അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മാർച്ച് 31, വ്യാഴാഴ്‌ച

ചിരിയും ചിന്തയും - 2


പള്ളിയില്‍ അസര്‍ നമസ്കാരം നടക്കുകയാണ്. മൂന്നാമത്തെ റകാഅത്തില്‍ ഇമാം (മറവി മൂലം) അത്തഹിയ്യാത്തിനായി  ഇരുന്നു. എല്ലാവരും ഇമാമിനെ പിന്‍പറ്റിയെങ്കിലും, ഒരാള്‍ മാത്രം പിന്നില്‍നിന്ന്  'സുബുഹാനല്ലാഹ് ' എന്ന് പറഞ്ഞത് കേട്ട് ഇമാം തെറ്റ് തിരുത്തി നാലാമത്തെ റകാഅത്ത് പൂര്‍ത്തിയാക്കി. നമസ്കാരം കഴിഞ്ഞപ്പോള്‍ എല്ലാവരും, ഈ സഹോദരന്റെ നമസ്കാരത്തിലുള്ള  ശ്രദ്ധയും ഏകാഗ്രതയും എടുത്തോതി. നമ്മുടെ കൂട്ടത്തില്‍ ഒരാളെങ്കിലും... അവര്‍ ആശ്വസിച്ചു. 
അപ്പോള്‍ വിനയപുരസ്സരം അദ്ദേഹം പറഞ്ഞത്രേ - എനിക്ക് ടൌണില്‍ നാല് കടകളാണ് ഉള്ളത്. സാധാരണയായി അസര്‍ നമസ്കാരത്തില്‍ ഓരോ റകാഅത്തിലും ഓരോ കടയുടെ കാര്യം എന്റെ മനസ്സില്‍ തെളിയും. ഇന്ന് ഒരു കട കാണാതായപ്പോഴാണ് ഞാന്‍ 'സുബുഹാനല്ലാഹ്' പറഞ്ഞു പോയത്. ക്ഷമിക്കണം. 

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 6 ?


വെള്ളപ്പൊക്കം,  ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അതുപോലെ തന്നെ, ഓരോ ദുരന്തത്തിന് ശേഷവും ഒരു മുസ്ലിം പള്ളി കേടുപാടൊന്നും കൂടാതെ ദുരന്തഭൂമിയില്‍ അവശേഷിക്കുന്നതും ഒരു വാര്‍ത്തയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ അവശേഷിച്ച പള്ളിയുടെ ചിത്രം നെറ്റില്‍ കണ്ടു 'അള്ളാഹു അക്ബര്‍ ' പറഞ്ഞവരാണ് നാമെല്ലാം. ഇന്തോനേഷ്യക്ക് മുമ്പും പിമ്പും സമാനമായ പള്ളികളുടെ അത്ഭുതശേഷിപ്പുകള്‍ നമ്മള്‍ നെറ്റില്‍ കണ്ടു. (ഇത്തരം വാര്‍ത്തകള്‍ നെറ്റില്‍ മാത്രമല്ലേ കാണാറുള്ളു എന്ന് തര്‍ക്കുത്തരം പറയാന്‍ വരട്ടെ. അതിനുള്ള ഉത്തരം താഴെ വിവരണത്തില്‍ വരുന്നുണ്ട്).
അങ്ങനെ ജപ്പാന്‍  സുനാമി കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു... ആ സുവാര്‍ത്തക്കായി. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഇന്നലെ എനിക്ക് ആ മെയില്‍ കിട്ടി. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഭൂമിയില്‍ ഒരു പള്ളിയുടെ ചിത്രം. ഒരു പോറലോ, വെള്ള പെയിന്റിന് മങ്ങല്‍ പോലുമോ ഏല്‍ക്കാതെ അതങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു. താഴെ ഒരു കുറിപ്പും. "ഈ ചിത്രം പാശ്ചാത്യരുടെ മറ്റു മീഡിയകളില്‍ കാണില്ല. ഇത് അവര്‍ പ്രസിധീകരിക്കില്ല. അതിനാല്‍ നിങ്ങളുടെ ലിസ്റ്റില്‍ ഉള്ള എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും ഉടനെ ഇത് ഫോര്‍വേഡ് ചെയ്യുക" എന്ന്. 
ഇതില്‍ നിന്ന് രണ്ടു കാര്യം ഉറപ്പ്: 
(1) പാശ്ചാത്യര്‍ ഇത് പുറത്തുവിടില്ല എന്നതിനാല്‍, ഏതോ ഒരു മുസ്ലിം സഹോദരന്‍ പണിപ്പെട്ടു ജപ്പാനില്‍ പോയി പള്ളിയുടെ ഫോട്ടോ എടുത്തു കൊണ്ടുവന്നതാകണം. പ്രശസ്തി ഭയന്ന് ഫോട്ടോഗ്രാഫര്‍ തന്റെ പേര്  ചിത്രത്തോടൊപ്പം കൊടുക്കാതെ ഒഴിവാക്കിയതാവാനെ തരമുള്ളൂ.   
(2) എല്ലാ മുസ്ലീങ്ങള്‍ക്കും ഈ വാര്‍ത്ത എത്തുന്നതിലൂടെ,  അഥവാ ആര്‍ക്കെങ്കിലും ഇപ്പോള്‍ ജപ്പാനില്‍ പോകേണ്ടതായ ആവശ്യകത വന്നിട്ടുണ്ടെങ്കില്‍ , നിസ്ക്കരിക്കാന്‍ പള്ളി ഉണ്ടാകുമോ എന്ന് ഭയപ്പെട്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്യാനൊന്നും നില്‍ക്കേണ്ടതില്ലാ, സമാധാനമായി പോയ്ക്കൊള്ളൂ  എന്നും.  

