാതാണല്ലോ നാം ഒന്നൊന്നായി പഠന വിധേയമാക്കി വരുന്നത്. ഈ വിഷയത്തില്‍ അഞ്ചാമത്തേതും അവസാനത്തേതുമായ  'ഹജ്ജ്' നമുക്കൊന്ന് വിശകലനം ചെയ്യാം.

ദേശ-ഭാഷ-സംസ്കാര...  വൈജാത്യങ്ങളെല്ലാം മറന്നു, ഒരേ വസ്ത്രം ധരിച്ചു, ഒരേ മന്ത്രം ജപിച്ചു, ദിവസങ്ങളോളം ഒരിടത്ത് ഒത്തുകൂടുന്ന ഈ മഹാസംഗമം ഒരു മഹാ സംഭവം തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  
മാനവികതയാണ് ഹജ്ജിന്റെ സന്ദേശം. 
സമൂഹത്തില്‍ അവന്‍ ഏതു സ്ഥാനത്താണെങ്കിലും ഹജ്ജിനെത്തുന്നവന്റെ സ്ഥാനം ഒന്നാണ്. ഒരേ വേഷം, ഒരേ മന്ത്രം, ഒരേ ലക്‌ഷ്യം. കറുത്തവന്‍ വെളുത്തവന്‍ , മുതലാളി തൊഴിലാളി, പണ്ഡിതന്‍ പാമരന്‍ , അറബി, അനറബി അങ്ങനെ യാതോരുവിധത്തിലുള്ള വിവേചനവും അവിടെയില്ല. ഭൂലോകത്തു സമാനതകള്‍ ഇല്ലാത്ത ഈ കര്‍മത്തിലെ 'ത്യാഗം' , 'ആദര്‍ശ ഐക്യം' എന്നീ ഘടകങ്ങള്‍ വേറിട്ട ഒരനുഭവം തന്നെ!

എന്നാല്‍ ഈ ഒത്തുകൂടലില്‍ നിന്ന് ഇന്നത്തെ മുസ്ലിം സമുദായം എന്ത് പഠിക്കുന്നു? നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയവയില്‍ എന്നതുപോലെതന്നെ, ഹജ്ജിലും അതിന്റെ ബാഹ്യരൂപങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. ഈയടുത്ത കാലംവരെ നമ്മുടെ നാട്ടില്‍ , ജീവിതമൊക്കെ ഒരുമാതിരി ജീവിച്ചുതീര്‍ത്ത വൃദ്ധജനങ്ങള്‍ക്കുള്ള ഒരു പരിപാടിയായിട്ടാണ് ഹജ്ജ് കര്‍മ്മം ഗണിക്കപ്പെട്ടിരുന്നത്. "ഇനി ഇപ്പൊ ഒന്നിനും വയ്യാ... ഒരു ഹജ്ജു ചെയ്തു വന്നു വിശ്രമജീവിതം ആകാം. കച്ചവടമൊക്കെ ഇനി മക്കള്‍ നോക്കി നടത്തട്ടെ" എന്ന ഒരു നിസ്സങ്കത. 
കാലം മാറി. ഹജ്ജിനു പോയിവരുന്ന യുവജനങ്ങള്‍ വളരെയേറെയുണ്ട് ഇന്ന്. ഹജ്ജ് നിര്‍ബന്ധമില്ലെങ്കിലും കുട്ടികളെയും കൂടെകൂട്ടുവാന്‍ നാം പ്രാപ്തരായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.
തീര്‍ഥയാത്രയുടെ രൂപത്തിലും കാതലായ മാറ്റം വന്നു. കാല്‍നടയും, കപ്പല്‍ യാത്രയും ഒന്നും പുതുതലമുറ കേട്ടിട്ടുപോലുമില്ല. കാലഘട്ടത്തിനനുസരിച്ചു യാത്രാ / താമസ / ഭക്ഷണ സൗകര്യങ്ങള്‍ കൂടുന്നതിനാല്‍  'ത്യാഗം' എന്നത്, ഹജ്ജിനായി 'ചെലവഴിക്കുന്ന സമയം' മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് അതൊരു വലിയ ത്യാഗം തന്നെ, തീര്‍ച്ച.   
ത്യാഗപരിശ്രമങ്ങളുടെ കാര്യം അങ്ങനെ ആണെങ്കില്‍ ആദര്‍ശ ഐക്യത്തിന്റെ കാര്യമോ? ഹജ്ജിനും, റമദാനില്‍ ഉംറക്കും മറ്റും പോയി ലോക മുസ്ലീംകളെ നേരില്‍ പരിചയപ്പെട്ടു വന്നവരില്‍ അങ്ങനെ എന്തെങ്കിലും ഒരു ഐക്യനീക്കം  കാണാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം നിസ്കാരത്തില്‍ കൈ കേട്ടുന്നവനേയും കേട്ടാത്തവനേയും, ഖുനൂത് ഓതുന്നവനേയും ഓതാത്തവനേയും, തറാവിഹ് എട്ടുകാരനേയും  ഇരുപതുകാരനേയും ഉള്‍ക്കൊള്ളാന്‍ പോന്നവിധം വിശാലമാണ് ഈ ദീന്‍ എന്ന ഒരു ലളിത സത്യമെങ്കിലും മനസ്സിലാവാതെ വരുമായിരുന്നോ? എന്നാല്‍ ഓരോരുത്തനും സ്വന്തം  -വട്ടത്തില്‍ നിന്ന് പുറത്തേക്കൊന്നു എത്തി നോക്കാന്‍ പോലും മെനക്കെടുന്നില്ല. 

അങ്ങനെ, ഹജ്ജ് ടൂര്‍ ആയി പരിണമിക്കപ്പെട്ട ഹജ്ജ് തീര്‍ഥാടനം വര്‍ഷാവര്‍ഷം നിര്‍വഹിച്ചു നാം സായൂജ്യം കൊള്ളുന്നു. ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഴിവുള്ള, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധം ആകുന്നുള്ളൂ എന്നതൊന്നും നമുക്ക് ബാധകമല്ല!
എന്നിട്ടോ? ഇസ്ലാമിന്റെ മാനവികതയോ വിശാലതയോ തെല്ലുപോലും ഉള്‍ക്കൊള്ളാതെ വിഭാഗിയതയും മാത്സര്യബുദ്ധിയും മനസ്സില്‍ പേറി 'സമാധാനമായി' (ഇസ്ലാം എന്നാല്‍ സമാധാനം എന്നാണല്ലോ) കഴിയാന്‍ നമ്മള്‍ പഠിച്ചിരിക്കുന്നു.  

