അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2012 മേയ് 11, വെള്ളിയാഴ്‌ച

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് - 2

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മാനവികത യാത്ര കഴിഞ്ഞു. അതിന്റെ കാറ്റും കോളും ഒഴിഞ്ഞ ഈ ഇടവേളയില്‍, ശാന്തമായി അല്‍പ്പമൊന്നു ചിന്തിക്കാന്‍ നമുക്ക് നേരം കണ്ടെത്താം. യാത്രകൊണ്ട് കേരളത്തില്‍ മാനവികതാ സൂചിക ഉയര്‍ന്നോ എന്നൊന്നും അളക്കാനുള്ള ഉപകരണം നമ്മുടെ പക്കല്‍ ഇല്ലാത്തതിനാല്‍ ആ ചര്‍ച്ചക്ക് പ്രസക്തിയില്ല.

കേരള യാത്ര തുടങ്ങുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്-1"എന്ന ടൈറ്റി‍ലില്‍ ഇട്ടിരുന്ന പോസ്റ്റിങ്ങിനെ അനുകൂലിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടും ഏതാനും സുഹൃത്തുക്കള്‍ ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നു. വിമര്‍ശനങ്ങളിലെ പ്രധാനമായ പോയിന്റുകള്‍:

1 . ഇത് തെറ്റാണെങ്കില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെപ്പോലുള്ള ഒരു മഹാപണ്ഡിതന്‍ ഇതിനു എങ്ങനെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു?

വേദക്കാരിലെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുര്‍ആനിലെ സൂ:തൌബ ആയത്ത് 34-ല്‍ നമ്മെ താക്കീത് ചെയ്യുന്നു: "സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു".

ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു നൂതന ആശയവുമായി ഒരു മുസ്ലിയാര്‍ വന്നപ്പോള്‍ മേല്‍പ്പറഞ്ഞ ആയത്താണ് ആദ്യം ഓര്മ വന്നത്. ആയത്തില്‍ പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട "ധാരാളം പേര്‍" എന്ന പ്രയോഗം അടിവരയിട്ടു മനസ്സിലാക്കേണ്ടതാണ്. ഭൂരിപക്ഷം പണ്ഡിതരുടേയും, പുരോഹിതരുടെയും അവസ്ഥ ഇതാണെന്നല്ലേ അല്ലാഹു ഉണര്‍ത്തുന്നത്? ചോദ്യത്തിന് നേര്‍ക്കുനേര്‍ ഉത്തരം അതാണ്‌.

സ്വന്തം സമ്പാദ്യം മുഴുവനായിത്തന്നെ ദീനിനു വേണ്ടി ചെലവഴിക്കാന്‍ മത്സരിച്ച അബൂബകര്‍ സിദ്ദിക് (റ) ഉമര്‍ ഫാറൂക്ക് (റ) മുതലായ സഹാബിവര്യരെപ്പറ്റിയും, നിലത്തു പനമ്പായില്‍ കിടന്നു ഉറങ്ങിയിരുന്ന റസൂല്‍ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ദേഹത്ത് ഇന്തപ്പന ഓലയുടെ പാടുകള്‍ പതിഞ്ഞ ചരിത്രവും, ഒരുകാലത്ത് പള്ളിക്കും മദ്രസക്കും ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ടിരുന്ന വയള് പരമ്പരകളില്‍ AP മുസ്ലിയാരില്‍ നിന്ന് തന്നെ ഏറെ കേട്ടവരാണ് നാം. അതൊക്കെ പഴയ കഥ.

പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നാണല്ലോ ചൊല്ല്. രാഷ്ട്രീയത്തെക്കാളും, വിദ്യാഭ്യാസ കച്ചവടത്തെക്കാളും, ആശുപത്രിയേക്കാളുമൊക്കെ ലാഭകരമാണ് ഇന്ന് ആത്മീയ കച്ചവടം. സ്വാമിമാരും, അമ്മമാരും, ധ്യാനകേന്ദ്രങ്ങളും, ബീവിമാരും വരെ തിരിച്ചറിഞ്ഞ ഇക്കാര്യം അല്‍പ്പം വൈകിയാണെങ്കിലും നമ്മുടെ ഉസ്താദും തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ മുസ്ലിയാരുടെ രാജകീയ യാത്ര നമ്മെ ചിന്തിപ്പിക്കേണ്ടതല്ലെ?

2 . കാന്തപുരം മുസ്ലിയാര്‍ ചെയ്തിട്ടുള്ള നല്ല നല്ല കാര്യങ്ങളാണ് മറ്റു ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പള്ളി, മദ്രസ്സാ, കോളേജ്, അനാഥാലയങ്ങള്‍ ...

തീര്‍ച്ചയായും അതൊക്കെ വലിയ കാര്യങ്ങള്‍ തന്നെ. നല്ല കാര്യങ്ങളെ നാം എന്നും ആദരിച്ചിട്ടേ ഉള്ളു. എന്നുവച്ച് വളരെ നന്മകള്‍ ചെയ്യുന്ന ഒരു വ്യക്തി ഒരു തിന്മ ചെയ്താല്‍ ആ തിന്മയും നന്മയായി ഗണിക്കാനാവുമോ? നന്മ നന്മയായും, തിന്മ തിന്മയായും തന്നെ നിലനില്‍ക്കും. നന്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം, തിന്മകള്‍ കുറഞ്ഞപക്ഷം വെറുക്കപ്പെടുകയെങ്കിലും വേണം.

3. വെറുതെ എന്തിനാണ് ഈ വിഷയത്തിലൊക്കെ ഇടപെടുന്നത്? അവരെ വെറുതെ വിട്ടേക്കുക.