പടച്ച തമ്പുരാന്‍ ഇങ്ങനെ ഓരോ പ്രകൃതി ദുരന്തങ്ങള്‍ വരുത്തിവക്കുകയും അവിടെയെല്ലാം ഓരോ പള്ളികള്‍ ബാക്കിയാക്കുകയും ചെയ്യുന്നതിന്റെ യുക്തിയൊന്നും നമ്മള്‍ അന്വേഷിക്കേണ്ടതില്ല. അത് പടച്ചവനു മാത്രം അറിയാവുന്ന കാര്യം. എന്നാല്‍ സംരക്ഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമെന്ന് നാം കരുതുന്ന മക്കയിലെ ക'അബ പല സന്ദര്‍ഭങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് വിധേയമാവുകയും പുതുക്കി പണിയപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ചരിത്രം. 1941-ലെ മക്ക വെള്ളപ്പൊക്കവും ക'അബയെ ഒഴിവാക്കിയില്ലല്ലോ.  അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ പള്ളികള്‍ സുനാമിയില്‍ ഇനി തകര്‍ന്നിട്ടില്ലാ എന്ന് തന്നെ വന്നാലും അതിനു പ്രത്യേകിച്ച് വിശേഷമൊന്നുമില്ല എന്നല്ലേ? യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ചോദിച്ചു പോവുകയാണ്...
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്.

മറ്റൊന്ന് കൂടി ഇവിടെ അടിവരയിട്ടു മനസ്സിലാക്കണം. ഇതുപോലുള്ള 'അത്ഭുത സംഭവങ്ങള്‍ ' എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലും ഉണ്ടാവാറുണ്ട്. ഇതെല്ലാം ഒരേയൊരു അല്ലാഹുവിന്റെ അറിവോടെയും സമ്മതത്തോടെയും തന്നെ അല്ലേ സംഭവിക്കുന്നത്‌? അല്ലാതെ മറ്റു സമുദായങ്ങളില്‍ കാണുന്ന   'അത്ഭുത സംഭവങ്ങള്‍ ' അവരുടെ ദൈവങ്ങളുടെ ലീലാവിലാസങ്ങളും മുസ്ലിം പള്ളി കാക്കുന്നത് അല്ലാഹുവിന്റെ കുദ്റത്തും എന്ന് ഏതെങ്കിലും ഒരു സത്യവിശ്വാസിക്ക് കരുതാനാവുമോ? 

ആംസ്ട്രോങ്ങ് ചന്ദ്രനില്‍ 'ബാങ്ക് വിളി' കേട്ടു, ബഹിരാകാശ യാത്രക്കാര്‍ മക്കയും മദീനയും ബഹിരാകാശത്തുനിന്നു ദര്‍ശിച്ചു എന്ന് തുടങ്ങി പലതും നാം നെറ്റ് വഴി അറിഞ്ഞു. പന്നിപ്പനി നാട്ടില്‍ പരന്നപ്പോള്‍ അമേരിക്കക്കാരന്‍ പന്നി വളര്‍ത്തുന്നതിനെ നാം പഴിച്ചു. പക്ഷിപ്പനി പടര്‍ന്നപ്പോള്‍ കോഴി വളര്‍ത്തുന്നതിനെ പഴിക്കാന്‍ മറന്നു. ഇങ്ങനെ പോകുന്നു നമ്മുടെ ദീനി സേവനം. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും വടം എടുക്കാന്‍ ഓടുന്ന മുസ്ലിം യുവത! (കയര്‍ അല്ലാ വടം തന്നെ ആവട്ടെ. ഇനി അഥവാ പുറത്തു വന്നത് ആനക്കുട്ടി ആണെങ്കിലോ എന്ന ദീര്‍ഘ വീക്ഷണം.) 
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി ?

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -5 ?



