അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മേയ് 6, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 9


അസ്സലാമുഅലൈക്കും, 

ഓരോ വ്യക്തിയുടെയും നിര്‍ബന്ധ ബാധ്യതകളായ - ഇസ്ലാം കാര്യങ്ങള്‍ - സമകാലിക മുസ്ലിം സമൂഹം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാതാണല്ലോ നാം ഒന്നൊന്നായി പഠന വിധേയമാക്കി വരുന്നത്. ഈ വിഷയത്തില്‍ അഞ്ചാമത്തേതും അവസാനത്തേതുമായ  'ഹജ്ജ്' നമുക്കൊന്ന് വിശകലനം ചെയ്യാം.

ദേശ-ഭാഷ-സംസ്കാര...  വൈജാത്യങ്ങളെല്ലാം മറന്നു, ഒരേ വസ്ത്രം ധരിച്ചു, ഒരേ മന്ത്രം ജപിച്ചു, ദിവസങ്ങളോളം ഒരിടത്ത് ഒത്തുകൂടുന്ന ഈ മഹാസംഗമം ഒരു മഹാ സംഭവം തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  
മാനവികതയാണ് ഹജ്ജിന്റെ സന്ദേശം. 
സമൂഹത്തില്‍ അവന്‍ ഏതു സ്ഥാനത്താണെങ്കിലും ഹജ്ജിനെത്തുന്നവന്റെ സ്ഥാനം ഒന്നാണ്. ഒരേ വേഷം, ഒരേ മന്ത്രം, ഒരേ ലക്‌ഷ്യം. കറുത്തവന്‍ വെളുത്തവന്‍ , മുതലാളി തൊഴിലാളി, പണ്ഡിതന്‍ പാമരന്‍ , അറബി, അനറബി അങ്ങനെ യാതോരുവിധത്തിലുള്ള വിവേചനവും അവിടെയില്ല. ഭൂലോകത്തു സമാനതകള്‍ ഇല്ലാത്ത ഈ കര്‍മത്തിലെ 'ത്യാഗം' , 'ആദര്‍ശ ഐക്യം' എന്നീ ഘടകങ്ങള്‍ വേറിട്ട ഒരനുഭവം തന്നെ!

എന്നാല്‍ ഈ ഒത്തുകൂടലില്‍ നിന്ന് ഇന്നത്തെ മുസ്ലിം സമുദായം എന്ത് പഠിക്കുന്നു? നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയവയില്‍ എന്നതുപോലെതന്നെ, ഹജ്ജിലും അതിന്റെ ബാഹ്യരൂപങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. ഈയടുത്ത കാലംവരെ നമ്മുടെ നാട്ടില്‍ , ജീവിതമൊക്കെ ഒരുമാതിരി ജീവിച്ചുതീര്‍ത്ത വൃദ്ധജനങ്ങള്‍ക്കുള്ള ഒരു പരിപാടിയായിട്ടാണ് ഹജ്ജ് കര്‍മ്മം ഗണിക്കപ്പെട്ടിരുന്നത്. "ഇനി ഇപ്പൊ ഒന്നിനും വയ്യാ... ഒരു ഹജ്ജു ചെയ്തു വന്നു വിശ്രമജീവിതം ആകാം. കച്ചവടമൊക്കെ ഇനി മക്കള്‍ നോക്കി നടത്തട്ടെ" എന്ന ഒരു നിസ്സങ്കത. 
കാലം മാറി. ഹജ്ജിനു പോയിവരുന്ന യുവജനങ്ങള്‍ വളരെയേറെയുണ്ട് ഇന്ന്. ഹജ്ജ് നിര്‍ബന്ധമില്ലെങ്കിലും കുട്ടികളെയും കൂടെകൂട്ടുവാന്‍ നാം പ്രാപ്തരായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.
തീര്‍ഥയാത്രയുടെ രൂപത്തിലും കാതലായ മാറ്റം വന്നു. കാല്‍നടയും, കപ്പല്‍ യാത്രയും ഒന്നും പുതുതലമുറ കേട്ടിട്ടുപോലുമില്ല. കാലഘട്ടത്തിനനുസരിച്ചു യാത്രാ / താമസ / ഭക്ഷണ സൗകര്യങ്ങള്‍ കൂടുന്നതിനാല്‍  'ത്യാഗം' എന്നത്, ഹജ്ജിനായി 'ചെലവഴിക്കുന്ന സമയം' മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് അതൊരു വലിയ ത്യാഗം തന്നെ, തീര്‍ച്ച.   
ത്യാഗപരിശ്രമങ്ങളുടെ കാര്യം അങ്ങനെ ആണെങ്കില്‍ ആദര്‍ശ ഐക്യത്തിന്റെ കാര്യമോ? ഹജ്ജിനും, റമദാനില്‍ ഉംറക്കും മറ്റും പോയി ലോക മുസ്ലീംകളെ നേരില്‍ പരിചയപ്പെട്ടു വന്നവരില്‍ അങ്ങനെ എന്തെങ്കിലും ഒരു ഐക്യനീക്കം  കാണാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം നിസ്കാരത്തില്‍ കൈ കേട്ടുന്നവനേയും കേട്ടാത്തവനേയും, ഖുനൂത് ഓതുന്നവനേയും ഓതാത്തവനേയും, തറാവിഹ് എട്ടുകാരനേയും  ഇരുപതുകാരനേയും ഉള്‍ക്കൊള്ളാന്‍ പോന്നവിധം വിശാലമാണ് ഈ ദീന്‍ എന്ന ഒരു ലളിത സത്യമെങ്കിലും മനസ്സിലാവാതെ വരുമായിരുന്നോ? എന്നാല്‍ ഓരോരുത്തനും സ്വന്തം  -വട്ടത്തില്‍ നിന്ന് പുറത്തേക്കൊന്നു എത്തി നോക്കാന്‍ പോലും മെനക്കെടുന്നില്ല. 

അങ്ങനെ, ഹജ്ജ് ടൂര്‍ ആയി പരിണമിക്കപ്പെട്ട ഹജ്ജ് തീര്‍ഥാടനം വര്‍ഷാവര്‍ഷം നിര്‍വഹിച്ചു നാം സായൂജ്യം കൊള്ളുന്നു. ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഴിവുള്ള, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധം ആകുന്നുള്ളൂ എന്നതൊന്നും നമുക്ക് ബാധകമല്ല!
എന്നിട്ടോ? ഇസ്ലാമിന്റെ മാനവികതയോ വിശാലതയോ തെല്ലുപോലും ഉള്‍ക്കൊള്ളാതെ വിഭാഗിയതയും മാത്സര്യബുദ്ധിയും മനസ്സില്‍ പേറി 'സമാധാനമായി' (ഇസ്ലാം എന്നാല്‍ സമാധാനം എന്നാണല്ലോ) കഴിയാന്‍ നമ്മള്‍ പഠിച്ചിരിക്കുന്നു.  

അതെ വീണ്ടും കര്‍മങ്ങള്‍ക്കായുള്ള ഒരു കര്‍മ്മം. ഹജ്ജ്. 
ഈ മുസ്ലിം സമുദായത്തിനെന്തു  പറ്റി?

1 അഭിപ്രായം: