അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 8 ?


അസ്സലാമുഅലൈക്കും,
ഇനി നമുക്ക് 'സക്കാത്തി'നെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ സംസാരിക്കാം. ഇസ്ലാം കാര്യങ്ങളില്‍ നാലാമതായി എണ്ണുന്നത് സക്കാത്ത് ആണല്ലോ. അറബി ഭാഷയില്‍ സക്കാത്ത് എന്ന പദത്തിന് വളര്‍ച്ച, ശുദ്ധീകരണം എന്നൊക്കെയാണ് വാക്കര്‍ത്ഥം. എന്നാല്‍ സാങ്കേതികമായി - 'ഒരാളുടെ സമ്പത്ത് നിശ്ചിത പരിധിയെത്തിയാല്‍ അതില്‍ നിന്ന് ഒരു നിശ്ചിത വിഹിതം, നിശ്ചിത വിഭാഗത്തിന് അര്‍ഹമായിത്തീരുന്നു' എന്ന ഒരു ഇസ്ലാമിക വ്യവസ്ഥിതിയാണ് സക്കാത്ത്. 
ഈ വ്യവസ്ഥിതിക്ക് പടച്ചതമ്പുരാന്‍ 'സക്കാത്ത്' എന്ന സംജ്ഞ തന്നെ തെരഞ്ഞെടുത്തതിലൂടെ, സക്കാത്ത് 'കൃത്യമായി കണക്കാക്കി അര്‍ഹിക്കുന്നവര്‍ക്ക് തന്നെ' നല്‍കുന്നതിലൂടെ നീക്കിരിപ്പ് ധനം ശുദ്ധീകരിക്കപ്പെടുന്നുവെന്നും, അത് നമ്മുടെ ധനത്തില്‍ അഭിവൃദ്ധിയുണ്ടാക്കുന്നുവെന്നും നാം ഓര്‍ക്കാറുണ്ടോ?
അതിരിക്കട്ടെ, നമ്മുടെ സമുദായം ഇന്ന്  സക്കാത്ത് എന്ന പദത്തിനു ദാനം, ധര്‍മ്മം എന്നൊക്കെയാണല്ലോ അര്‍ത്ഥം നല്‍കി വരുന്നത്. സക്കാത്ത്, സ്വദഖ എന്നിവ കൂട്ടിക്കുഴച്ചു വലിച്ചെറിയുന്ന ധര്‍മ്മക്കാശ് വാങ്ങാന്‍, വലിയ " ധര്‍മിഷ്ഠരുടെ " വീടിനു മുമ്പില്‍ റമദാന്‍ മാസത്തില്‍ ക്യു നില്‍ക്കുന്നവര്‍ മുസ്ലിം ലോകത്ത് പതിവ് കാഴ്ചയാണ്. സക്കാത്ത് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് മരണം വരെ ഓരോ വര്‍ഷവും സംഭവിക്കുന്നു. 
അങ്ങനെ ' ധനികന്റെ ബാധ്യത'യും 'ദരിദ്രന്റെ അവകാശ'വുമായ സക്കാത്ത് കേവലം 'ധനികന്റെ ഔദാര്യ'വും, 'ദരിദ്രന്റെ ആത്മനിന്ദ'യുമായി മാറിയ കാഴ്ച ദയനീയമാണ്. സമൂഹത്തില്‍ ഇത് വരുത്തിയിരിക്കുന്ന ദീര്‍ഘകാല പ്രതിഫലനങ്ങളാണ് അതിനേക്കാള്‍ പരിതാപകരം. എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ആത്മനിന്ദ കാലക്രമേണ ഒരുതരം ആത്മനിര്‍വൃതിയുടെ തലം വരെ എത്തി, എന്നും കൈ നീട്ടുന്നവനായി ഒരു സമൂഹം അധപ്പതിക്കുന്നു. അഥവാ ദരിദ്രന്‍ കാലാകാലം ദാരിദ്രനായിത്തന്നെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു മാനസികാവസ്ഥ! നിഷ്ക്രിയത്വം. നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ ഇത് ബോധ്യമാവും. ഇടത്തര വിഭാഗത്തേക്കാള്‍ സുരക്ഷിതരല്ലേ ദരിദ്ര കുടുംബങ്ങള്‍ ?  
ഭിക്ഷ ചോദിച്ചുവന്ന ആള്‍ക്ക് പണിയായുധം വാങ്ങിക്കൊടുത്തു, ജോലി ചെയ്തു ജീവിക്കാന്‍ പ്രേരിപ്പിച്ച ആ പ്രവാചക മാതൃക എവിടെ? അധ്വാനിക്കുന്നവന്റെ പരുപരുത്ത കൈപ്പത്തി പിടിച്ചു നോക്കി, സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ആ സമൂഹം എവിടെ?
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ നിലക്കുള്ള സക്കാത്ത്, സമൂഹത്തില്‍ നിന്ന് ദാരിദ്രം ഇല്ലാതാക്കുന്നില്ല എന്നുമാത്രമല്ല, പരാശ്രയത്വം പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് പറയേണ്ടി വരും. പള്ളികള്‍ , റെസ്റ്റൊരന്റുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നുവേണ്ട നാലുപേര്‍ കൂടുന്ന എവിടെയും സഹായ അഭ്യര്‍ത്ഥനയുമായി ഇരിക്കുന്ന സ്ത്രീകളെ സ്ഥിരമായി കാണുന്നത് ദരിദ്രരാജ്യമായ എത്യോപ്യയിലോ ബംഗ്ലാദേശിലോ അല്ല; ഇവിടെ ഇങ്ങു സൗദിഅറേബ്യയില്‍ ആണെന്നോര്‍ക്കണം. വേനലിന്റെ അമ്പത് ഡിഗ്രി കൊടുംചൂടില്‍ സ്ത്രീകള്‍ കൈക്കുഞ്ഞുമായി ട്രാഫിക്‌ സിഗ്നലില്‍ നിന്ന് ഭിക്ഷ യാചിക്കുന്നതു, എണ്ണ സമ്പന്നമായ സൗദി, മുസ്ലിം രാജ്യമായതിനാല്‍ മാത്രമാണെന്ന് ഞാന്‍ കരുതുന്നു. മുസ്ലിങ്ങള്‍ പൊതുവേ ധര്‍മിഷ്ഠരാണല്ലോ. 
എന്തോ ഒരു പന്തികേട്‌ കാണുന്നില്ലേ? 
മനസ്സിലാകുന്നില്ല. ഈ മുസ്ലിം സമുദായത്തിനെന്തു  പറ്റി എന്ന്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