അസ്സലാമുഅലൈക്കും, 
ഇസ്ലാം കാര്യങ്ങളാണല്ലോ പറഞ്ഞു തുടങ്ങിയത്. ഇസ്ലാം കാര്യങ്ങളില്‍ രണ്ടാമതായി എണ്ണുന്നത് നമസ്കാരമാണ്. അതിനാല്‍ ഇന്നത്തെ ചര്‍ച്ച നമ്മുടെ നമസ്കാരത്തെക്കുറിച്ച് തന്നെയാവട്ടെ.
പറഞ്ഞാല്‍ തീരാത്തത്ര ശ്രേഷ്ടതകളാണ് ഇസ്ലാമില്‍ നമസ്ക്കാരത്തിനുള്ളത്. 'അല്ലാഹുവും മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നമസ്കാരം" എന്ന ഒരൊറ്റ സവിശേഷത തന്നെ മതി നമസ്കാരത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍. ഇങ്ങനെയുള്ള നമസ്കാരത്തെ ഇന്ന് മുസ്ലിം സമുദായം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നൊന്ന് വിശകലനം ചെയ്യാം. 
"നമസ്കാരം മനുഷ്യനെ മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നിശ്ചയമായും തടയും" എന്ന് നേര്‍ക്കുനേര്‍ അള്ളാഹു ഉണര്‍ത്തുന്നു. "നിങ്ങളിലൊരാളുടെ വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും, അയാള്‍ ദിവസവും അഞ്ചു നേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍, അയാളില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അത്പോലെ അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ വഴി അള്ളാഹു പാപങ്ങള്‍ മായിച്ചു കളയുന്നു". എന്ന് തിരുവചനം. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം നമ്മുടെ ഇന്നത്തെ അവസ്ഥയെ നിരൂപണം ചെയ്യാന്‍. 
നാം നേരത്തെ സൂചിപ്പിച്ചത് പോലെ കള്ളം, ചതി, വഞ്ചന എന്നുവേണ്ടാ എല്ലാവിധ തിന്മകളിലും "ഈ ഉത്തമ സമുദായത്തിന്‍റെ" പ്രാതിനിധ്യം മറ്റു സമൂഹങ്ങളോട് ശരാശരി കിടപിടിക്കാവുന്നതാണ്. എന്ത് പറ്റി നമ്മുട നമസ്കാരങ്ങള്‍ക്ക്? 'പടച്ചോനെ പേടിച്ചു' പള്ളിയില്‍ പോകുന്ന നമ്മള്‍ 'പടച്ചോനെ സ്നേഹിച്ചു' പള്ളിയില്‍ പോകുന്ന അവസ്ഥയിലേക്ക് മാറുന്നതിലൂടെ മാത്രമേ ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാവു എന്ന് തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വരണം. പടച്ചവനെ പേടിക്കാനാണ് നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാലാവാം കര്‍മ്മങ്ങളുടെ ബാഹ്യരൂപങ്ങള്‍ക്ക്‌ അമിത പ്രാധാന്യം വന്നിട്ടുണ്ടെങ്കിലും അവയുടെ ആത്മാവ് ചോര്‍ന്നു പോയിരിക്കുന്നത്.  
ഇനി ബാഹ്യരൂപങ്ങളുടെ തന്നെ കാര്യമെടുത്താലും, മുന്‍ഗണനാക്രമത്തില്‍ കാര്യമായ ഒരു അഴിച്ചുപണിതന്നെ വേണ്ടിവരും എന്ന് കാണാം. ഉദാഹരണമായി, നമസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'സുജൂദ്' എങ്ങനെ വേണം എന്നതിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, താരതമേന്യ പ്രാധാന്യം കുറഞ്ഞ 'കൈ കെട്ടല്‍', 'വിരല്‍ ചൂണ്ടല്‍' മുതലായ കര്‍മ്മങ്ങളിലെ സൂക്ഷ്മതയാണ്. കൃത്യമായി 'സുജൂദ്' ചെയ്യാന്‍ അറിയുന്ന എത്ര ആളുകള്‍ നമ്മിലുണ്ടെന്നു ഒരു ആത്മപരിശോധന നടത്തുന്നത് നന്നാവും.