അതെ വീണ്ടും കര്‍മങ്ങള്‍ക്കായുള്ള ഒരു കര്‍മ്മം. ഹജ്ജ്. 
ഈ മുസ്ലിം സമുദായത്തിനെന്തു  പറ്റി?

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 8 ?


അസ്സലാമുഅലൈക്കും,
ഇനി നമുക്ക് 'സക്കാത്തി'നെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ സംസാരിക്കാം. ഇസ്ലാം കാര്യങ്ങളില്‍ നാലാമതായി എണ്ണുന്നത് സക്കാത്ത് ആണല്ലോ. അറബി ഭാഷയില്‍ സക്കാത്ത് എന്ന പദത്തിന് വളര്‍ച്ച, ശുദ്ധീകരണം എന്നൊക്കെയാണ് വാക്കര്‍ത്ഥം. എന്നാല്‍ സാങ്കേതികമായി - 'ഒരാളുടെ സമ്പത്ത് നിശ്ചിത പരിധിയെത്തിയാല്‍ അതില്‍ നിന്ന് ഒരു നിശ്ചിത വിഹിതം, നിശ്ചിത വിഭാഗത്തിന് അര്‍ഹമായിത്തീരുന്നു' എന്ന ഒരു ഇസ്ലാമിക വ്യവസ്ഥിതിയാണ് സക്കാത്ത്. 
ഈ വ്യവസ്ഥിതിക്ക് പടച്ചതമ്പുരാന്‍ 'സക്കാത്ത്' എന്ന സംജ്ഞ തന്നെ തെരഞ്ഞെടുത്തതിലൂടെ, സക്കാത്ത് 'കൃത്യമായി കണക്കാക്കി അര്‍ഹിക്കുന്നവര്‍ക്ക് തന്നെ' നല്‍കുന്നതിലൂടെ നീക്കിരിപ്പ് ധനം ശുദ്ധീകരിക്കപ്പെടുന്നുവെന്നും, അത് നമ്മുടെ ധനത്തില്‍ അഭിവൃദ്ധിയുണ്ടാക്കുന്നുവെന്നും നാം ഓര്‍ക്കാറുണ്ടോ?
അതിരിക്കട്ടെ, നമ്മുടെ സമുദായം ഇന്ന്  സക്കാത്ത് എന്ന പദത്തിനു ദാനം, ധര്‍മ്മം എന്നൊക്കെയാണല്ലോ അര്‍ത്ഥം നല്‍കി വരുന്നത്. സക്കാത്ത്, സ്വദഖ എന്നിവ കൂട്ടിക്കുഴച്ചു വലിച്ചെറിയുന്ന ധര്‍മ്മക്കാശ് വാങ്ങാന്‍, വലിയ " ധര്‍മിഷ്ഠരുടെ " വീടിനു മുമ്പില്‍ റമദാന്‍ മാസത്തില്‍ ക്യു നില്‍ക്കുന്നവര്‍ മുസ്ലിം ലോകത്ത് പതിവ് കാഴ്ചയാണ്. സക്കാത്ത് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് മരണം വരെ ഓരോ വര്‍ഷവും സംഭവിക്കുന്നു. 
അങ്ങനെ ' ധനികന്റെ ബാധ്യത'യും 'ദരിദ്രന്റെ അവകാശ'വുമായ സക്കാത്ത് കേവലം 'ധനികന്റെ ഔദാര്യ'വും, 'ദരിദ്രന്റെ ആത്മനിന്ദ'യുമായി മാറിയ കാഴ്ച ദയനീയമാണ്. സമൂഹത്തില്‍ ഇത് വരുത്തിയിരിക്കുന്ന ദീര്‍ഘകാല പ്രതിഫലനങ്ങളാണ് അതിനേക്കാള്‍ പരിതാപകരം. എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ആത്മനിന്ദ കാലക്രമേണ ഒരുതരം ആത്മനിര്‍വൃതിയുടെ തലം വരെ എത്തി, എന്നും കൈ നീട്ടുന്നവനായി ഒരു സമൂഹം അധപ്പതിക്കുന്നു. അഥവാ ദരിദ്രന്‍ കാലാകാലം ദാരിദ്രനായിത്തന്നെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു മാനസികാവസ്ഥ! നിഷ്ക്രിയത്വം. നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ ഇത് ബോധ്യമാവും. ഇടത്തര വിഭാഗത്തേക്കാള്‍ സുരക്ഷിതരല്ലേ ദരിദ്ര കുടുംബങ്ങള്‍ ?  
ഭിക്ഷ ചോദിച്ചുവന്ന ആള്‍ക്ക് പണിയായുധം വാങ്ങിക്കൊടുത്തു, ജോലി ചെയ്തു ജീവിക്കാന്‍ പ്രേരിപ്പിച്ച ആ പ്രവാചക മാതൃക എവിടെ? അധ്വാനിക്കുന്നവന്റെ പരുപരുത്ത കൈപ്പത്തി പിടിച്ചു നോക്കി, സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ആ സമൂഹം എവിടെ?
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ നിലക്കുള്ള സക്കാത്ത്, സമൂഹത്തില്‍ നിന്ന് ദാരിദ്രം ഇല്ലാതാക്കുന്നില്ല എന്നുമാത്രമല്ല, പരാശ്രയത്വം പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് പറയേണ്ടി വരും. പള്ളികള്‍ , റെസ്റ്റൊരന്റുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നുവേണ്ട നാലുപേര്‍ കൂടുന്ന എവിടെയും സഹായ അഭ്യര്‍ത്ഥനയുമായി ഇരിക്കുന്ന സ്ത്രീകളെ സ്ഥിരമായി കാണുന്നത് ദരിദ്രരാജ്യമായ എത്യോപ്യയിലോ ബംഗ്ലാദേശിലോ അല്ല; ഇവിടെ ഇങ്ങു സൗദിഅറേബ്യയില്‍ ആണെന്നോര്‍ക്കണം. വേനലിന്റെ അമ്പത് ഡിഗ്രി കൊടുംചൂടില്‍ സ്ത്രീകള്‍ കൈക്കുഞ്ഞുമായി ട്രാഫിക്‌ സിഗ്നലില്‍ നിന്ന് ഭിക്ഷ യാചിക്കുന്നതു, എണ്ണ സമ്പന്നമായ സൗദി, മുസ്ലിം രാജ്യമായതിനാല്‍ മാത്രമാണെന്ന് ഞാന്‍ കരുതുന്നു. മുസ്ലിങ്ങള്‍ പൊതുവേ ധര്‍മിഷ്ഠരാണല്ലോ. 
എന്തോ ഒരു പന്തികേട്‌ കാണുന്നില്ലേ? 
മനസ്സിലാകുന്നില്ല. ഈ മുസ്ലിം സമുദായത്തിനെന്തു  പറ്റി എന്ന്. 