"ഒരു തിന്മ കണ്ടാല്‍അത് കൈകൊണ്ടു തടയുക. അതിനു കഴിയാത്തവര്‍ നാവു കൊണ്ട് തടയുക. അതിനും കഴിയാത്തവര്‍ മനസ്സില്‍ അതിനോട് വെറുപ്പ്‌ പുലര്‍ത്തുകയെങ്കിലുംചെയ്യുക" എന്ന പ്രാവചക വചനം തന്നെയാണ് അതിനുള്ള മറുപടി.

സഹാബാക്കളില്‍ നിന്ന് പരമ്പരാഗതമായി ഇങ്ങനെ ഒരു 'തിരുകേശം' കിട്ടി എന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ സഹാബാക്കളോ ആ പരമ്പരയിലെ ആരെങ്കിലുമോ ഇതുപോലെ ഒരു പള്ളി പണിയാതിരുന്നത് എന്തുകൊണ്ട്? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പും കാന്തപുരം മുസ്ലിയാര്‍ ഒരു ‘തിരുകേശം’ ഒറിജിനല്‍ ആണെന്ന് പറഞ്ഞു പ്രദര്‍ശിപ്പിച്ചിരുന്നല്ലോ. അത് ഒറിജിനല്‍ ആയിരുന്നെങ്കില്‍ പിന്നീട് മറ്റൊരു ഒറിജിനലിന്റെ ആവശ്യം എന്തായിരുന്നു? അന്ന് നടന്നില്ല. കുറച്ചുകൂടി ആളും അര്‍ത്ഥവും ഒക്കെ ആയപ്പോള്‍ വീണ്ടും ശ്രമിക്കുന്നു എന്നതല്ലേ ശരി?

കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ടു പലരും മുസ്ലിയാരെ പ്രകീര്‍ത്തിച്ചതായി കണ്ടു. എല്ലാ ആത്മീയ കച്ചവടക്കാരെയും പോലെ കയ്യില്‍ കുറച്ചു കാശും, പിന്നില്‍ കുറച്ചു ആളുകളും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണ് ഈ ജനക്കൂട്ടം. നന്മയിലേക്ക് ക്ഷണിച്ചാലാണ് ആളെ കിട്ടാന്‍ ബുദ്ധിമുട്ട്.

എത്രയെത സാമൂഹിക തിന്മകളാണ് ഇന്ന് കേരള സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒന്നിനെതിരെ തന്റെ സംഘടനാപാടവം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. അത് തന്നെയാണ് ഈ കുറിപ്പിനുള്ള പ്രേരണയും.  

2012 ജനുവരി 14, ശനിയാഴ്‌ച

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് 1


നാട്ടില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. പോക്കറ്റ് നിറയെ പണവുമായി പുറത്തിറങ്ങാന്‍ പറ്റുമെങ്കില്‍ ജീവിക്കാന്‍ നല്ല നാട്. 
പ്രകൃതിരമണീയം എന്നൊക്കെയാണ് അറിവുള്ളവര്‍ പറയുന്നത്. 
വല്ലാത്ത ഉഷ്ണം. കുഴപ്പമില്ല. പതിനഞ്ചു രൂപാ കൊടുത്താല്‍ ഒരുകുപ്പി വെള്ളം ഏതു പെട്ടിക്കടയിലും കിട്ടും.  നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ എന്താ വില. 
പിന്നെ റിയല്‍എസ്റ്റേറ്റ്‌ കച്ചോടം ആകെ ഡിം ആണത്രേ. ഭൂമിക്കൊക്കെ വലിയ വിലയാണ് ചോദിക്കുന്നത്. എന്നാല്‍ ആരും ഒന്നും വാങ്ങുന്നുമില്ല. എന്നിട്ടും വില കയറിക്കൊണ്ടേയിരിക്കുന്നു. 
മുല്ലപ്പെരിയാര്‍ ഇനിയൊരു അത്യാവശ്യം വരുമ്പോള്‍ "പൊട്ടിക്കാം" എന്ന് കരുതി രാഷ്ട്രീയക്കാരൊക്കെ തല്‍ക്കാലം അടങ്ങിയിരിക്കുന്നു. ഇതൊക്കെയാണ് പൊതുവിവരം.

വലിയ വലിയ ബാനറുകള്‍ , കവലകള്‍തോറും വാള്‍ പോസ്റ്ററുകള്‍ , നാഷണല്‍ ഹൈവേകളില്‍വരെ  ഉയര്‍ന്ന കമാനങ്ങള്‍ !! 
കാന്തപുരം A .P അബൂബക്കര്‍ മുസ്ലിയാരുടെ 2012 ഏപ്രില്‍ 12 മുതല്‍ 28  വരെ നീളുന്ന കേരളയാത്രയുടെ വിളംബരങ്ങളാണ് നാട്ടിലാകെ. ഏതായാലും ഈ യാത്രയോടെ "തിരുകേശപ്പള്ളി" കോഴിക്കോട് യാഥാര്‍ത്യമാകും എന്നുറപ്പ്.  തുടര്‍ന്ന് ഭക്തജനങ്ങളുടെ തിരക്ക്, പണപ്രവാഹം...ഹായ്, ഹായ്. റിയല്‍ എസ്റ്റെറ്റൊക്കോ ഒന്ന് ഉഷാറാവും ഇന്‍ഷാ അല്ലാഹ്. 
ഇതൊക്കെ നേരില്‍ കാണുന്ന പോലെ അനുഭവപ്പെടുന്നു.

ഒരു കാര്യം തീര്‍ച്ച. ഇനി സാക്ഷാല്‍ A .P. വിചാരിച്ചാല്‍ പോലും ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറാന്‍ ആകില്ല. ("ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്" എന്ന മലയാളം സിനിമ കണ്ടിട്ടുള്ളവര്‍ക്ക് കാര്യം പിടികിട്ടിക്കാണും).