യോഗാസന ക്ലാസ്സില്‍ ഒരാഴ്ചത്തെ ഹ്രസ്വകാല പരിശീലനം കഴിഞ്ഞു ദിനേന അത് അഭ്യസിക്കുന്ന ഒരാള്‍ക്ക്‌ പിന്നീടൊരിക്കലും വജ്രാസനയിലെ ഇരുത്തമോ, പദ്മാസനത്തില്‍ വിരലുകള്‍ എങ്ങനെ ചൂണ്ടണം (മുദ്രകള്‍) എന്നോ പിന്നീടാരും പഠിപ്പിക്കേണ്ടാതായി വരുന്നില്ല. എന്നാല്‍ സുജൂദ് ചെയ്യാന്‍ നാം ഒത്തുപള്ളിയിലും, പള്ളിക്കൂടത്തിലും, തുടര്‍ന്ന് വയളുകളിലും, ഖുറാന്‍ ക്ലാസ്സിലും പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും ഒരു ശക്ക്‌... എങ്ങനാ ശരിയായി സുജൂദ് ചെയ്യുക?
ഇനി നമസ്കാരത്തിന് നിന്നാലുള്ള അവസ്ഥയോ? ഇമാമിന്‍റെ തക്ബീറിന്റെ ഈണവും താളവും അനുസരിച്ചാണ് മിക്കവാറും സുജൂദില്‍ നിന്ന് 'ഇടയില്‍ ഇരുത്തമാണോ' 'നില്‍ക്കാലാണോ' എന്നൊക്കെ നമ്മള്‍ തീരുമാനിക്കുന്നത്. തക്ബീറിന്റെ ട്യുണ്‍ ഒന്ന് മാറിയാല്‍ ആകെ കണ്ഫ്യുഷന്‍. ഏകാഗ്രത എന്നതൊക്കെ നമ്മില്‍ നിന്ന് എന്നേ കൈമോശം വന്നിരിക്കുന്നു. ശരിയാണോ?        
മറ്റൊന്ന്. വുളു ചെയ്യുവാനായി വെള്ളം അമിതമായി ഉപയോഗിക്കുന്നതും ഇക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണെന്ന് തോന്നുന്നു.  പലപ്പോഴും ഞാന്‍ ഇടത്തെ കാലു കഴുകുമ്പോഴാണ് "അയ്യോ വലത്തേക്കാല് രണ്ടു പ്രാവശ്യമല്ലേ കഴുകിയുള്ളൂ" എന്നോര്‍ക്കുക. പിന്നെ ആദ്യം മുതല്‍ ചെയ്യുകയല്ലേ തരമുള്ളൂ? മനസ്സാന്നിധ്യം കിട്ടുന്നില്ല. എന്ത് ചെയ്യാം? പാരിസ്ഥിതിക മാറ്റങ്ങളുടെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലക്ഷാമവും, ഊര്‍ജ്ജക്ഷാമവും പരിഗണിച്ചെങ്കിലും നമ്മുടെ 'വസുവാസിനു' പരിഹാരം കണ്ടേ തീരൂ. ദുര്‍വ്യയം അത് എന്തിലായാലും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഇബാദത്തുകളിലും ശ്രദ്ധിക്കേണ്ട്തായുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 'ഇബാദാത്തുകള്‍' എന്നത് ഒരു ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമാണെങ്കില്‍ നമ്മള്‍ ആ മാര്‍ഗത്തെത്തന്നെ ലക്ഷ്യമായി കരുതി, ലക്‌ഷ്യം മറന്നുകൊണ്ട് മാര്‍ഗം പരിപോഷിപ്പിക്കുന്നു. അതിനാലാവാം നമസ്ക്കരിക്കുന്നവനില്‍ നിന്ന് "മ്ലേച്ഛവും നിഷിദ്ധവുമായ" കാര്യങ്ങള്‍ തടയപ്പെടുന്നതായി കാണപ്പെടുന്നില്ല.
തോന്നുന്നില്ലേ? ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്?
സസ്നേഹം,

