അസ്സലാമുഅലൈക്കും,
... ഇനി നമുക്ക്, നാം ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയായ "ഇസ്ലാം കാര്യങ്ങളെ" ഇന്ന് നമ്മുടെ സമുദായം എങ്ങനെ സമീപിക്കുന്നു എന്ന് നോക്കാം.
ഓത്തുപള്ളിയില്‍ പാടിപ്പടിച്ച ഈരടികളാണ് ഓര്‍മയില്‍ വരുന്നത്.
"ഇസ്ലാം കാര്യങ്ങള്‍ അഞ്ചാണ്... അത് അറിയല്‍ നമുക്ക് ഫര്ള്ളആണ്,
ഇസ്ലാം കാര്യമറിഞ്ഞില്ലെങ്കില്‍ നരകം നമ്മുടെ വീടാണ്"
അര്‍ത്ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതില്‍ നിന്ന് ഒന്നും ഉള്‍ക്കൊള്ളതിരിക്കുകയും ചെയ്യുന്ന നമ്മുടെ ദയനീയാവസ്ഥയെക്കുറിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി തന്നെ വേണം മേല്‍ ഈരടികളും കാണാന്‍. ഇവിടെ പറഞ്ഞത് പോലെ "ഇസ്ലാം കാര്യങ്ങള്‍ 'അറിയല്‍ ' മാത്രമേ നിബന്ധമാകുന്നുള്ളൂ' എന്നാ ഒരു കാഴ്ചപ്പാട് നമ്മുടെ ഇടയില്‍ പരന്നിട്ടില്ലേ എന്ന് സംശയിക്കണം.
ഇനി "ഇസ്ലാം കാര്യങ്ങളെ നമുക്ക് ഒന്നൊന്നായി വിശകലനം ചെയ്തു നോക്കാം:-
1 . ശഹാദത്തുകലിമ: അള്ളാഹു അല്ലാതെ ഒരു "ഇലാഹ്"ഇല്ലെന്നും, മുഹമ്മദു (നബി സ. അ.) അള്ളാഹുവിന്റെ ധൂതനാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു - എന്ന് മനസ്സില്‍ ഉറപ്പിച്ചു പറയലാണല്ലോ ഒന്നാമത്തെ കര്‍മ്മം. ഒരു കര്‍മ്മം എന്ന രീതിയില്‍ ഏറ്റവും എളുപ്പമായത് തന്നെ. എന്നാല്‍ ഇതില്‍ "സാക്ഷ്യം വഹിക്കുന്നു" എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം, നേരിട്ട് കണ്ട കാര്യങ്ങളെയാണ് "സാക്ഷ്യം" എന്ന പദം കൊണ്ട് നാം സാധാരണ അര്‍ത്ഥമാക്കുന്നത്. ഏതായാലും ഒരു വ്യക്തി മനസ്സില്‍ എന്താണ് ഉറപ്പിച്ചിരിക്കുന്നത് എന്ന് അവനും പടച്ച തമ്പുരാനും മാത്രം അറിയാവുന്ന കാര്യമായതിനാല്‍ ആ വിഷയത്തില്‍ ചര്‍ച്ച അപ്രസക്തമാണ്. അതങ്ങനെ നില്‍ക്കട്ടെ.
"ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിനെ ഭാഷാന്തരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. "No God but Allah " എന്ന് ഇഗ്ലീഷിലും, "ഒരു ദൈവവുമില്ല, അള്ളാഹു അല്ലാതെ" എന്ന് മലയാളത്തിലും തര്‍ജ്ജിമ ചെയ്തു കാണുന്നു. ഇത് ഭീമമായൊരു തെറ്റിദ്ധാരണയിലേക്കാണ് അറബി മനസ്സിലാകാത്ത മഹാഭൂരിപക്ഷത്തെയും എത്തിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് നമ്മുടെ ദൈവമോ പരമേശ്വരനോ ഒന്നും പറ്റില്ല, അവരുടെ അള്ളാഹു തന്നെ വേണം എന്ന് ഒരു അമുസ്ലിം സഹോദരന്‍ ധരിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? വാക്കര്‍ത്ഥം ഒഴിവാക്കി, "ദൈവം ഏകനാണ്" എന്ന് "ലാ ഇലാഹ ഇല്ലല്ലഹ്" എന്നതിന് അര്‍ഥം കൊടുത്തിരുന്നെങ്ങില്‍ "നിങ്ങളുടേയും, ഞങ്ങളുടേയും രക്ഷിതാവ് ഒന്ന് തന്നെ" എന്ന ഖുര്‍ആന്‍ വാക്യം ഇതരമതസ്ഥര്‍ക്ക് എത്ര പെട്ടെന്ന് മനസ്സിലാകുമായിരുന്നു!
സായിപ്പ് "There lies the point" എന്ന് പറഞ്ഞതിനെ "ദാണ്ടെ കെടക്കുന്നു സായിപ്പിന്റെ മൊന" എന്ന് തര്‍ജിമ ചെയ്താല്‍ ജനം കരുതുക സായിപ്പിന്റെ കയ്യിലിരിക്കുന്ന പെന്‍സില്‍ താഴെ വീണ് മുന ഒടിഞ്ഞുപോയി എന്നാവും. പറഞ്ഞുവരുന്നത്, ഇസ്ലാമിക പാഠങ്ങള്‍ ഭാഷാന്തരം ചെയ്യുന്നതില്‍ മുസ്ലിം സമൂഹം കുറച്ചുകൂടി വിശാലത കാണിക്കേണ്ടിയിരിക്കുന്നു എന്നാണ്. അക്ഷരങ്ങളല്ല ആശയമാണ് തര്‍ജിമ ചെയ്യപ്പെടെണ്ടാതെന്ന തിരിച്ചറിവ് ഇനിയും നാം ആര്‍ജിക്കേണ്ടാതായിട്ടുണ്ട്.
അള്ളാഹു അനുഗ്രഹിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