ഈ പ്രൊജക്റ്റ്‌ന്റെ വിജയത്തിനുശേഷം - 
ഇന്നലെ ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. നമ്മുടെ മുത്ത്‌നബി മുഹമ്മദ്‌ മുസ്തഫാ സല്ലലാഹു അലൈഹിവസല്ലം തങ്ങള്‍ പ്രത്യക്ഷപ്പെട്ട് "നീ മെഴുകുകൊണ്ട്  ഏഴു സെന്റിമീറ്റര്‍ ഉയരത്തി ല്‍ എന്റെ ഒരു "തിരുരൂപം" ഉണ്ടാക്കിക്കുകയും, അത് സൂക്ഷിക്കാന്‍ എഴുപത്തിഏഴുകോടി രൂപ പൊതുജനങ്ങളി ല്‍ നിന്ന് പിരിച്ചു ഒരു പള്ളി പണിയുകയും വേണം എന്ന് എന്നോട് കല്‍പ്പിച്ചിരിക്കുന്നു " 
എന്ന അവകാശ വാദവുമായി ഒരാള്‍ വന്നിരിക്കും.

എന്താ ഒരാള്‍ കണ്ടു എന്ന് പറയുന്ന സ്വപ്നം "ഇല്ലാ നീ കണ്ടിട്ടില്ല" എന്ന് തെളിയിക്കാന്‍ ഈ ദുനിയാവില്‍ ആര്‍ക്കെങ്കിലും കഴിയുമോ?

അതെ നമ്മുടെ നാട് പാകപ്പെട്ടു വരികയാണ്. "തിരുകേശ"ത്തില്‍ നിന്ന് ഇനി "തിരുരൂപ"ത്തിലേക്ക്  അധികം ദൂരമൊന്നുമില്ല. ആര്‍ ആദ്യം സ്വപ്നം കാണും എന്ന് കാത്തിരുന്നു കാണാം.

2011 ജൂലൈ 14, വ്യാഴാഴ്‌ച

ചിരിയും ചിന്തയും - 4

ആത്മഗതം :
വെള്ളിയാഴ്ചയായാല്‍ ആകെ ടെന്‍ഷന്‍ ആണ്. 
ദിവസം മൊത്തം ടെന്‍ഷന്‍.
ജുമുഅക്ക് പോകണമല്ലോ എന്ന ടെന്‍ഷന്‍ ഉച്ച വരെ.
ഉച്ചകഴിഞ്ഞാല്‍ പിന്നെ, ജുമുഅക്ക് പോയില്ലല്ലോ എന്ന ടെന്‍ഷന്‍!

2011 ജൂലൈ 8, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം ... ചില നിര്‍ദ്ദേശങ്ങള്‍ - 4

തലശ്ശേരി  സംവാദം - ല അല്ല യില്‍ തല കറങ്ങി വീണ നൌഷാദ്
ഹുകൂമത്തെ ഇലാഹി ends
അന്യസ്ത്രീകളുമായി ഇനി ബൈക്കില്‍ ചുറ്റാം    
മടവൂരിയന്‍ കുപ്രചരണങ്ങള്‍ക്ക്  അക്കമിട്ടു മറുപടി
ജിന്നും സിഹ്റും മാസപ്പിറവിയും -  മടവൂര്‍ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു
പട്ടികള്‍ കുരക്കട്ടെ. ആക്ഷേപിക്കാതിരിക്കുക
മുടി കിട്ടിയ കാന്തപുരവും ഗതിമുട്ടിയ ഭക്തരും
മുഴുവന്‍ മുജാഹിദുകളും മുശ്‌രിക്കുകളാണോ 
Where is Allah - ഖുബൂരികളുടെ  വിശ്വാസം  കുഫ്റിയത്തിലേക്ക്  
സിദ്ധീഖിനെ രക്ഷിക്കാന്‍ മടവൂര്‍ വിഭാഗം
മടവൂരി ചാരന്‍ പിടിയില്‍
സഖാഫിമാര്‍ കൂട്ടത്തോടെ വന്ന ആറ്റിങ്ങല്‍ മുഖാമുഖം
ജീവിത സാക്ഷാത്കാരം ഭൌതിക നന്മകളിലല്ല  - മുജാഹിദ് ബാലുശ്ശേരി
exposing abuizza (mankadas)  in KNM
ജമാഅത്തുകാര്‍ - പൊട്ടത്തരത്തിനു കയ്യും കാലും മുളച്ച മുഴുവട്ടന്മാര്‍
തിരുശേഷിപ്പ്  public speech at manama yatheem masjid
കേരളത്തില്‍  ആദ്യമായിട്ടാണ്  ഈ  ഊത്ത്  നടക്കുന്നത് 
മടവൂര്‍ പ്രഭാഷണം  - ഹുസൈന്‍  സലഫി 
ചരിത്രത്തെ  തെറ്റിദ്ധരിപ്പിക്കുന്ന  JI
Flash News: ഖസരജിയുടെ  തിരുകേശം  ബോംബെയില്‍  നിന്ന് 
ഖുറാഫികളുടെ അല്ലാഹുവും നബിയും തൌഹീദും 
ഇസ്തിഗാസ reply to cherumba  
As in Thurkey good salafis will support welfare party led by Islamist
ഖുറാഫിച്ചി വീണ്ടും പൊങ്ങി നുണ ചാക്കുകളുമായി 
കാന്തപുരത്തിന്റെ തെരഞ്ഞെടുത്ത നുണകള്‍    
ജിന്ന്‍, സിഹ്ര്‍ മടവൂരികള്‍ നിരാശയില്‍
നുണപ്പള്ളിയുടെ  അവസാനത്തെ ആണി
ജിന്നിനോടെ പ്രാര്‍ഥിക്കാം എന്ന് ഇസ്ലാഹ് മാസികയില്‍ എവിടെ
വഹാബിസത്തിന്റെ ക്രിസ്ത്യ ബന്ധം
ജമാഅത്തുകാര്‍ ഇസ്ലാമിനെ അവഹേളിക്കുന്നു