2011, മാർച്ച് 10, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി -4?



 അസ്സലാമുഅലൈക്കും,
... ഇനി നമുക്ക്, നാം ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയായ "ഇസ്ലാം കാര്യങ്ങളെ" ഇന്ന് നമ്മുടെ സമുദായം എങ്ങനെ സമീപിക്കുന്നു എന്ന് നോക്കാം.
ഓത്തുപള്ളിയില്‍ പാടിപ്പടിച്ച ഈരടികളാണ് ഓര്‍മയില്‍ വരുന്നത്.   
"ഇസ്ലാം കാര്യങ്ങള്‍ അഞ്ചാണ്... അത് അറിയല്‍ നമുക്ക് ഫര്ള്ളആണ്, 
ഇസ്ലാം കാര്യമറിഞ്ഞില്ലെങ്കില്‍ നരകം നമ്മുടെ വീടാണ്" 
അര്‍ത്ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതില്‍ നിന്ന് ഒന്നും ഉള്‍ക്കൊള്ളതിരിക്കുകയും ചെയ്യുന്ന നമ്മുടെ ദയനീയാവസ്ഥയെക്കുറിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി  തന്നെ വേണം മേല്‍ ഈരടികളും കാണാന്‍. ഇവിടെ പറഞ്ഞത് പോലെ "ഇസ്ലാം കാര്യങ്ങള്‍ 'അറിയല്‍ ' മാത്രമേ നിബന്ധമാകുന്നുള്ളൂ' എന്നാ ഒരു കാഴ്ചപ്പാട് നമ്മുടെ ഇടയില്‍ പരന്നിട്ടില്ലേ എന്ന് സംശയിക്കണം. 
ഇനി "ഇസ്ലാം കാര്യങ്ങളെ നമുക്ക് ഒന്നൊന്നായി വിശകലനം ചെയ്തു നോക്കാം:-
1 .  ശഹാദത്തുകലിമ: അള്ളാഹു അല്ലാതെ ഒരു "ഇലാഹ്"ഇല്ലെന്നും, മുഹമ്മദു (നബി സ. അ.) അള്ളാഹുവിന്റെ ധൂതനാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു - എന്ന് മനസ്സില്‍ ഉറപ്പിച്ചു പറയലാണല്ലോ ഒന്നാമത്തെ കര്‍മ്മം. ഒരു കര്‍മ്മം എന്ന രീതിയില്‍ ഏറ്റവും എളുപ്പമായത്‌ തന്നെ. എന്നാല്‍ ഇതില്‍ "സാക്ഷ്യം വഹിക്കുന്നു" എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം, നേരിട്ട് കണ്ട കാര്യങ്ങളെയാണ് "സാക്ഷ്യം" എന്ന പദം കൊണ്ട് നാം സാധാരണ അര്‍ത്ഥമാക്കുന്നത്. ഏതായാലും ഒരു വ്യക്തി മനസ്സില്‍ എന്താണ് ഉറപ്പിച്ചിരിക്കുന്നത് എന്ന് അവനും പടച്ച തമ്പുരാനും മാത്രം അറിയാവുന്ന കാര്യമായതിനാല്‍ ആ വിഷയത്തില്‍ ചര്‍ച്ച അപ്രസക്തമാണ്. അതങ്ങനെ നില്‍ക്കട്ടെ.
"ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിനെ ഭാഷാന്തരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. "No God but Allah " എന്ന് ഇഗ്ലീഷിലും, "ഒരു ദൈവവുമില്ല, അള്ളാഹു അല്ലാതെ" എന്ന് മലയാളത്തിലും തര്‍ജ്ജിമ ചെയ്തു കാണുന്നു. ഇത് ഭീമമായൊരു തെറ്റിദ്ധാരണയിലേക്കാണ് അറബി മനസ്സിലാകാത്ത മഹാഭൂരിപക്ഷത്തെയും എത്തിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് നമ്മുടെ ദൈവമോ പരമേശ്വരനോ ഒന്നും പറ്റില്ല, അവരുടെ അള്ളാഹു തന്നെ വേണം എന്ന് ഒരു അമുസ്ലിം സഹോദരന്‍ ധരിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? വാക്കര്‍ത്ഥം ഒഴിവാക്കി, "ദൈവം ഏകനാണ്" എന്ന്  "ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിന് അര്‍ഥം കൊടുത്തിരുന്നെങ്ങില്‍ "നിങ്ങളുടേയും, ഞങ്ങളുടേയും രക്ഷിതാവ് ഒന്ന് തന്നെ" എന്ന ഖുര്‍ആന്‍ വാക്യം ഇതരമതസ്ഥര്‍ക്ക് എത്ര പെട്ടെന്ന് മനസ്സിലാകുമായിരുന്നു!
സായിപ്പ് "There lies the point" എന്ന് പറഞ്ഞതിനെ "ദാണ്ടെ കെടക്കുന്നു സായിപ്പിന്റെ മൊന" എന്ന് തര്‍ജിമ ചെയ്താല്‍ ജനം കരുതുക സായിപ്പിന്റെ കയ്യിലിരിക്കുന്ന പെന്‍സില്‍ താഴെ വീണ് മുന ഒടിഞ്ഞുപോയി എന്നാവും. പറഞ്ഞുവരുന്നത്, ഇസ്ലാമിക പാഠങ്ങള്‍ ഭാഷാന്തരം ചെയ്യുന്നതില്‍ മുസ്ലിം സമൂഹം കുറച്ചുകൂടി വിശാലത കാണിക്കേണ്ടിയിരിക്കുന്നു എന്നാണ്. അക്ഷരങ്ങളല്ല ആശയമാണ് തര്‍ജിമ ചെയ്യപ്പെടെണ്ടാതെന്ന തിരിച്ചറിവ് ഇനിയും നാം ആര്‍ജിക്കേണ്ടാതായിട്ടുണ്ട്. 

അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മാർച്ച് 8, ചൊവ്വാഴ്ച

ചിരിയും ചിന്തയും - 1


'ആത്മനൊമ്പരം' ബ്ലോഗില്‍ നൊമ്പരങ്ങള്‍ മാത്രം മതിയോ, അല്‍പ്പസ്വല്പം നര്‍മവും ആയിക്കൂടെ എന്ന് ഒരു സഹോദരന്‍ ചോദിച്ചിരിക്കുന്നു. 
ഒന്ന് ശ്രമിച്ചുനോക്കാം എന്താ? ചിരിക്കാനും ചിരിപ്പിക്കാനും തയ്യാറായി ഇരിക്കുക.