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -7 ?


ഇസ്ലാം കാര്യങ്ങളാണ് നാം പറഞ്ഞു വന്നത്. ശഹാദത്തും, നമസ്കാരവും കഴിഞ്ഞാല്‍ മൂന്നാമത്തേത് റമദാനിലെ നോമ്പ് ആണല്ലോ.
ഇസ്ലാം കാര്യങ്ങളില്‍ അഞ്ചും, ഒന്നിനൊന്നു പ്രധാനപ്പെട്ടതുതന്നെ. എല്ലാം നിര്‍ബന്ധ കര്‍മ്മങ്ങള്‍ . എങ്കിലും നോമ്പിന്റെ മഹത്വം പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. നോമ്പ്കാരന് മാത്രമായി, "റയ്യാന്‍ " എന്ന പേരില്‍  അതിമഹനീയമായ ഒരു കവാടം സ്വര്‍ഗ്ഗത്തിലേക്ക്  ഒരുക്കിയിരിക്കുമത്രേ. എത്ര ഉല്‍കൃഷ്ഠമായ പദവി!

"നമസ്കാരം മനുഷ്യനെ മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നിശ്ചയമായും തടയും" എന്ന് പറഞ്ഞതുപോലെ നോമ്പ് വിശ്വാസിയില്‍ 'തഖ്‌വ' ഉണ്ടാക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍  പറയുന്നത്.  'തഖ്‌വ' എന്ന പദത്തിനു ദൈവഭക്തി, ആത്മസംസ്കരണം, സൂക്ഷ്മത എന്നൊക്കെ അര്‍ഥം പറയാം. 

തെറ്റായ വാക്ക്, പ്രവൃത്തി, അനാവശ്യ സംസാരം തുടങ്ങി എല്ലാത്തിലും സൂക്ഷ്മത കൈക്കൊള്ളുന്നതിനോടൊപ്പം, അഥവാ മറ്റൊരാള്‍ വഴക്കിടാന്‍ വന്നാല്‍ പോലും "ഞാന്‍ ഒരു നോമ്പുകാരനാണ്" എന്ന് പറഞ്ഞു ഒഴിഞ്ഞു പോകാനാണ് ഹദീസുകളിലൂടെ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. എത്ര വലിയൊരു സാമൂഹ്യ മാറ്റമായിരിക്കും ഈയൊരു കര്‍മ്മത്തിലൂടെ വന്നു ഭവിക്കുന്നത്.
എന്നാല്‍ നമ്മുടെ ഇന്നത്തെ നോമ്പോ?  
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരളവു വരെ സൂക്ഷിക്കുന്നവര്‍ പോലും, നോമ്പ് തുറക്കുന്നതോടെ എല്ലാം പഴയപടി ആക്കുന്നു. പുകവലിക്കാരന്‍ നോമ്പ് തുറന്ന ഉടനെ കുടിശ്ശിഖ വരുത്തിയ എല്ലാ സിഗരറ്റും ഒറ്റ ഇരുപ്പില്‍ വലിച്ചു തീര്‍ക്കുന്നതിലൂടെ അവന്റെ ദിനം തുടങ്ങുകയായി. എന്തിനധികം... വഴക്കിടാന്‍ 'മാറ്റി വച്ചവന്‍' ഇപ്പോള്‍ എന്തിനും തയ്യാറായി പൂര്‍വ്വോപരി ശക്തനായി രംഗത്ത് വരുന്നു. 

ഇനി നോമ്പ്കാലത്തെ ഭക്ഷണ പാനീയങ്ങളുടെ കാര്യമോ? നമ്മുടെ സമുദായം ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്‌ റമദാന്‍ എന്ന 'വൃതാനുഷ്ടാന' കാലത്താണ് എന്ന് സൂപ്പര്‍ മാര്‍ക്കറ്റ് / റസ്റ്റോറന്റ് -കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നോമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി വീട്ടമ്മയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് - "നോമ്പ് തുറക്കാന്‍ ഇന്നെന്താ ഒരുക്കുക" എന്ന ചിന്തയാവും എന്ന് പറഞ്ഞാല്‍ അല്‍പ്പം അതിശയോക്തിയായി  തോന്നാമെങ്കിലും, ഇതാണ് ശരിയായ ചിത്രം. അതെ വിചിത്രം.

മറ്റൊന്ന്, റമദാനില്‍ കൂടുതല്‍ കര്‍മോല്‍സുകരാകാനാണ് ദീന്‍ പഠിപ്പിക്കുന്നതെങ്കില്‍ നമ്മള്‍ രാത്രി മുഴുവന്‍ ഇടതടവില്ലാതെ ഭക്ഷണം കഴിച്ചു, പകല്‍ അലസരായി കിടന്നുറങ്ങാന്‍ ശീലിച്ചിരിക്കുന്നു.      

നമസ്കാരത്തിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും നമ്മുടെ മുന്‍ഗണനാ ക്രമത്തിലും തെറ്റ് പറ്റിയിരിക്കുന്നു. അതെ നാം ഉറങ്ങുകയാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും നമ്മുടെ ഗവേഷണം - നോമ്പിനാല്‍ കൈവരിക്കപ്പെടേണ്ട  ആത്മീയ, സാമുഹിക മാറ്റത്തിനായിട്ടല്ല,  മറിച്ച് മുങ്ങിക്കുളിച്ചാല്‍ നോമ്പ് മുറിയുമോ? നോമ്പുകാരന്‍ ഉമിനീര്‍ ഇറക്കാമോ? എന്നിടത്തൊക്കെയാണല്ലോ. തറാവിഹ് നമസ്കാരത്തിന്റെ  കോലം പോലും ഇതുവരെ ക്ളിപ്തമായിട്ടില്ല. പിന്നല്ലേ സാമുഹിക പരിവര്‍ത്തനം! 

വീണ്ടും പറയേണ്ടി വരുന്നു ....  'ഇബാദാത്തുകള്‍' എന്നത് ഒരു ലക്ഷ്യത്തിലെത്താനുള്ള "മാര്‍ഗ"മാണെങ്കില്‍ നമ്മള്‍ അതിനെത്തന്നെ "ലക്ഷ്യമായി" കരുതി, യഥാര്‍ത്ഥ ലക്‌ഷ്യം മറന്നുകൊണ്ട് മാര്‍ഗം പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്? സ്വാഭാവികമായും റമദാന്‍ മാസം കഴിഞ്ഞാലും നമ്മിലെ "തഖ്‌വ" വള്ളി പുള്ളി മാറാതെ അങ്ങനെ തന്നെ തുടരുന്നു. 

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി അല്ലെ? 


2011, മാർച്ച് 31, വ്യാഴാഴ്‌ച

ചിരിയും ചിന്തയും - 2


പള്ളിയില്‍ അസര്‍ നമസ്കാരം നടക്കുകയാണ്. മൂന്നാമത്തെ റകാഅത്തില്‍ ഇമാം (മറവി മൂലം) അത്തഹിയ്യാത്തിനായി  ഇരുന്നു. എല്ലാവരും ഇമാമിനെ പിന്‍പറ്റിയെങ്കിലും, ഒരാള്‍ മാത്രം പിന്നില്‍നിന്ന്  'സുബുഹാനല്ലാഹ് ' എന്ന് പറഞ്ഞത് കേട്ട് ഇമാം തെറ്റ് തിരുത്തി നാലാമത്തെ റകാഅത്ത് പൂര്‍ത്തിയാക്കി. നമസ്കാരം കഴിഞ്ഞപ്പോള്‍ എല്ലാവരും, ഈ സഹോദരന്റെ നമസ്കാരത്തിലുള്ള  ശ്രദ്ധയും ഏകാഗ്രതയും എടുത്തോതി. നമ്മുടെ കൂട്ടത്തില്‍ ഒരാളെങ്കിലും... അവര്‍ ആശ്വസിച്ചു. 
അപ്പോള്‍ വിനയപുരസ്സരം അദ്ദേഹം പറഞ്ഞത്രേ - എനിക്ക് ടൌണില്‍ നാല് കടകളാണ് ഉള്ളത്. സാധാരണയായി അസര്‍ നമസ്കാരത്തില്‍ ഓരോ റകാഅത്തിലും ഓരോ കടയുടെ കാര്യം എന്റെ മനസ്സില്‍ തെളിയും. ഇന്ന് ഒരു കട കാണാതായപ്പോഴാണ് ഞാന്‍ 'സുബുഹാനല്ലാഹ്' പറഞ്ഞു പോയത്. ക്ഷമിക്കണം. 

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 6 ?


വെള്ളപ്പൊക്കം,  ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അതുപോലെ തന്നെ, ഓരോ ദുരന്തത്തിന് ശേഷവും ഒരു മുസ്ലിം പള്ളി കേടുപാടൊന്നും കൂടാതെ ദുരന്തഭൂമിയില്‍ അവശേഷിക്കുന്നതും ഒരു വാര്‍ത്തയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ അവശേഷിച്ച പള്ളിയുടെ ചിത്രം നെറ്റില്‍ കണ്ടു 'അള്ളാഹു അക്ബര്‍ ' പറഞ്ഞവരാണ് നാമെല്ലാം. ഇന്തോനേഷ്യക്ക് മുമ്പും പിമ്പും സമാനമായ പള്ളികളുടെ അത്ഭുതശേഷിപ്പുകള്‍ നമ്മള്‍ നെറ്റില്‍ കണ്ടു. (ഇത്തരം വാര്‍ത്തകള്‍ നെറ്റില്‍ മാത്രമല്ലേ കാണാറുള്ളു എന്ന് തര്‍ക്കുത്തരം പറയാന്‍ വരട്ടെ. അതിനുള്ള ഉത്തരം താഴെ വിവരണത്തില്‍ വരുന്നുണ്ട്).
അങ്ങനെ ജപ്പാന്‍  സുനാമി കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു... ആ സുവാര്‍ത്തക്കായി. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഇന്നലെ എനിക്ക് ആ മെയില്‍ കിട്ടി. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഭൂമിയില്‍ ഒരു പള്ളിയുടെ ചിത്രം. ഒരു പോറലോ, വെള്ള പെയിന്റിന് മങ്ങല്‍ പോലുമോ ഏല്‍ക്കാതെ അതങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു. താഴെ ഒരു കുറിപ്പും. "ഈ ചിത്രം പാശ്ചാത്യരുടെ മറ്റു മീഡിയകളില്‍ കാണില്ല. ഇത് അവര്‍ പ്രസിധീകരിക്കില്ല. അതിനാല്‍ നിങ്ങളുടെ ലിസ്റ്റില്‍ ഉള്ള എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും ഉടനെ ഇത് ഫോര്‍വേഡ് ചെയ്യുക" എന്ന്. 
ഇതില്‍ നിന്ന് രണ്ടു കാര്യം ഉറപ്പ്: 
(1) പാശ്ചാത്യര്‍ ഇത് പുറത്തുവിടില്ല എന്നതിനാല്‍, ഏതോ ഒരു മുസ്ലിം സഹോദരന്‍ പണിപ്പെട്ടു ജപ്പാനില്‍ പോയി പള്ളിയുടെ ഫോട്ടോ എടുത്തു കൊണ്ടുവന്നതാകണം. പ്രശസ്തി ഭയന്ന് ഫോട്ടോഗ്രാഫര്‍ തന്റെ പേര്  ചിത്രത്തോടൊപ്പം കൊടുക്കാതെ ഒഴിവാക്കിയതാവാനെ തരമുള്ളൂ.   
(2) എല്ലാ മുസ്ലീങ്ങള്‍ക്കും ഈ വാര്‍ത്ത എത്തുന്നതിലൂടെ,  അഥവാ ആര്‍ക്കെങ്കിലും ഇപ്പോള്‍ ജപ്പാനില്‍ പോകേണ്ടതായ ആവശ്യകത വന്നിട്ടുണ്ടെങ്കില്‍ , നിസ്ക്കരിക്കാന്‍ പള്ളി ഉണ്ടാകുമോ എന്ന് ഭയപ്പെട്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്യാനൊന്നും നില്‍ക്കേണ്ടതില്ലാ, സമാധാനമായി പോയ്ക്കൊള്ളൂ  എന്നും.  