അസ്സലാമുഅലൈകും, 
ഇക്കഴിഞ്ഞ  പതിനഞ്ചു  ദിസങ്ങള്‍ക്കുള്ളില്‍  എന്റെ  ഒരു   ഇ-മെയില്‍ ബോക്സില്‍  വന്ന നൂറ്റിഅമ്പതോളം  "ഇസ്ലാമിക" പാഠങ്ങളുടെ തലക്കെട്ടുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ എഴുത്തുകുത്തുകളില്‍ക്കൂടി ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായ ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്:
1 . forward -കള്‍ ഏകദേശം 150 വരുമെങ്കിലും സ്ഥിരം എഴുത്തുകാരുടെ എണ്ണം 23 -ല്‍ കൂടുകയില്ല. അതായത് അക്ഷരമാല ക്രമത്തില്‍ പറഞ്ഞാല്‍ അബ്ദുള്ള മുതല്‍ സക്കറിയ വരെയുള്ള നമ്മുടെ മഹാന്മാരായ ഈ 23 എഴുത്തുകാര്‍ ഒന്ന് മനസ്സുവച്ചാല്‍ കുറെയേറെ സഹോദരന്മാരുടെ വിലപ്പെട്ട സമയം വൃഥാവിലാകാതെ കഴിയുമായിരുന്നു. അല്ലാഹുവിന്റെ പ്രീതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതായിരിക്കും കൂടുതല്‍ ഫലപ്രദം; കാരണം നിങ്ങളുടെ ഇത്തരത്തിലുള്ള ഈ-മെയില്‍ വായിച്ചു ആര്‍ക്കെങ്കിലും മനംമാറ്റം വരുമെന്ന് തോന്നുന്നുണ്ടോ? 
2 . എഴുത്തുകളില്‍ ഒന്നില്‍ പോലും ഗുണകാംക്ഷയുടെ കണികപോലും കാണാനാവുകയില്ല. പ്രതിയോഗി യാതൊരു കാരണവശാലും തന്റെ പക്ഷത്തേക്ക് വരരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ളതു പോലെയുള്ള ഭാഷാ പ്രയോഗങ്ങള്‍ . ഖുറാഫി, ഖുറാഫിച്ചി, മടവൂരി, ഇഖ്വാനി, മുജാഹില്‍ , മൌദൂദി, ഖുബൂരി  തുടങ്ങി അസംഖ്യം സാങ്കേതിക പദങ്ങള്‍ മലയാള ഭാഷയ്ക്ക്‌ സമ്മാനിക്കുന്നുണ്ടെങ്കിലും ഇതില്‍ ഒന്ന് പോലും മറ്റൊരു സാഹിത്യ രചനയിലും പ്രയോജനപ്പെടുന്നവയല്ല.  
3 . ഏറ്റവും ഖേദകരമായിത്തോന്നിയ മറ്റൊരു വസ്തുത, ഈ ചര്‍ച്ചകളില്‍  പണ്ഡിതനും പാമരനും ഭാഷാപരമായി ഒരേ നിലവാരം പുലര്‍ത്തുന്നു എന്നതാണ്.  എല്ലാവരും ഒരേ പ്ലാറ്റ്ഫോമില്‍ നിന്നാണ് സംസാരിക്കുന്നത്. ഏതെങ്കിലും പൊതു വിഷയം കൊടുത്താല്‍ നിലവാരമുള്ള ഒരു പ്രബന്ധം തന്നെ തയ്യാറാക്കുവാന്‍ കഴിവുള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാറും പ്രൊഫസര്‍മാരും വരെ 'ദീനി' വിഷയത്തില്‍ വളരെ പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പു കുത്തുന്നു. വിദ്യാഭ്യാസമുള്ള ഇക്കൂട്ടര്‍ നിലവാരം കുറഞ്ഞ  "വെല്ലുവിളികള്‍ " നടത്തുന്നത് അപഹാസ്യമാണ്.
4 . ഇ-മെയില്‍ സൃഷ്ടിച്ചവര്‍ തന്നെ അത് ഉപയോഗിക്കുന്നതിന്റെ ചില മര്യാദകളും പറഞ്ഞു തന്നിട്ടുണ്ട്. CAPITAL LETTER , BOLD FONT , RED COLOUR FONT തുടങ്ങിയവക്കു  ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍  ഉണ്ടെന്നു അറിയുക. എന്നാല്‍ ഈ വക മര്യാദകള്‍ നമ്മുടെ മെയിലുകളില്‍ തീരെ പാലിച്ചു കാണുന്നില്ല. ഇനി അഥവാ സായിപ്പില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ മടി ആണെങ്കില്‍ 'ഗുണകാംക്ഷയും', പ്രതിപക്ഷ ബഹുമാനവും മറ്റും ആശയ സംവാദങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ഖുര്‍ആനിക / ഹദീസ് അധ്യായനങ്ങള്‍ പാലിക്കാമല്ലോ.

"സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രന്ജ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ  സൂക്ഷിക്കുകയും  ചെയ്യുക. നിങ്ങള്‍ക്ക്  കാരുണ്യം  ലഭിച്ചേക്കാം. സത്യവിശ്വാസികളെ, ഒരുജനവിഭാഗവും മറ്റൊരു ജന വിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍ ) അവരേക്കാള്‍ നല്ലവരായിരുന്നേക്കാം.....നിങ്ങള്‍ അന്യോന്യം കുത്ത് വാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ചു പരസ്പരം അപമാനിക്കുകയും അരുത്....(വിശുദ്ധ  ഖുര്‍ആന്‍  49:10 ,11)"

[അദ്ധ്യായം 40 (ഹുജുറാത്) 10 , 11 ആയത്തുകളുടെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണ് മേലെ കൊടുത്തിരിക്കുന്നത്. യാതൊരു വിശദീകരണവും ആവശ്യമില്ലാത്ത വിധം പടച്ച തമ്പുരാന്‍ നമ്മോടു നേരിട്ട് സംവദിക്കുന്നു. ഇതില്‍പ്പരം എന്ത് തെളിവാണ് നമുക്ക് വേണ്ടത്?നിര്‍ത്തിക്കൂടെ നമ്മുടെ ഈ ദീനി സേവനം]

അല്ലാഹു അനുഗ്രഹിക്കട്ടെ,
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.

