പ്രിയ സഹോദരന്മാരെ,
ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മനുഷ്യന്റെ ജീവിതസൗകര്യങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഐ.ടി. മേഖലയുടെ കടന്നു കയറ്റം ഈ ലോകത്തെത്തന്നെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റി. അവനു വേണ്ടതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാണ് എന്ന് പറഞ്ഞാല്‍പോലും അത് അതിശയോക്തിയാവില്ല. എന്നിട്ടും എല്ലാവരും ആത്മസംഘര്‍ഷത്തിലാണ്. മനശ്ശാന്തി, സമാധാനം അത് എവിടെയുമില്ല. സൗകര്യങ്ങള്‍ എപ്പാടുമുണ്ടെങ്കിലും ഒന്നിനും സമയമില്ല. ഇങ്ങനെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ഉഴലുന്ന മനുഷ്യന്‍ ദൈവത്തെ തേടുന്നത് സ്വാഭാവികം. പള്ളികള്‍ , അമ്പലങ്ങള്‍ , ചര്‍ച്ചുകള്‍ , ദര്‍ഗ്ഗകള്‍ , ആശ്രമങ്ങള്‍ , ധ്യാനകേന്ദ്രങ്ങള്‍ , സിദ്ധന്മാര്‍ , സ്വാമിമാര്‍ , ആള്‍ദൈവങ്ങള്‍ , ബീവിമാര്‍ ... ജാതിമത ഭേദമന്യേ എല്ലാവരും എല്ലായിടത്തും മനശ്ശാന്തി തേടി അലയുന്നു. അല്പം സമാധാനം, അല്പം സ്നേഹം, ഒരല്‍പം മനശ്ശാന്തി അതിനായുള്ള നെട്ടോട്ടത്തിലാണ് മനുഷ്യന്‍! അത് എവിടെനിന്ന് കിട്ടും? മതങ്ങളില്‍ നിന്ന് ശാന്തി ലഭിക്കുമോ?
ഇസ്ലാം മതമാണ് നിലവിലുള്ള മതങ്ങളില്‍ ഏറ്റവും നൂതനമായിട്ടുള്ളത്. മൂസ നബിയും (അ), ഈസ നബിയും (അ) അടക്കം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് "ഇസ്ലാം" ആണെങ്കിലും, മുഹമ്മദ് നബി (സ.അ) പൂര്‍ണമായി സമര്‍പ്പിച്ച "ഇസ്ലാം ദീന്‍ " എന്ന അര്‍ത്ഥത്തിലാണ് അത് ഏറ്റവും നൂതനമായത് എന്നു പറഞ്ഞത്.
പ്രസ്തുത ഇസ്ലാം (അഥവാ സമാധാനം) കൈമുതലായുള്ള നമുക്ക് മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ആയതിലേക്ക് ഇന്ന് നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളെ ആദ്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിനു മുന്നില്‍ ഈ ദീനിനെ അവതരിപ്പിക്കുന്ന വകയില്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മങ്ങളെയും ദീനി സേവനമായിട്ടാണ് താഴെ എണ്ണിയിരിക്കുന്നത്.
1 . ദിവസം നാല് വഖ്തും, സുബഹി (സൗകര്യം പൊലെ) യും നമസ്ക്കരിക്കുന്നു എന്നതാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യുന്ന ഏറ്റവും വലിയ ദീനി സേവനം എന്നെനിക്കു തോന്നുന്നു. ദിനേന നാല് നേരം പ്രാര്‍ത്ഥനക്കായി നാം സമയം കണ്ടെത്തുന്നു എന്നത് മറ്റുള്ളവര്‍ക്ക് ഒരു അത്ഭുതമാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നു പലരും അതിശയപ്പെടുന്നതായി കണ്ടിട്ടുണ്ട്.