പടച്ച തമ്പുരാന്‍ ഇങ്ങനെ ഓരോ പ്രകൃതി ദുരന്തങ്ങള്‍ വരുത്തിവക്കുകയും അവിടെയെല്ലാം ഓരോ പള്ളികള്‍ ബാക്കിയാക്കുകയും ചെയ്യുന്നതിന്റെ യുക്തിയൊന്നും നമ്മള്‍ അന്വേഷിക്കേണ്ടതില്ല. അത് പടച്ചവനു മാത്രം അറിയാവുന്ന കാര്യം. എന്നാല്‍ സംരക്ഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമെന്ന് നാം കരുതുന്ന മക്കയിലെ ക'അബ പല സന്ദര്‍ഭങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് വിധേയമാവുകയും പുതുക്കി പണിയപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ചരിത്രം. 1941-ലെ മക്ക വെള്ളപ്പൊക്കവും ക'അബയെ ഒഴിവാക്കിയില്ലല്ലോ.  അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ പള്ളികള്‍ സുനാമിയില്‍ ഇനി തകര്‍ന്നിട്ടില്ലാ എന്ന് തന്നെ വന്നാലും അതിനു പ്രത്യേകിച്ച് വിശേഷമൊന്നുമില്ല എന്നല്ലേ? യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ചോദിച്ചു പോവുകയാണ്...
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്.

മറ്റൊന്ന് കൂടി ഇവിടെ അടിവരയിട്ടു മനസ്സിലാക്കണം. ഇതുപോലുള്ള 'അത്ഭുത സംഭവങ്ങള്‍ ' എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലും ഉണ്ടാവാറുണ്ട്. ഇതെല്ലാം ഒരേയൊരു അല്ലാഹുവിന്റെ അറിവോടെയും സമ്മതത്തോടെയും തന്നെ അല്ലേ സംഭവിക്കുന്നത്‌? അല്ലാതെ മറ്റു സമുദായങ്ങളില്‍ കാണുന്ന   'അത്ഭുത സംഭവങ്ങള്‍ ' അവരുടെ ദൈവങ്ങളുടെ ലീലാവിലാസങ്ങളും മുസ്ലിം പള്ളി കാക്കുന്നത് അല്ലാഹുവിന്റെ കുദ്റത്തും എന്ന് ഏതെങ്കിലും ഒരു സത്യവിശ്വാസിക്ക് കരുതാനാവുമോ? 

ആംസ്ട്രോങ്ങ് ചന്ദ്രനില്‍ 'ബാങ്ക് വിളി' കേട്ടു, ബഹിരാകാശ യാത്രക്കാര്‍ മക്കയും മദീനയും ബഹിരാകാശത്തുനിന്നു ദര്‍ശിച്ചു എന്ന് തുടങ്ങി പലതും നാം നെറ്റ് വഴി അറിഞ്ഞു. പന്നിപ്പനി നാട്ടില്‍ പരന്നപ്പോള്‍ അമേരിക്കക്കാരന്‍ പന്നി വളര്‍ത്തുന്നതിനെ നാം പഴിച്ചു. പക്ഷിപ്പനി പടര്‍ന്നപ്പോള്‍ കോഴി വളര്‍ത്തുന്നതിനെ പഴിക്കാന്‍ മറന്നു. ഇങ്ങനെ പോകുന്നു നമ്മുടെ ദീനി സേവനം. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും വടം എടുക്കാന്‍ ഓടുന്ന മുസ്ലിം യുവത! (കയര്‍ അല്ലാ വടം തന്നെ ആവട്ടെ. ഇനി അഥവാ പുറത്തു വന്നത് ആനക്കുട്ടി ആണെങ്കിലോ എന്ന ദീര്‍ഘ വീക്ഷണം.) 
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി ?

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -5 ?