2011 ജൂൺ 10, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 3

അസ്സലാമുഅലൈക്കും, 
മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് തീര്‍ച്ചയായും ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നമ്മള്‍ , അതിനായി ചില നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ദീനി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് പറഞ്ഞുവച്ചത്.

അടുത്തതായി എടുത്തു പറയേണ്ടുന്ന കാര്യം സാമ്പത്തിക വിഷയമാണെന്ന് തോന്നുന്നു. സക്കാത്ത് നിര്‍ബ്ബന്ധമാക്കുകയും പലിശ കര്‍ശനമായി നിരോധിക്കുകയും ചെയ്തതിലൂടെ സാമ്പത്തിക വിഷയത്തിന് ദൈവികമതം അതിരറ്റ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. മാത്രമോ, "ദാരിദ്രം കുഫിര്‍ലേക്ക് നയിക്കും"  എന്ന തിരുവചനവും  ദാരിദ്ര നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കേണ്ടത്തിന്റെ അനിവാര്യത വിളിച്ചോതുന്നു. മനുഷ്യനെ കുഫിറില്‍ നിന്ന് കൈപിടിച്ച് തൌഹീദിലേക്ക് നയിക്കുക എന്നതാണല്ലോ ഓരോ മുസ്ലിമിന്റെയും ഒരു പ്രധാന കടമ? 

പലിശ വാങ്ങുന്നവനെയും, കൊടുക്കുന്നവനെയും മാത്രമല്ല അതിന്റെ കണക്കെഴുതുന്നവനെവരെ അതികഠിനമായി വിമര്‍ശിക്കുന്ന ഖുര്‍ആന്‍ ഭാഗം, ഈ വിഷയകരമായി നടത്തപ്പെടുന്ന ഏതൊരു പ്രഭാഷണത്തിലേയും മുഖ്യ താക്കീതായിരിക്കും. "പലിശ ഹറാം, എന്നാല്‍ കച്ചവടം ഹലാല്‍ " എന്ന മറുമരുന്നും  ഇതോടൊപ്പം കുറിച്ചു കൊടുക്കും. എന്നാല്‍ ഇതിന്റെ പ്രായോഗിക വശത്തെപ്പറ്റി കാര്യമായ വല്ല ചര്‍ച്ചയും നടന്നു കണ്ടിട്ടുണ്ടോ? 

നാല് കാശ് കയ്യില്‍ വന്നാല്‍ ഉടനെ പോയി ചെയ്യാവുന്ന ഒരു ക്രിയയാണോ ഈ കച്ചവടം എന്നത്? (അതുകൊണ്ട് നാല് കാശ് കയ്യില്‍ വന്നാല്‍ എല്ലാവരും ഉടനെ ബ്ലേഡ് കമ്പനി തുടങ്ങണം എന്നൊന്നും ദയവായി തിരിച്ചു വായിച്ചേക്കല്ലേ.) ഒരു സാധാരണ മുസ്ലിം തികച്ചും ചിന്താക്കുഴപ്പത്തിലാണ്. 

ശമ്പളം കിട്ടിയ തുകയില്‍ നിന്ന് അല്‍പ്പം നാളത്തേക്ക് മാറ്റി വയ്ക്കാം എന്ന് വച്ചാല്‍ .... ബാങ്കില്‍ ഇട്ടാല്‍ പലിശ. വീട്ടില്‍ പൊതിഞ്ഞുകെട്ടി വച്ചാല്‍ അതവിടെ ഇരിക്കില്ല; എന്ന് മാത്രമല്ല അത് സുരക്ഷിതവും ആവുകയില്ല. കൂടാതെ പണത്തിന്റെ മൂല്യത്തില്‍ വരുന്ന ഇടിവ് വേറെയും. പിന്നെന്തു ചെയ്യും?പണ്ഡിതന്മാര്‍ പറയട്ടെ.  ഇസ്ലാമിക ബാങ്ക് എന്ന ആശയം  ഒരു യാഥാര്‍ത്ഥ്യം ആകുന്നതുവരെ കാത്തിരിക്കുകയെ തല്‍ക്കാലം തരമുള്ളൂ എന്ന് തോന്നുന്നു.    

ഇനി മറ്റൊരു കഥ. സ്കൂള്‍ഫീസ്‌ അടക്കാനുള്ള അവസാന ദിവസം ആകുമ്പോഴും, അത്യാവശ്യം ഒരു ആസ്പത്രി കേസ് വരുമ്പോഴുമൊക്കെ കയ്യില്‍ കിടക്കുന്ന വള ഊരി അഞ്ഞൂറോ ആയിരമോ രൂപക്കായി പണയം വെക്കാന്‍ ഓടുന്ന വീട്ടമ്മയെ കാണാം. ഈ സന്ദര്‍ഭങ്ങളില്‍ ഇവര്‍ പലിശ കൊടുക്കാതെ മറ്റെന്തു ചെയ്യും? 
അതെ ഇവിടെ നമ്മുടെ മഹല്ലുകള്‍  ഉയര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അല്‍പ്പം ഇച്ചാശക്തിയുണ്ടെങ്കില്‍ ഇത്തരം ആവശ്യക്കാര്‍ക്കായിട്ടെങ്കിലും  ഒരു പലിശരഹിത നിധി വളരെ എളുപ്പത്തില്‍ സാധിക്കാവുന്നതെയുള്ളൂ. 