ഞാന്‍ കാഞ്ഞൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് ഹൈ സ്കൂളില്‍ ആറിലോ ഏഴിലോ പഠിക്കുന്ന കാലം. ശിവദാസനും, ദേവസ്സികുട്ടിയുമാണ് അടുത്ത സുഹൃത്തുക്കള്‍ .
ഒരുദിവസം ദേവസ്സിക്കുട്ടി ക്ലാസ്സില്‍ വന്നത് പുതിയൊരു വിജ്ഞാനവുമായിട്ടായിരുന്നു. - 
ഞങ്ങള്‍ ക്രിസ്ത്യാനികള്‍ സന്ധ്യാനേരത്ത് 'കര്‍ത്താവിന്റെ' ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചുവച്ചു, "സ്വര്‍ഗസ്ഥനായ പിതാവേ... ആകാശത്തിലെ പോലെ ഭൂമിയിലും ആക്കേണമേ" എന്ന് പ്രാര്‍ഥിക്കും. 
ശിവദാസന്റെ വീട്ടില്‍ സന്ധ്യാദീപം കൊളുത്തിവച്ച് "നാരായണാ.. നാരായണാ..." എന്ന് നാമം ജപിക്കുന്നത്‌ കേട്ടിട്ടുണ്ട്. 
ഈ മുസ്ലീങ്ങള്‍ ഉണ്ടല്ലോ, അവര്‍ക്ക് എന്നും പരാതി തന്നെ പരാതി. ദൈവം തമ്പുരാന്‍ എത്രയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ടെങ്കിലും "ഞങ്ങളുടെ അടുത്ത് ഒന്നും ഇല്ലാ അള്ളാ... ഒന്നും ഇല്ലാ അള്ളാ..." എന്നിങ്ങനെ ദൈവത്തോട് പരാതിപ്പെട്ടുകൊണ്ടിരിക്കും. (ലാ ഇലാഹ ഇല്ലഅല്ലാഹ്. എന്നതിന് ദേവസ്സിക്കുട്ടി മനസ്സിലാകിയ അര്‍ഥം അങ്ങനെ ആയിരുന്നു. ഒരു സ്വകാര്യം: ശരി എന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ ഈയുള്ളവനും പാണ്ഡിത്യം പോരായിരുന്നു കേട്ടോ.)  
ഏതായാലും പില്‍ക്കാലത്ത്‌ ടി.വി കണ്ടുപിടിക്കപ്പെട്ടതിനാല്‍ ദിനേന നടന്നുവന്നിരുന്ന ഈ 'പരാതി പറച്ചില്‍ ' നാട്ടിന്‍പുറത്തുനിന്നു മറഞ്ഞു പോയിരിക്കുന്നു. ദൈവത്തിനു ആശ്വാസം!

നിങ്ങള്‍ക്കും കാണുമല്ലോ ഇതുപോലുള്ള അനുഭവങ്ങളൊക്കെ. പങ്കുവയ്ക്കണേ.

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.

2011, മാർച്ച് 6, ഞായറാഴ്‌ച

നിങ്ങള്‍ക്കറിയാമോ -1


അസ്സലാമുഅലൈക്കും,
മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് ചിലര്‍ അന്വേഷിച്ചിരുന്നു. Google  Transliteration എന്നാ പ്രോഗ്രാം ആണ് ഞാന്‍ ഉപയോഗിക്കുന്നത്.  
ഈ സൈറ്റ് തുറന്നു,  മുകളില്‍ ഇടതുഭാഗത്ത്‌ കൊടുത്തിരിക്കുന്ന tab -ല്‍ 'Malayalam'  സെലക്ട്‌ ചെയ്യുക. അതിനുശേഷം എഴുതാനുള്ള field - ല്‍ 'മംഗ്ലീഷ്' എഴുതി   space  bar അമര്‍ത്തിയാല്‍ എഴുതിയ വാക്ക് മലയാളത്തില്‍ ആയി മാറും. ഇതു 'cut '/'copy '   ചെയ്തു മെയിലിലോ ബ്ലോഗിലോ 'paste ' ചെയ്യാവുന്നതാണ്.
എന്തെളുപ്പം.  
ഉദാഹരണം: "subuhaanallah ... ee  kamputtarinte  oru  kaaryam " ! എന്ന് ടൈപ്പ് ചെയ്താല്‍ "സുബുഹാനല്ലഹ്.. ഈ കമ്പുട്ടറിന്റെ ഒരു കാര്യം" ! എന്ന് എഴുതി വരും.

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.