അസ്സലാമുഅലൈക്കും, 
ഇസ്ലാം കാര്യങ്ങളാണല്ലോ പറഞ്ഞു തുടങ്ങിയത്. ഇസ്ലാം കാര്യങ്ങളില്‍ രണ്ടാമതായി എണ്ണുന്നത് നമസ്കാരമാണ്. അതിനാല്‍ ഇന്നത്തെ ചര്‍ച്ച നമ്മുടെ നമസ്കാരത്തെക്കുറിച്ച് തന്നെയാവട്ടെ.
പറഞ്ഞാല്‍ തീരാത്തത്ര ശ്രേഷ്ടതകളാണ് ഇസ്ലാമില്‍ നമസ്ക്കാരത്തിനുള്ളത്. 'അല്ലാഹുവും മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നമസ്കാരം" എന്ന ഒരൊറ്റ സവിശേഷത തന്നെ മതി നമസ്കാരത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍. ഇങ്ങനെയുള്ള നമസ്കാരത്തെ ഇന്ന് മുസ്ലിം സമുദായം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നൊന്ന് വിശകലനം ചെയ്യാം. 
"നമസ്കാരം മനുഷ്യനെ മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നിശ്ചയമായും തടയും" എന്ന് നേര്‍ക്കുനേര്‍ അള്ളാഹു ഉണര്‍ത്തുന്നു. "നിങ്ങളിലൊരാളുടെ വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും, അയാള്‍ ദിവസവും അഞ്ചു നേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍, അയാളില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അത്പോലെ അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ വഴി അള്ളാഹു പാപങ്ങള്‍ മായിച്ചു കളയുന്നു". എന്ന് തിരുവചനം. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം നമ്മുടെ ഇന്നത്തെ അവസ്ഥയെ നിരൂപണം ചെയ്യാന്‍. 
നാം നേരത്തെ സൂചിപ്പിച്ചത് പോലെ കള്ളം, ചതി, വഞ്ചന എന്നുവേണ്ടാ എല്ലാവിധ തിന്മകളിലും "ഈ ഉത്തമ സമുദായത്തിന്‍റെ" പ്രാതിനിധ്യം മറ്റു സമൂഹങ്ങളോട് ശരാശരി കിടപിടിക്കാവുന്നതാണ്. എന്ത് പറ്റി നമ്മുട നമസ്കാരങ്ങള്‍ക്ക്? 'പടച്ചോനെ പേടിച്ചു' പള്ളിയില്‍ പോകുന്ന നമ്മള്‍ 'പടച്ചോനെ സ്നേഹിച്ചു' പള്ളിയില്‍ പോകുന്ന അവസ്ഥയിലേക്ക് മാറുന്നതിലൂടെ മാത്രമേ ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാവു എന്ന് തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വരണം. പടച്ചവനെ പേടിക്കാനാണ് നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാലാവാം കര്‍മ്മങ്ങളുടെ ബാഹ്യരൂപങ്ങള്‍ക്ക്‌ അമിത പ്രാധാന്യം വന്നിട്ടുണ്ടെങ്കിലും അവയുടെ ആത്മാവ് ചോര്‍ന്നു പോയിരിക്കുന്നത്.  
ഇനി ബാഹ്യരൂപങ്ങളുടെ തന്നെ കാര്യമെടുത്താലും, മുന്‍ഗണനാക്രമത്തില്‍ കാര്യമായ ഒരു അഴിച്ചുപണിതന്നെ വേണ്ടിവരും എന്ന് കാണാം. ഉദാഹരണമായി, നമസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'സുജൂദ്' എങ്ങനെ വേണം എന്നതിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, താരതമേന്യ പ്രാധാന്യം കുറഞ്ഞ 'കൈ കെട്ടല്‍', 'വിരല്‍ ചൂണ്ടല്‍' മുതലായ കര്‍മ്മങ്ങളിലെ സൂക്ഷ്മതയാണ്. കൃത്യമായി 'സുജൂദ്' ചെയ്യാന്‍ അറിയുന്ന എത്ര ആളുകള്‍ നമ്മിലുണ്ടെന്നു ഒരു ആത്മപരിശോധന നടത്തുന്നത് നന്നാവും.
യോഗാസന ക്ലാസ്സില്‍ ഒരാഴ്ചത്തെ ഹ്രസ്വകാല പരിശീലനം കഴിഞ്ഞു ദിനേന അത് അഭ്യസിക്കുന്ന ഒരാള്‍ക്ക്‌ പിന്നീടൊരിക്കലും വജ്രാസനയിലെ ഇരുത്തമോ, പദ്മാസനത്തില്‍ വിരലുകള്‍ എങ്ങനെ ചൂണ്ടണം (മുദ്രകള്‍) എന്നോ പിന്നീടാരും പഠിപ്പിക്കേണ്ടാതായി വരുന്നില്ല. എന്നാല്‍ സുജൂദ് ചെയ്യാന്‍ നാം ഒത്തുപള്ളിയിലും, പള്ളിക്കൂടത്തിലും, തുടര്‍ന്ന് വയളുകളിലും, ഖുറാന്‍ ക്ലാസ്സിലും പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും ഒരു ശക്ക്‌... എങ്ങനാ ശരിയായി സുജൂദ് ചെയ്യുക?
ഇനി നമസ്കാരത്തിന് നിന്നാലുള്ള അവസ്ഥയോ? ഇമാമിന്‍റെ തക്ബീറിന്റെ ഈണവും താളവും അനുസരിച്ചാണ് മിക്കവാറും സുജൂദില്‍ നിന്ന് 'ഇടയില്‍ ഇരുത്തമാണോ' 'നില്‍ക്കാലാണോ' എന്നൊക്കെ നമ്മള്‍ തീരുമാനിക്കുന്നത്. തക്ബീറിന്റെ ട്യുണ്‍ ഒന്ന് മാറിയാല്‍ ആകെ കണ്ഫ്യുഷന്‍. ഏകാഗ്രത എന്നതൊക്കെ നമ്മില്‍ നിന്ന് എന്നേ കൈമോശം വന്നിരിക്കുന്നു. ശരിയാണോ?        
മറ്റൊന്ന്. വുളു ചെയ്യുവാനായി വെള്ളം അമിതമായി ഉപയോഗിക്കുന്നതും ഇക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണെന്ന് തോന്നുന്നു.  പലപ്പോഴും ഞാന്‍ ഇടത്തെ കാലു കഴുകുമ്പോഴാണ് "അയ്യോ വലത്തേക്കാല് രണ്ടു പ്രാവശ്യമല്ലേ കഴുകിയുള്ളൂ" എന്നോര്‍ക്കുക. പിന്നെ ആദ്യം മുതല്‍ ചെയ്യുകയല്ലേ തരമുള്ളൂ? മനസ്സാന്നിധ്യം കിട്ടുന്നില്ല. എന്ത് ചെയ്യാം? പാരിസ്ഥിതിക മാറ്റങ്ങളുടെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലക്ഷാമവും, ഊര്‍ജ്ജക്ഷാമവും പരിഗണിച്ചെങ്കിലും നമ്മുടെ 'വസുവാസിനു' പരിഹാരം കണ്ടേ തീരൂ. ദുര്‍വ്യയം അത് എന്തിലായാലും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഇബാദത്തുകളിലും ശ്രദ്ധിക്കേണ്ട്തായുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 'ഇബാദാത്തുകള്‍' എന്നത് ഒരു ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമാണെങ്കില്‍ നമ്മള്‍ ആ മാര്‍ഗത്തെത്തന്നെ ലക്ഷ്യമായി കരുതി, ലക്‌ഷ്യം മറന്നുകൊണ്ട് മാര്‍ഗം പരിപോഷിപ്പിക്കുന്നു. അതിനാലാവാം നമസ്ക്കരിക്കുന്നവനില്‍ നിന്ന് "മ്ലേച്ഛവും നിഷിദ്ധവുമായ" കാര്യങ്ങള്‍ തടയപ്പെടുന്നതായി കാണപ്പെടുന്നില്ല.
തോന്നുന്നില്ലേ? ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്?
സസ്നേഹം,