സക്കാത്തിന്റെ കേന്ദ്രീകൃതമായ സംഭരണവും വിതരണവും കൊണ്ടും മഹല്ലിനെ കൊച്ചുകൊച്ചു പലിശ ഇടപാടുകളില്‍ നിന്ന് രക്ഷിക്കാനാവും.  
അള്ളാഹു സഹായിക്കട്ടെ.

2011 ജൂൺ 3, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 2


അസ്സലാമുഅലൈക്കും,
കേരളത്തില്‍ നിലവിലുള്ള ഓരോ മുസ്ലിം സംഘടനകളും അവരവരുടെ അനുയായികളെ ദീനുല്‍ ഇസ്ലാമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളും സാമൂഹിക ബാധ്യതകളും പരിശീലിപ്പിക്കുന്നതിലൂടെ മാത്രം നാട്ടില്‍ പ്രകടമാകാവുന്ന  വിപ്ലവകരമായ മാറ്റത്തെക്കുറിച്ചാണ് നാം പറഞ്ഞു വന്നത്. സംഘടനാ നേതാക്കള്‍ അല്‍പ്പമൊന്നു മനസ്സുവച്ചാല്‍ വളരെ എളുപ്പം നേടിയെടുക്കാവുന്നതേയുള്ളു ഇത്. നിലവിലുള്ള പരിതസ്ഥിതിയില്‍ ഇതിലും എളുപ്പമോ ഫലപ്രദമോ ആയ മറ്റൊരു മാര്‍ഗവും ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. 

"കണ്ണാടി കാണ്മോളവും തന്നുടെ മുഖാമേറ്റം
നന്നെന്നു നിരൂപിക്കു മെത്രയും വിരൂപന്മാര്‍
മറ്റുള്ള ജനങ്ങളെ കുറ്റങ്ങള്‍ പറഞ്ഞിടു
മൊട്ടുതന്നുടെ കുറ്റമൊന്നറികയുമില്ലാ
കുറ്റമില്ലാത്തെ ജനം കുറ്റമുള്ളവരേയു
മൊട്ടു നിന്ദിക്കയില്ല, തന്നുടെ ഗുണങ്ങളാല്‍ ....."
എത്ര അര്‍ത്ഥവത്തായ കവിവാക്യം.

അതെ, മറ്റുള്ളവരെ കുറ്റം പറയാന്‍ സമയം പാഴാക്കാതെ സ്വന്തം അനുയായികളുടെ ആത്മസംസ്ക്കരണത്തിനായി പണിയെടുക്കാന്‍ ഓരോ സംഘടനയും സത്യസന്ധമായി തീരുമാനിക്കുക.  തീര്‍ച്ചയായും ഏറെ ആത്മവിശ്വാസവും, ദൃഡനിശ്ചയവും ആവശ്യമായ ഒരു നടപടിയാണിത്. എന്നാല്‍ അതിന്റെ പരിണതഫലം ഇഹത്തിലും പരത്തിലും അതിമാഹത്തായിരിക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ.  
         
അടുത്തപടിയായി നാം ചെയ്യണ്ടത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ്. 
വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നതുകൊണ്ട്‌ ഇവിടെ അര്‍ത്ഥമാക്കുന്നത് ദീനി വിദ്യാഭ്യാസവും ഭൌതിക വിദ്യാഭ്യാസവും ഉള്‍പ്പെട്ട വിശാലമായ മേഖലയാണെങ്കിലും, ദീനി വിദ്യാഭ്യാസ സമ്പന്ധമായിട്ടാണ് പ്രധാനമായും നമ്മുടെ ചര്‍ച്ച. കാരണം  ഭൌതിക വിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ എടുത്തു പോരുന്നുണ്ട്. എന്നാല്‍ ദീനി വിദ്യാഭ്യാസമേഖല വര്‍ഷങ്ങളായി ഏതാണ്ട് ഒരേ നില തുടരുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍.

 ചില നിര്‍ദ്ദേശങ്ങള്‍ കുറിക്കാം:  
1 . ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ മറ്റു ഭാഷകള്‍ പഠിക്കുന്നത് പോലെ അറബി ഭാഷയും അര്‍ഥം മനസ്സിലാക്കി പഠിക്കുന്ന രീതി വരണം. അറബി അക്ഷരമാല മാത്രം സ്വായത്തമാക്കി "ഞാന്‍ ഖുര്‍ആന്‍ പഠിച്ചിരിക്കുന്നു" എന്ന് കരുതുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിയെ തീരു. ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി - 2  എന്ന ഭാഗത്ത്‌ ഈ വിഷയം നാം പരാമര്‍ശിച്ചിരുന്നു. 

2 . പുതിയ തലമുറയുടെ ബുദ്ധിമാനത്തില്‍ ( INTELLIGENCE QUOTIENT ) വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് പാഠക്രമം മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ ഈ പഠന രീതി വളരെപ്പെട്ടെന്നു പിന്തള്ളപ്പെടുകതന്നെ ചെയ്യും.    

3 .  എതൊരു തൊഴിലിനും പരിശീലനം ആവശ്യമാണ്‌. സ്കൂളില്‍ പഠിപ്പിക്കാന്‍  T .T .C ., BEd തുടങ്ങിയ ട്രെയിനിംഗ് ആവശ്യമാണല്ലോ. എന്നാല്‍ ഇന്നത്തെ  പള്ളി ദര്സിലെ വിദ്യാര്‍ത്ഥി നാളത്തെ മദ്രസ്സ അധ്യാപകനാവുന്നു. ഈ നില മാറണം. മദ്രസ്സയില്‍ പഠിപ്പിക്കാനുള്ള ട്രെയിനിംഗ് നടപ്പിലാക്കണം.