2011, മാർച്ച് 5, ശനിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി -3

അസ്സലാമുഅലൈക്കും,
മുസ്ലിം സമൂഹത്തിന്റെ വര്‍ത്തമാന കാല അവസ്ഥകളാണ് നാം ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്ര- സാങ്കേതിക-വൈജ്ഞാനിക മേഖലകളിലെ നമ്മുടെ ദയനീയ സ്ഥിതി ഏകദേശം അനാവരണം ചെയ്യപ്പെട്ടു. ധര്‍മ്മം  നീതി, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങളില്‍ നാം എത്ര പോയന്റ് താഴെയാണോ, അതെ അളവില്‍ ധൂര്‍ത്ത്, സ്ത്രീധനം തുടങ്ങിയ ദുരാചാരങ്ങളില്‍ മുകളിലുമാണെന്ന്  കാണുന്നു. 
എന്റെ ഈ നിരീക്ഷണത്തെ വെറും "ആത്മനിന്ദയോ അപകര്‍ഷതാ ബോധമോ" ആയി വിലയിരുത്തിയവരുണ്ട് . എന്നാല്‍ നിക്ഷ്പക്ഷമായി ചുറ്റുപാടും ഒന്ന് കണ്ണോടിക്കുന്നവര്‍ എന്റെ പക്ഷത്താവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. 
കുറവുകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയുകയും, ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമല്ലേ ബുദ്ധിപരമായ രീതി? അല്ലാതെ 'കണ്ണടച്ച് ഇരുട്ടാക്കാന്‍' നോക്കിയാല്‍ നാം കൂടുതല്‍ കൂടുതല്‍ നിന്ദ്യരും, പരിഹാസ്യരും ആവുകയല്ലേ ചെയ്യുക? മൊത്തം മനുഷ്യസമൂഹത്തിനു മാതൃകയും, വഴികാട്ടിയുമാകേണ്ട "അള്ളാഹുവിന്റെ ഭൂമിയിലെ പ്രതിനിധികള്‍ (ഖുര്‍ആന്‍ 2 :30 ) "  ഇന്ന് വഴി അന്വേക്ഷിച്ച്‌  പടിഞ്ഞാറും കിഴക്കും ഉഴലുന്നു! 
പിന്നോക്കമാണെന്ന് (OBC) പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു ദുരവസ്ഥ! നാളെ നമ്മളെ പിടിച്ചൊന്ന് OBC ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി നോക്കട്ടെ. എന്തായിരിക്കും പുകില്‍ . സമുദായ നേതാക്കളും, നമ്മുടെ സ്വന്തം പാര്‍ട്ടിയുമൊക്കെ അടങ്ങിയിരിക്കുമോ? അവര്‍ ഒന്നിച്ചിടപെട്ടു നമ്മുടെ 'പിന്നോക്കാവസ്ഥ' നിലനിര്‍ത്തിത്തരും തീര്‍ച്ച.

ചോദിച്ചുപോവുകയാണ്‌  -  ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി?