2 . തൊപ്പി ധരിക്കുക എന്നതാണ് മറ്റൊരു അടയാളം. വസ്ത്രധാരണത്തിന്റെ ഭാഗമായി അത് ചെയ്യാന്‍ വൈമനസ്യമുള്ളവര്‍ പോലും ഒരു തൊപ്പി മടിയിലോ പാന്റ്സിന്റെ പോക്കറ്റിലോ കരുതുകയും നമസ്കാര സമയത്ത് അതെടുത്തു തലയില്‍ കമഴ്ത്തുകയും ചെയ്യാറുണ്ട്. പൊതു ഉപയോഗത്തിനായി പ്ലാസ്റ്റിക് തൊപ്പികളും ഓലപ്പായ് തൊപ്പികളും നാട്ടിലെ ചില പള്ളികളില്‍ കരുതിയിരിക്കുന്നത് കാണാം. സാധാരണയായി അഴുക്കുപിടിച്ചു കാണപ്പെടാറുള്ള ഇവ നമസ്കാരസമയത്ത് എടുത്തു ധരിക്കുന്നത് സുന്നത്ത് നിലനിര്‍ത്താനല്ലെങ്കില്‍ മറ്റെന്തിനാണ്? ത്യാഗം തന്നെ.
3 . താടി രോമങ്ങള്‍ പരമാവധി നീട്ടി വളര്‍ത്തുന്നു എന്നതാണ് അടുത്ത സേവനം. പുരുഷന്റെ മുഖസൗന്ദര്യത്തിനു 'ലൌലി ക്രീം' ആണോ അതോ 'ഹാന്‍സം ക്രീം' ആണോ കൂടുതല്‍ ഫലപ്രദം എന്നു തിരിയാതെ രണ്ടും വാങ്ങി മാറിമാറി തേച്ചു നോക്കുന്ന ഇക്കാലത്ത്, താടി നീണ്ട്‌വളരാന്‍ വിടുന്നത് തീര്‍ച്ചയായും ഒരു ത്യാഗം തന്നെ.
4 . താടി വളര്‍ത്തുന്നതോടൊപ്പം മീശ വടിക്കുന്നത് അടുത്ത കാലംവരെ ഒരു ത്യാഗമായി ഗണിക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ കോളേജുപിള്ളാരു മീശ വടിക്കല്‍ ഒരു ഫാഷന്‍ ആക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഈയൊരു സേവനത്തിന്റെ പൊതുജനശ്രദ്ധ കുറഞ്ഞുവരുന്നതായി തോന്നുന്നു.
5 . വസ്ത്രത്തിന്റെ ഇറക്കം ഞെരിയാണിയില്‍ നിന്ന് പരമാവധി ഉയര്‍ത്തി മുട്ടുകാലിനോട് അടുപ്പിക്കലും മറ്റൊരു ദീനി സേവനമായി കരുതാം. ഇതിനു കഴിയാത്തവര്‍ നമസ്ക്കരിക്കാന്‍ നില്‍ക്കുമ്പോള്‍ പാന്റ്സിന്റെ അടിഭാഗം അല്‍പ്പം മടക്കിവച്ച് സുന്നത്ത് ഒപ്പിക്കുന്നു.
6 . ഞങ്ങളുടെ നാട്ടില്‍ (സൗദി അറേബ്യ) കണ്ടുവരുന്ന മറ്റൊരു അടയാളമാണ് പോക്കറ്റില്‍ ഒരു മിസ്‌വാക്ക് കരുതുക എന്നത്. നമസ്കാരത്തിനു നിന്നാല്‍ ഇമാം കൈകെട്ടിയ ഉടനെ പോക്കറ്റില്‍നിന്ന് മിസ്‌വാക്ക് എടുത്തു ദന്തശുദ്ധി വരുത്തുക, ഓഫീസില്‍ ഇരിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും വരെ ഇടയ്ക്കിടെ മിസ്‌വാക്ക് ചെയ്യുക, റമദാന്‍ മാസത്തില്‍ പകല്‍ മുഴുവന്‍ മിസ്‌വാക്ക് കടിച്ചു പിടിച്ചു നടക്കുക എന്നിവയൊക്കെ ഇതില്‍ പെടും. കേരളത്തിലേക്ക് ഇതുവരെ ഈ ഒരു ദീനിസേവനം കാര്യമായി കടന്നുവന്നതായി കാണുന്നില്ല.
7 . മറ്റൊരു ദീനി സേവനമാണ് അറബി കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ വീട്ടിലും, വാഹനങ്ങളിലും, പൊതു സ്ഥലങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുക എന്നത്.