4 . പള്ളി ദര്സിലെ പഠിതാക്കളും, മദ്രസ്സ  അധ്യാപകരുമൊക്കെ ഭക്ഷണത്തിനായി ഓരോ വീടുകള്‍ കയറിയിറങ്ങുന്ന രീതിയാണ് ഇന്നും കേരളത്തിലെ മിക്കവാറും മഹല്ലുകളില്‍ നിലനില്‍ക്കുന്നത്.  ഇത് വ്യക്തിയുടെ ആത്മാഭിമാനം കെടുത്തുന്നു. പള്ളി ദര്സുകളോടനുബന്ധിച്ചു ഒരു അടുക്കളയും മെസ്സ് സൌകര്യവും സാധ്യമാക്കുന്നതിലൂടെ പരിഹരിക്കാവുന്നതെയുള്ളൂ  ഇത്. ജോലി ആവശ്യാര്‍ത്ഥം കുടുംബത്തില്‍ നിന്ന് അകന്നു താമസിക്കുന്നവര്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്‌ ഇന്ന് സര്‍വസാധാരണമാണ്. ഗള്‍ഫില്‍ 'ബാച്ചിലേഴ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ എട്ടും പത്തും മണിക്കൂര്‍ ജോലി കഴിഞ്ഞുവന്നും കുക്ക് ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്നോര്‍ക്കണം.
  
വായനക്കാരുടെ അഭിപ്രായങ്ങളും എഴുതുമല്ലോ.
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.

2011 മേയ് 27, വെള്ളിയാഴ്‌ച

ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍ - 1


അസ്സലാമുഅലൈക്കും,
കഴിഞ്ഞ എതാനും ആഴ്ചകളായി മുസ്ലിം സമുദായത്തിന്റെ വര്‍ത്തമാനകാല അവസ്ഥകള്‍ നാം ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെന്ന് തീര്‍ച്ചയായും നാം ആഗ്രഹിക്കുന്നു. പ്രശ്നപരിഹാരമായി "വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക" - എന്ന  ഒറ്റവരി ഉത്തരം  നിര്‍ദ്ദേശിക്കപ്പെടാരുണ്ടെങ്കിലും, അതെങ്ങനെ നടപ്പാക്കും എന്നതിന് ഒരു കര്‍മപദ്ധതിയും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാല്‍ ആ വഴിക്ക് തന്നെയാവട്ടെ ആദ്യശ്രമം.
   
മുസ്ലിം സമുദായത്തിന്റെ പൊതുവിലുള്ള അവസ്ഥയാണ് സാമാന്യം വിശദമായിത്തന്നെ പ്രതിപാദിച്ചത്. സമുദായത്തിനു വന്നുഭവിച്ചിരിക്കുന്ന ഈ ജീര്‍ണ്ണത നാം കണ്ടില്ലെന്നു നടിച്ചിട്ടു  കാര്യമില്ല. ഇക്കാര്യത്തില്‍ കേരളമുസ്ലിം എന്നോ, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സഹോദരന്മാര്‍ എന്നോ, സൗദി എന്നോ, ബംഗ്ലാദേശ് മുസ്ലിം എന്നോ ഒന്നും വലിയ അന്തരമില്ല. ആഗോള തലത്തില്‍ തന്നെ മുസ്ലിം സമുദായത്തിനെ സ്ഥിതി ഏതാണ്ട് ഇത് തന്നെയാണ്. 

ആയതിനാല്‍ ഒരു മുസ്ലിം നവോദ്ധാനത്തിന് ഇന്ന് ഏറ്റവും അനുയോജ്യമായ ഭൂമിക കൊച്ചു കേരളം തന്നെയാണെന്ന് നിസ്സംശയം പറയാം. നെറ്റി ചുളിക്കാന്‍ വരട്ടെ, അതിനുള്ള എല്ലാ ഘടകങ്ങളും മലയാളി മുസ്ലീംകളില്‍ സംയോജിരിക്കുന്നു എന്നതാണ് സത്യം.

ഏതൊരു നവോദ്ധാന മുന്നേറ്റത്തിനും അവശ്യം വേണ്ടത് കഴിവുറ്റ ഒരു നേതൃത്വമാണ്. കേരള മുസ്ലീമിന് അത് വേണ്ടുവോളം ഉണ്ട് എന്നതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ നേട്ടം. ഇത്ര സമ്പന്നമായ ഒരു നേതൃത്വമുള്ള ഏതെങ്കിലും മുസ്ലീം സമൂഹം ലോകത്ത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

പ്രവാചകന്‍ (സ.അ) യുടെ കാലത്തുതന്നെ കച്ചവടക്കാരിലൂടെ സമാധാനപരമായി ദീന്‍ കടന്നു വന്നു എന്ന പൈദൃകം നമുക്കുണ്ട്, കേരള മുസ്ലീങ്ങള്‍ പൊതുവില്‍ വിദ്യാസമ്പന്നരാണ്, അധ്വാനശീലരാന്, മലയാളിയുടെ സാമൂഹിക അന്തരീക്ഷം സ്വതേ ശാന്തമാണ്. ഇങ്ങനെ എടുത്തു പറയാവുന്ന ഏറെ നന്മകള്‍ ഒത്തിണങ്ങിയിരിക്കുന്ന അനുഗ്രഹീതമായ ഒരു സമൂഹം. അല്‍ഹംദുലില്ലാഹ്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്വവും ഏറെ വലുതാണെന്ന് മനസ്സിലാക്കണം.  

