അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മാർച്ച് 8, ചൊവ്വാഴ്ച

ചിരിയും ചിന്തയും - 1


'ആത്മനൊമ്പരം' ബ്ലോഗില്‍ നൊമ്പരങ്ങള്‍ മാത്രം മതിയോ, അല്‍പ്പസ്വല്പം നര്‍മവും ആയിക്കൂടെ എന്ന് ഒരു സഹോദരന്‍ ചോദിച്ചിരിക്കുന്നു. 
ഒന്ന് ശ്രമിച്ചുനോക്കാം എന്താ? ചിരിക്കാനും ചിരിപ്പിക്കാനും തയ്യാറായി ഇരിക്കുക.

ഞാന്‍ കാഞ്ഞൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് ഹൈ സ്കൂളില്‍ ആറിലോ ഏഴിലോ പഠിക്കുന്ന കാലം. ശിവദാസനും, ദേവസ്സികുട്ടിയുമാണ് അടുത്ത സുഹൃത്തുക്കള്‍ .
ഒരുദിവസം ദേവസ്സിക്കുട്ടി ക്ലാസ്സില്‍ വന്നത് പുതിയൊരു വിജ്ഞാനവുമായിട്ടായിരുന്നു. - 
ഞങ്ങള്‍ ക്രിസ്ത്യാനികള്‍ സന്ധ്യാനേരത്ത് 'കര്‍ത്താവിന്റെ' ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചുവച്ചു, "സ്വര്‍ഗസ്ഥനായ പിതാവേ... ആകാശത്തിലെ പോലെ ഭൂമിയിലും ആക്കേണമേ" എന്ന് പ്രാര്‍ഥിക്കും. 
ശിവദാസന്റെ വീട്ടില്‍ സന്ധ്യാദീപം കൊളുത്തിവച്ച് "നാരായണാ.. നാരായണാ..." എന്ന് നാമം ജപിക്കുന്നത്‌ കേട്ടിട്ടുണ്ട്. 
ഈ മുസ്ലീങ്ങള്‍ ഉണ്ടല്ലോ, അവര്‍ക്ക് എന്നും പരാതി തന്നെ പരാതി. ദൈവം തമ്പുരാന്‍ എത്രയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ടെങ്കിലും "ഞങ്ങളുടെ അടുത്ത് ഒന്നും ഇല്ലാ അള്ളാ... ഒന്നും ഇല്ലാ അള്ളാ..." എന്നിങ്ങനെ ദൈവത്തോട് പരാതിപ്പെട്ടുകൊണ്ടിരിക്കും. (ലാ ഇലാഹ ഇല്ലഅല്ലാഹ്. എന്നതിന് ദേവസ്സിക്കുട്ടി മനസ്സിലാകിയ അര്‍ഥം അങ്ങനെ ആയിരുന്നു. ഒരു സ്വകാര്യം: ശരി എന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ ഈയുള്ളവനും പാണ്ഡിത്യം പോരായിരുന്നു കേട്ടോ.)  
ഏതായാലും പില്‍ക്കാലത്ത്‌ ടി.വി കണ്ടുപിടിക്കപ്പെട്ടതിനാല്‍ ദിനേന നടന്നുവന്നിരുന്ന ഈ 'പരാതി പറച്ചില്‍ ' നാട്ടിന്‍പുറത്തുനിന്നു മറഞ്ഞു പോയിരിക്കുന്നു. ദൈവത്തിനു ആശ്വാസം!

നിങ്ങള്‍ക്കും കാണുമല്ലോ ഇതുപോലുള്ള അനുഭവങ്ങളൊക്കെ. പങ്കുവയ്ക്കണേ.

സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.

1 അഭിപ്രായം:

  1. സാഹിര്‍ സാഹിബ് ,
    ഇത് വായിച്ചപ്പോ എം ജെ അക്ബറിന്റെ പഴയ ഒരു ബൈ ലൈന്‍ സ്റ്റോറിയില്‍ വായിച്ച സംഭവം ഓര്‍മവരുന്നു
    പള്ളിയില്‍ നമസ്കാരം കഴിഞ്ഞു ഖത്തീബ് തനിക്കു കൂടുതല്‍ ഈമാന്‍ തരണേ എന്ന് ഉറക്കെ പ്രാര്‍ഥിച്ചു
    സമീപം നിന്ന മുക്രിയാവട്ടെ തനിക് കൂടുതല്‍ ധനം തരണേ എന്നും ഉച്ചത്തില്‍ പ്രാര്‍ഥിച്ചു .ഇരുവരും പുറത്തിറങ്ങിയ ഉടന്‍ കതീബ് മുക്രിയോടു ചോദിച്ചു ."അല്ല ഭായ് നിങ്ങള്‍ എന്താ ഈമാന്‍ ചോദിക്കാതെ അല്ലാഹുവിനോട് പണം ചോദിച്ചത്"?
    മുക്രി പറഞ്ഞു "ഞാന്‍ എനിക്കില്ലതത്തിനു വേണ്ടിയും നിങ്ങള്‍ നിങ്ങള്കില്ലതത്തിനു വേണ്ടിയും പ്രാര്‍ഥിച്ചു "എന്ന്

    ബ്ലോഗ്‌ നന്നായി .ഇനിയും എഴുതുക .
    സാബു കടയ്ക്കല്‍

    മറുപടിഇല്ലാതാക്കൂ