2011, മാർച്ച് 10, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -4?



 അസ്സലാമുഅലൈക്കും,
... ഇനി നമുക്ക്, നാം ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയായ "ഇസ്ലാം കാര്യങ്ങളെ" ഇന്ന് നമ്മുടെ സമുദായം എങ്ങനെ സമീപിക്കുന്നു എന്ന് നോക്കാം.
ഓത്തുപള്ളിയില്‍ പാടിപ്പടിച്ച ഈരടികളാണ് ഓര്‍മയില്‍ വരുന്നത്.   
"ഇസ്ലാം കാര്യങ്ങള്‍ അഞ്ചാണ്... അത് അറിയല്‍ നമുക്ക് ഫര്ള്ളആണ്, 
ഇസ്ലാം കാര്യമറിഞ്ഞില്ലെങ്കില്‍ നരകം നമ്മുടെ വീടാണ്" 
അര്‍ത്ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതില്‍ നിന്ന് ഒന്നും ഉള്‍ക്കൊള്ളതിരിക്കുകയും ചെയ്യുന്ന നമ്മുടെ ദയനീയാവസ്ഥയെക്കുറിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി  തന്നെ വേണം മേല്‍ ഈരടികളും കാണാന്‍. ഇവിടെ പറഞ്ഞത് പോലെ "ഇസ്ലാം കാര്യങ്ങള്‍ 'അറിയല്‍ ' മാത്രമേ നിബന്ധമാകുന്നുള്ളൂ' എന്നാ ഒരു കാഴ്ചപ്പാട് നമ്മുടെ ഇടയില്‍ പരന്നിട്ടില്ലേ എന്ന് സംശയിക്കണം. 
ഇനി "ഇസ്ലാം കാര്യങ്ങളെ നമുക്ക് ഒന്നൊന്നായി വിശകലനം ചെയ്തു നോക്കാം:-
1 .  ശഹാദത്തുകലിമ: അള്ളാഹു അല്ലാതെ ഒരു "ഇലാഹ്"ഇല്ലെന്നും, മുഹമ്മദു (നബി സ. അ.) അള്ളാഹുവിന്റെ ധൂതനാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു - എന്ന് മനസ്സില്‍ ഉറപ്പിച്ചു പറയലാണല്ലോ ഒന്നാമത്തെ കര്‍മ്മം. ഒരു കര്‍മ്മം എന്ന രീതിയില്‍ ഏറ്റവും എളുപ്പമായത്‌ തന്നെ. എന്നാല്‍ ഇതില്‍ "സാക്ഷ്യം വഹിക്കുന്നു" എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം, നേരിട്ട് കണ്ട കാര്യങ്ങളെയാണ് "സാക്ഷ്യം" എന്ന പദം കൊണ്ട് നാം സാധാരണ അര്‍ത്ഥമാക്കുന്നത്. ഏതായാലും ഒരു വ്യക്തി മനസ്സില്‍ എന്താണ് ഉറപ്പിച്ചിരിക്കുന്നത് എന്ന് അവനും പടച്ച തമ്പുരാനും മാത്രം അറിയാവുന്ന കാര്യമായതിനാല്‍ ആ വിഷയത്തില്‍ ചര്‍ച്ച അപ്രസക്തമാണ്. അതങ്ങനെ നില്‍ക്കട്ടെ.
"ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിനെ ഭാഷാന്തരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. "No God but Allah " എന്ന് ഇഗ്ലീഷിലും, "ഒരു ദൈവവുമില്ല, അള്ളാഹു അല്ലാതെ" എന്ന് മലയാളത്തിലും തര്‍ജ്ജിമ ചെയ്തു കാണുന്നു. ഇത് ഭീമമായൊരു തെറ്റിദ്ധാരണയിലേക്കാണ് അറബി മനസ്സിലാകാത്ത മഹാഭൂരിപക്ഷത്തെയും എത്തിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് നമ്മുടെ ദൈവമോ പരമേശ്വരനോ ഒന്നും പറ്റില്ല, അവരുടെ അള്ളാഹു തന്നെ വേണം എന്ന് ഒരു അമുസ്ലിം സഹോദരന്‍ ധരിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? വാക്കര്‍ത്ഥം ഒഴിവാക്കി, "ദൈവം ഏകനാണ്" എന്ന്  "ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിന് അര്‍ഥം കൊടുത്തിരുന്നെങ്ങില്‍ "നിങ്ങളുടേയും, ഞങ്ങളുടേയും രക്ഷിതാവ് ഒന്ന് തന്നെ" എന്ന ഖുര്‍ആന്‍ വാക്യം ഇതരമതസ്ഥര്‍ക്ക് എത്ര പെട്ടെന്ന് മനസ്സിലാകുമായിരുന്നു!
സായിപ്പ് "There lies the point" എന്ന് പറഞ്ഞതിനെ "ദാണ്ടെ കെടക്കുന്നു സായിപ്പിന്റെ മൊന" എന്ന് തര്‍ജിമ ചെയ്താല്‍ ജനം കരുതുക സായിപ്പിന്റെ കയ്യിലിരിക്കുന്ന പെന്‍സില്‍ താഴെ വീണ് മുന ഒടിഞ്ഞുപോയി എന്നാവും. പറഞ്ഞുവരുന്നത്, ഇസ്ലാമിക പാഠങ്ങള്‍ ഭാഷാന്തരം ചെയ്യുന്നതില്‍ മുസ്ലിം സമൂഹം കുറച്ചുകൂടി വിശാലത കാണിക്കേണ്ടിയിരിക്കുന്നു എന്നാണ്. അക്ഷരങ്ങളല്ല ആശയമാണ് തര്‍ജിമ ചെയ്യപ്പെടെണ്ടാതെന്ന തിരിച്ചറിവ് ഇനിയും നാം ആര്‍ജിക്കേണ്ടാതായിട്ടുണ്ട്. 

അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മാർച്ച് 8, ചൊവ്വാഴ്ച

ചിരിയും ചിന്തയും - 1


'ആത്മനൊമ്പരം' ബ്ലോഗില്‍ നൊമ്പരങ്ങള്‍ മാത്രം മതിയോ, അല്‍പ്പസ്വല്പം നര്‍മവും ആയിക്കൂടെ എന്ന് ഒരു സഹോദരന്‍ ചോദിച്ചിരിക്കുന്നു. 
ഒന്ന് ശ്രമിച്ചുനോക്കാം എന്താ? ചിരിക്കാനും ചിരിപ്പിക്കാനും തയ്യാറായി ഇരിക്കുക.

ഞാന്‍ കാഞ്ഞൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് ഹൈ സ്കൂളില്‍ ആറിലോ ഏഴിലോ പഠിക്കുന്ന കാലം. ശിവദാസനും, ദേവസ്സികുട്ടിയുമാണ് അടുത്ത സുഹൃത്തുക്കള്‍ .
ഒരുദിവസം ദേവസ്സിക്കുട്ടി ക്ലാസ്സില്‍ വന്നത് പുതിയൊരു വിജ്ഞാനവുമായിട്ടായിരുന്നു. - 
ഞങ്ങള്‍ ക്രിസ്ത്യാനികള്‍ സന്ധ്യാനേരത്ത് 'കര്‍ത്താവിന്റെ' ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചുവച്ചു, "സ്വര്‍ഗസ്ഥനായ പിതാവേ... ആകാശത്തിലെ പോലെ ഭൂമിയിലും ആക്കേണമേ" എന്ന് പ്രാര്‍ഥിക്കും. 
ശിവദാസന്റെ വീട്ടില്‍ സന്ധ്യാദീപം കൊളുത്തിവച്ച് "നാരായണാ.. നാരായണാ..." എന്ന് നാമം ജപിക്കുന്നത്‌ കേട്ടിട്ടുണ്ട്. 
ഈ മുസ്ലീങ്ങള്‍ ഉണ്ടല്ലോ, അവര്‍ക്ക് എന്നും പരാതി തന്നെ പരാതി. ദൈവം തമ്പുരാന്‍ എത്രയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ടെങ്കിലും "ഞങ്ങളുടെ അടുത്ത് ഒന്നും ഇല്ലാ അള്ളാ... ഒന്നും ഇല്ലാ അള്ളാ..." എന്നിങ്ങനെ ദൈവത്തോട് പരാതിപ്പെട്ടുകൊണ്ടിരിക്കും. (ലാ ഇലാഹ ഇല്ലഅല്ലാഹ്. എന്നതിന് ദേവസ്സിക്കുട്ടി മനസ്സിലാകിയ അര്‍ഥം അങ്ങനെ ആയിരുന്നു. ഒരു സ്വകാര്യം: ശരി എന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ ഈയുള്ളവനും പാണ്ഡിത്യം പോരായിരുന്നു കേട്ടോ.)  
ഏതായാലും പില്‍ക്കാലത്ത്‌ ടി.വി കണ്ടുപിടിക്കപ്പെട്ടതിനാല്‍ ദിനേന നടന്നുവന്നിരുന്ന ഈ 'പരാതി പറച്ചില്‍ ' നാട്ടിന്‍പുറത്തുനിന്നു മറഞ്ഞു പോയിരിക്കുന്നു. ദൈവത്തിനു ആശ്വാസം!

നിങ്ങള്‍ക്കും കാണുമല്ലോ ഇതുപോലുള്ള അനുഭവങ്ങളൊക്കെ. പങ്കുവയ്ക്കണേ.

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.

2011, മാർച്ച് 6, ഞായറാഴ്‌ച

നിങ്ങള്‍ക്കറിയാമോ -1


അസ്സലാമുഅലൈക്കും,
മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് ചിലര്‍ അന്വേഷിച്ചിരുന്നു. Google  Transliteration എന്നാ പ്രോഗ്രാം ആണ് ഞാന്‍ ഉപയോഗിക്കുന്നത്.  
ഈ സൈറ്റ് തുറന്നു,  മുകളില്‍ ഇടതുഭാഗത്ത്‌ കൊടുത്തിരിക്കുന്ന tab -ല്‍ 'Malayalam'  സെലക്ട്‌ ചെയ്യുക. അതിനുശേഷം എഴുതാനുള്ള field - ല്‍ 'മംഗ്ലീഷ്' എഴുതി   space  bar അമര്‍ത്തിയാല്‍ എഴുതിയ വാക്ക് മലയാളത്തില്‍ ആയി മാറും. ഇതു 'cut '/'copy '   ചെയ്തു മെയിലിലോ ബ്ലോഗിലോ 'paste ' ചെയ്യാവുന്നതാണ്.
എന്തെളുപ്പം.  
ഉദാഹരണം: "subuhaanallah ... ee  kamputtarinte  oru  kaaryam " ! എന്ന് ടൈപ്പ് ചെയ്താല്‍ "സുബുഹാനല്ലഹ്.. ഈ കമ്പുട്ടറിന്റെ ഒരു കാര്യം" ! എന്ന് എഴുതി വരും.

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.