നേതൃത്വത്തെപ്പറ്റി  പറഞ്ഞല്ലോ. കേരള മുസ്ലീങ്ങളില്‍ നല്ലൊരുഭാഗവും രണ്ടു സമസ്ത ഗ്രൂപ്പുകള്‍ , രണ്ടു മുജാഹിദ് ഗ്രൂപ്പുകള്‍ , തബ് ലീഗ് ജമാഅത്ത്‌, ജമാഅത്തെ ഇസ്ലാമി എന്നീ ആറ് സംഘടനകളിലോന്നില്‍ അണിനിരന്നിരിക്കുന്നു എന്ന് പറയാം. ഏറ്റവും കുറഞ്ഞത്‌ കേരള മുസ്ലീങ്ങളില്‍ ഒരു മുപ്പത്തിയഞ്ചു ശതമാനം ആളുകളിലെങ്കിലും മേല്‍പ്പറഞ്ഞ സംഘടനകളുടെ സജീവ സാന്നിധ്യമുണ്ട് എന്ന് കരുതാം. ഇനി വേണ്ടത് ഈ  സംഘടനകളുടെ നേതാക്കളില്‍ പരമാവധി സ്വാര്‍ഥത (selfishness) ഉണ്ടാക്കുക എന്നത് മാത്രമാണ്. അതെ അങ്ങനെ ഒന്നുണ്ടായാല്‍ ഈ സംഘടന നേതാക്കളെല്ലാം അവരവരുടെ സ്വന്തം അനുയായികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും, അവരില്‍ ഇസ്ലാമിന്റെ ജീവിത ക്രമം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നോക്കുകയും ചെയ്യുമല്ലോ. 

അങ്ങനെ ഓരോ സംഘടനയിലും  "മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് തടയപ്പെട്ട നമസ്കാരക്കാരും, 'തഖ്‌വ' ആര്‍ജിച്ച നോമ്പുകാരും" രൂപപ്പെടുന്നു. 

മേല്‍പ്പറഞ്ഞ സ്വാര്‍ഥത കാരണം ഒരു സംഘടനയും മറ്റൊരു സംഘടനാ അംഗങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കുകയില്ല, കാരണം ഓരോ നേതാക്കള്‍ക്കും അറിയാം പരലോകത്ത് വച്ച് പടച്ചതമ്പുരാന്‍ ഓരോരുത്തരോടും അവരവരുടെ കീഴിലുള്ളവരെപ്പറ്റി മാത്രമാണ്  ചോദിക്കുക എന്ന്. ഒരു നേതാവിനും മറ്റുള്ളവരുടെ അനുയായികളുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ല എന്നാണല്ലോ. ഓരോ ഗൃഹനാഥനും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ളതുപോലെ.

ഇനി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ... മേല്‍പ്പറഞ്ഞ മുപ്പത്തിയഞ്ചു ശതമാനം കേരള മുസ്ലീങ്ങള്‍ കള്ളം, ചതി, മദ്യപാനം, ചൂതാട്ടം, പലിശ.... എന്നുവേണ്ട എല്ലാവിധ സാമൂഹിക തിന്മകളില്‍ നിന്ന് മുക്തരാവുന്നു. അങ്ങനെ മൂന്നിലൊന്നു മുസ്ലീമും ശ്രദ്ധിക്കപ്പെടുന്നതിലൂടെ പൊതു സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍  പ്രവചനാധീതം ആയിരിക്കും. മുസ്ലിം കച്ചവടക്കാരന്റെ അടുത്ത് ചെന്നാല്‍ മായം കലരാത്ത വസ്തുക്കള്‍ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടുമെന്ന അവസ്ഥ. മുസ്ലിമിന്റെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ കൃത്യമായ ചാര്‍ജെ ചോദിക്കു എന്ന് മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ മനസ്സമാധാനത്തോടെ യാത്ര ചെയ്യാം എന്ന അവസ്ഥ. മുസ്ലിം ഡോക്ടര്‍ ഒരിക്കലും അകാരണമായി സിസേറിയന്‍ നിര്‍ദ്ദേശിക്കുകയില്ല എന്ന ധൈര്യം. ഇതൊക്കെയല്ലേ പൊതുസമൂഹത്തോട്    നമുക്ക് സംവദിക്കാനുള്ളത്? ഇതിലും വലിയ എന്ത് സ്നേഹസംവാദവും ഡയലോഗും? 

മുസ്ലീങ്ങളില്‍ വിവിധ സംഘടനകള്‍ ഉണ്ട് എന്നത് മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന് ഒരിക്കലും ദോഷകരമാവുകയില്ല എന്ന് മാത്രമല്ല, അത് ഏറെ ഗുണകരമാവുകയും ചെയ്യും എന്ന് കാണാം. കാരണം ഓരോ സംഘടനക്കും കുറച്ചു ആളുകളുടെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ.  Eat an elephant piece by piece എന്നാണല്ലോ. കഷണം കഷണം ആക്കുന്നതിലൂടെ ജോലിഭാരം കുറയും.
  
ഇനി ഈ പദ്ധതിക്ക് ഞാന്‍ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന് കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. 
മറ്റു സംഘടനകളെ 'നന്നാക്കുക'യായിരുന്നു ഇതുവരെയുള്ള നമ്മുടെ ഓരോരുത്തരുടെയും പ്രധാന കര്‍മ പദ്ധതി. പൊടിപിടിച്ചു കിടന്നിരുന്ന അവരുടെ പഴയ പത്രമാസികകള്‍ നാം എത്ര മനസ്സിരുത്തി വായിച്ചു, വാദപ്രതിവാദങ്ങള്‍ നാം എത്ര നടത്തി നോക്കി, പൊതുവേദികളും, യു-ട്യൂബ്, ഇ-മെയില്‍ തുടങ്ങി കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍ നിന്നൊക്കെ ഒരു പിന്നോക്കം! ചിന്തിക്കാനും കൂടി ആകുന്നില്ല അല്ലെ? 

സാരമില്ല ഒരു ഒറ്റമൂലിയുണ്ട്. തല്‍ക്കാലം ഒരു മൌനവൃതം. കുറച്ചുകാലത്തേക്ക് ആരെന്തു പറഞ്ഞാലും പ്രതികരിക്കുകയില്ല എന്ന് ഒരു തീരുമാനം എടുക്കണം. വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു ത്യാഗം അത്രതന്നെ. 

നേതൃത്വമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതിനാല്‍ , ഇതു വായിക്കുന്ന ഓരോരുത്തരും തങ്ങളുടെ സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.