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍

2011, മാർച്ച് 1, ചൊവ്വാഴ്ച

ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി - 2


അസ്സലാമുഅലൈക്കും,

മുസ്ലിം സമുദായത്തിന്‍റെ  ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ മുരടിപ്പിനെപ്പറ്റി പറഞ്ഞല്ലോ.
എന്നാല്‍ ഈ കുറവ് സമ്മതിക്കുന്ന പലരുംവൈജ്ഞാനിക രംഗത്ത് മുസ്ലിംകള്‍ പിന്നിലാണെന്ന് സമ്മതിക്കുകയില്ല. കാരണം ചരിത്രത്തിന്‍റെ അലിഫ്-ബ-ത അറിയാവുന്ന എല്ലാ മുസ്ലീംകള്‍ക്കും അറിയാം - പണ്ട് പണ്ടൊരു കാലത്ത് ഒരു സ്പെയിന്‍ ഉണ്ടായിരുന്നെന്നുംഗണിതശാസ്ത്രംവൈദ്യശാസ്ത്രംഗോളശാസ്ത്രം... എന്നുവേണ്ടാ പ്രമുഖ ശാസ്ത്ര ശാഖകളിലെല്ലാം മുസ്ലീംകളുടെ സംഭാവനകള്‍ വളരെ വലുതായിരുന്നെന്നും.   അല്‍ ഖവാരിസ്മിഇബ്നു സിനഇബ്നു ഹൈതംഅര്‍രാസി അങ്ങനെ എത്രയെത്ര മഹാന്മാര്‍ !! ...  ... ഇത് പറയുന്നതില്‍ ഒരുതരം ആത്മനിര്‍വൃതി  പലരിലും ഞാന്‍ ‍ദര്‍ശിച്ചിട്ടുണ്ട്. "ന്ടുപ്പുപ്പാക്കൊരാനെണ്ടാര്‍ന്നു" എന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥ പോലെ.
വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനകളുടെ ഭണ്ഡാരം ആണെന്ന് അവര്‍ക്ക് ഉറപ്പാണ്‌. 
ഖുര്‍ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏറ്റവും മഹ്ത്വരമായ കാര്യമാണ് എന്നും അവര്‍ക്കറിയാം.
ലോകത്ത് ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ലതാനും. 
അതായത്,  മുസ്ലീംകള്‍ ഖുര്‍ആന്‍  പഠിക്കുന്നുഅതോടെ വിജ്ഞാനകളുടെ ഭണ്ഡാരം  മുസ്ലീംകളുടെ കയ്യില്‍ സുരക്ഷിതം. ആത്മനിര്‍വൃതിക്ക് ഇതില്‍പ്പരം എന്ത് വേണം?
(പുണ്ണ്യത്തിനായി ഖുര്‍ആന്‍ പായായണം ചെയ്യുന്നതിന്റെ കര്‍മശാസ്ത്ര വശം ദയവായി ഈ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുക)
മേല്‍പ്പറഞ്ഞ ഒന്നും രണ്ടും മൂന്നും പോയിന്‍റുകളില്‍ എല്ലാ മുസ്ലീംകള്‍ക്കും ഏകാഭിപ്രായമാണെന്ന് തോന്നുന്നു. എന്നാല്‍ പ്രശ്നം പഠനവും പാരായണവും തമ്മിലുള്ള വ്യത്യാസമാണ്. ഇംഗ്ലിഷ് അക്ഷരമാല മാത്രം അറിയാവുന്ന ഒരാള്‍ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുന്നത് രസകരമാവില്ലേഅതെ അക്ഷരമാല തന്നെ മതി അയാള്‍ക്ക്‌ ഫിലിപിനോ ഭാഷയോ തുര്‍ക്കി ഭാഷയോ പോലുള്ള പല ഭാഷകളും കൈകാര്യം ചെയ്യാന്‍ എന്നു ധരിച്ചാലോ? ഇങ്ങനെ ഓരാള്‍ ഞാന്‍  ഇംഗ്ലിഷ്ഫിലിപിനോതുര്‍ക്കി സാഹിത്യങ്ങള്‍ പഠിക്കുന്നു എന്ന് അവകാശപ്പെട്ടാല്‍ നാം എന്ത് പറയുംഇത് തന്നെയല്ലേ മുസ്ലിം സമുദായത്തിന്‍റെ ഖുര്‍ആന്‍ എന്ന വിജ്ഞാന ഭണ്ഡാരവുമായുള്ള ബന്ധവുംലോകത്ത് എവിടെയെങ്കിലും ആരെങ്കിലും ഇന്ന് ഖുര്‍ആന്‍ പഠന-മനനം ചെയ്യുന്നുണ്ടോഇല്ലെന്നു നമുക്ക് ഉറപ്പിച്ചു പറയാനാവും. ഉണ്ടായിരുന്നെങ്കില്‍ ഒരു അല്‍ ഖവാരിസ്മിയോ , ഇബ്നു സിനയോ ആധുനിക ലോകത്ത് ഉണ്ടാകുമായിരുന്നില്ലേനമ്മളിന്നു മാനത്തേക്ക് നോക്കുന്നത് റമദാന്‍, ശവ്വാല്‍ ദുല്‍ഹജ്ജ്  ചന്ദ്രക്കലയ്ക്ക് മാത്രമാണ്. മനനം ചെയ്യുന്നത് ചന്ദ്രക്കല നഗ്നനേത്രം കൊണ്ട് കാണണോ അതോ ബൈനോക്കുലര്‍ വഴി ആകാമോ എന്നും. ഇതില്‍ കൂടുതലായി ഒരു വാനനിരീഷണം മുസ്ലിം സമുദായത്തിന് അന്യമാണ്.
അങ്ങനെ വിജ്ഞാന ഭണ്ഡാരവുമായി നാം ഉറങ്ങുന്നു. നേരത്തെ എഴുതിയിരുന്നത്പോലെ മറഞ്ഞു നിന്ന് ഇത് കേട്ടവര്‍ ആണോ എന്നറിയില്ല... അവര്‍ കടലുംകരയും ആകാശവും പഠിക്കുന്നു. മുസ്ലിം സമുദായം "പൂച്ചക്കെന്തു പോന്നുരുക്കുന്നേടത്ത് കാര്യം" എന്ന നിസ്സങ്കതയിലും.
"ഗ്രന്ഥം ചുമക്കുന്ന കഴുത" എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗം (ഖുര്‍ആന്‍ 62:5) ഞങ്ങളെ ഒട്ടും ആലോസരപ്പെടുത്തുന്നുമില്ല. 
ഒരുകാര്യം കൂടി പറഞ്ഞു നിര്‍ത്താം. "ചൈനയില്‍ പോയിട്ടാണെങ്കിലും 'ഇല്മുനേടണം എന്ന് പ്രവാചകന്‍ (സ.അ) പറഞ്ഞത് ചൈനയില്‍ പോയി ഖുര്‍ആന്‍ പഠിക്കാനാവില്ല എന്ന് വ്യക്തം. 
ചോദിച്ചുപോവുകയാണ്‌  -  ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി?

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.