8 . ഇതേ ഗണത്തില്‍ പെടുന്ന മറ്റൊരു അടയാളമാണ് മൊബൈലില്‍ റിംഗ്ടോണ്‍ , കോള്‍ വൈറ്റിംഗ് മ്യുസിക് എന്നിവയൊക്കെ ഖുര്‍ആന്‍ പാരായണം, ദുആകള്‍ എന്നിവയൊക്കെ ആക്കി, അടുത്ത് നില്‍ക്കുന്നവരിലേക്കും, ഫോണില്‍ വിളിക്കുന്നവരിലേക്കും ദീനിന്റെ സന്ദേശം എത്തിക്കുക എന്നത്.
9 . മേല്‍പ്പറഞ്ഞവയൊക്കെ ദീനിന്റെ പ്രത്യക്ഷ അടയാളമായി കാണിക്കുന്നതോടൊപ്പം, "ആരാധന അള്ളാഹുവിനോട് മാത്രമേ പാടുള്ളൂ" എന്നു അമുസ്ലീം സഹോദരന്മാരെ ഉണര്‍ത്താനും നാം ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള നിങ്ങളുടെ ദൈവങ്ങളെയെല്ലാം വെടിഞ്ഞു ആരാധന അള്ളാഹുവിനോട് മാത്രം ആക്കുക എന്നല്ലാതെ, സത്യദീനിന്റെ മറ്റേതെങ്കിലും വശം നാം അവരോടു പറയാറുണ്ടോ? മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങി സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഏതെങ്കിലും ഒരു തിന്മക്കെതിരെ നമ്മുടെ ശബ്ദം മറ്റുള്ളവരുടെതിനേക്കാള്‍ ഉച്ചത്തില്‍ കേട്ടിട്ടുണ്ടോ?
ഇനി ഒന്ന് ആലോചിക്കു. ഇതാണോ അന്ത്യപ്രവാചകന്‍ നമ്മെ ഏല്‍പ്പിച്ചുപോയ കര്‍ത്തവ്യം? തീര്‍ച്ചയായും അല്ല. അതിനാല്‍ ഈ ലിസ്റ്റിലേക്ക് നിങ്ങളുടെ പക്കലുള്ള പോയിന്റുകളും ചേര്‍ക്കുക. അങ്ങനെ, ഇന്ന് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദീനി സേവനങ്ങളുടെ ഒരു ഏകദേശ ചിത്രം രൂപപ്പെടുകയും തുടര്‍ന്ന് "ഇനിയെന്ത്" എന്നു നമുക്ക് ചര്‍ച്ച ചെയ്യുകയുമാവാം.
നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.
വേദനിപ്പിക്കുന്ന വസ്തുതകളുടെ രസകരമായ അവതരണം. ചിരിപ്പിക്കുന ബ്രാക്കറ്റ് പ്രയോഗങ്ങള്‍ :).
മറുപടിഇല്ലാതാക്കൂനന്നായി. ഞാനിത് ഫോര്‌വേര്ഡ് ചെയ്യുന്നു..! നല്ല പോസ്റ്റ്..വളരെ വളരെ നന്നായി..!
Sahih Al-Bukhari Hadith 7.494B Narrated by Abu Amir
മറുപടിഇല്ലാതാക്കൂthat he heard the Prophet (saws) saying, "From among my followers there will be some people who will consider illegal sexual intercourse, the wearing of silk, the drinking of alcoholic drinks and the use of musical instruments, as lawful.”
abdul kader
നിങ്ങള്‍ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
മറുപടിഇല്ലാതാക്കൂഅവതരണവും നന്നായിട്ടുണ്ട്.
ഇത്തരം വിഷയങ്ങളെ പറ്റി താങ്കളില്‍ നിന്നും കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
സ്വന്തം അനുഷ്ടിക്കാൻ ആവുന്നില്ലെങ്കിൽ ഹദീസിനെ (നബിചര്യയെ) പരിഹസിക്കരുത് അതിനാൽ താങ്കള് നമ്മുടെ മുത്തു മുഹമ്മദ് റസൂൽ (സ) യെ സ്നേഹിക്കുന്നുവെങ്കിൽ ഉടനെ എഴുതിയത് മാറ്റുക
മറുപടിഇല്ലാതാക്കൂഅല്ലെങ്കിൽ താങ്കളിൽ തീര്ച്ചയായും അല്ലാഹുവിന്റെ കോപം ഉണ്ടാവും സംശയം ഇല്ല