അസ്സലാമുഅലൈക്കും,
ഇസ്ലാം കാര്യങ്ങളാണല്ലോ പറഞ്ഞു തുടങ്ങിയത്. ഇസ്ലാം കാര്യങ്ങളില്‍ രണ്ടാമതായി എണ്ണുന്നത് നമസ്കാരമാണ്. അതിനാല്‍ ഇന്നത്തെ ചര്‍ച്ച നമ്മുടെ നമസ്കാരത്തെക്കുറിച്ച് തന്നെയാവട്ടെ.
പറഞ്ഞാല്‍ തീരാത്തത്ര ശ്രേഷ്ടതകളാണ് ഇസ്ലാമില്‍ നമസ്ക്കാരത്തിനുള്ളത്. 'അല്ലാഹുവും മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നമസ്കാരം" എന്ന ഒരൊറ്റ സവിശേഷത തന്നെ മതി നമസ്കാരത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍. ഇങ്ങനെയുള്ള നമസ്കാരത്തെ ഇന്ന് മുസ്ലിം സമുദായം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നൊന്ന് വിശകലനം ചെയ്യാം.
"നമസ്കാരം മനുഷ്യനെ മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നിശ്ചയമായും തടയും" എന്ന് നേര്‍ക്കുനേര്‍ അള്ളാഹു ഉണര്‍ത്തുന്നു. "നിങ്ങളിലൊരാളുടെ വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും, അയാള്‍ ദിവസവും അഞ്ചു നേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍, അയാളില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അത്പോലെ അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ വഴി അള്ളാഹു പാപങ്ങള്‍ മായിച്ചു കളയുന്നു". എന്ന് തിരുവചനം. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം നമ്മുടെ ഇന്നത്തെ അവസ്ഥയെ നിരൂപണം ചെയ്യാന്‍.
നാം നേരത്തെ സൂചിപ്പിച്ചത് പോലെ കള്ളം, ചതി, വഞ്ചന എന്നുവേണ്ടാ എല്ലാവിധ തിന്മകളിലും "ഈ ഉത്തമ സമുദായത്തിന്‍റെ" പ്രാതിനിധ്യം മറ്റു സമൂഹങ്ങളോട് ശരാശരി കിടപിടിക്കാവുന്നതാണ്. എന്ത് പറ്റി നമ്മുട നമസ്കാരങ്ങള്‍ക്ക്? 'പടച്ചോനെ പേടിച്ചു' പള്ളിയില്‍ പോകുന്ന നമ്മള്‍ 'പടച്ചോനെ സ്നേഹിച്ചു' പള്ളിയില്‍ പോകുന്ന അവസ്ഥയിലേക്ക് മാറുന്നതിലൂടെ മാത്രമേ ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാവു എന്ന് തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വരണം. പടച്ചവനെ പേടിക്കാനാണ് നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാലാവാം കര്‍മ്മങ്ങളുടെ ബാഹ്യരൂപങ്ങള്‍ക്ക് അമിത പ്രാധാന്യം വന്നിട്ടുണ്ടെങ്കിലും അവയുടെ ആത്മാവ് ചോര്‍ന്നു പോയിരിക്കുന്നത്.
ഇനി ബാഹ്യരൂപങ്ങളുടെ തന്നെ കാര്യമെടുത്താലും, മുന്‍ഗണനാക്രമത്തില്‍ കാര്യമായ ഒരു അഴിച്ചുപണിതന്നെ വേണ്ടിവരും എന്ന് കാണാം. ഉദാഹരണമായി, നമസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'സുജൂദ്' എങ്ങനെ വേണം എന്നതിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, താരതമേന്യ പ്രാധാന്യം കുറഞ്ഞ 'കൈ കെട്ടല്‍', 'വിരല്‍ ചൂണ്ടല്‍' മുതലായ കര്‍മ്മങ്ങളിലെ സൂക്ഷ്മതയാണ്. കൃത്യമായി 'സുജൂദ്' ചെയ്യാന്‍ അറിയുന്ന എത്ര ആളുകള്‍ നമ്മിലുണ്ടെന്നു ഒരു ആത്മപരിശോധന നടത്തുന്നത് നന്നാവും.
യോഗാസന ക്ലാസ്സില്‍ ഒരാഴ്ചത്തെ ഹ്രസ്വകാല പരിശീലനം കഴിഞ്ഞു ദിനേന അത് അഭ്യസിക്കുന്ന ഒരാള്‍ക്ക് പിന്നീടൊരിക്കലും വജ്രാസനയിലെ ഇരുത്തമോ, പദ്മാസനത്തില്‍ വിരലുകള്‍ എങ്ങനെ ചൂണ്ടണം (മുദ്രകള്‍) എന്നോ പിന്നീടാരും പഠിപ്പിക്കേണ്ടാതായി വരുന്നില്ല. എന്നാല്‍ സുജൂദ് ചെയ്യാന്‍ നാം ഒത്തുപള്ളിയിലും, പള്ളിക്കൂടത്തിലും, തുടര്‍ന്ന് വയളുകളിലും, ഖുറാന്‍ ക്ലാസ്സിലും പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും ഒരു ശക്ക്... എങ്ങനാ ശരിയായി സുജൂദ് ചെയ്യുക?
ഇനി നമസ്കാരത്തിന് നിന്നാലുള്ള അവസ്ഥയോ? ഇമാമിന്‍റെ തക്ബീറിന്റെ ഈണവും താളവും അനുസരിച്ചാണ് മിക്കവാറും സുജൂദില്‍ നിന്ന് 'ഇടയില്‍ ഇരുത്തമാണോ' 'നില്‍ക്കാലാണോ' എന്നൊക്കെ നമ്മള്‍ തീരുമാനിക്കുന്നത്. തക്ബീറിന്റെ ട്യുണ്‍ ഒന്ന് മാറിയാല്‍ ആകെ കണ്ഫ്യുഷന്‍. ഏകാഗ്രത എന്നതൊക്കെ നമ്മില്‍ നിന്ന് എന്നേ കൈമോശം വന്നിരിക്കുന്നു. ശരിയാണോ?
മറ്റൊന്ന്. വുളു ചെയ്യുവാനായി വെള്ളം അമിതമായി ഉപയോഗിക്കുന്നതും ഇക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണെന്ന് തോന്നുന്നു. പലപ്പോഴും ഞാന്‍ ഇടത്തെ കാലു കഴുകുമ്പോഴാണ് "അയ്യോ വലത്തേക്കാല് രണ്ടു പ്രാവശ്യമല്ലേ കഴുകിയുള്ളൂ" എന്നോര്‍ക്കുക. പിന്നെ ആദ്യം മുതല്‍ ചെയ്യുകയല്ലേ തരമുള്ളൂ? മനസ്സാന്നിധ്യം കിട്ടുന്നില്ല. എന്ത് ചെയ്യാം? പാരിസ്ഥിതിക മാറ്റങ്ങളുടെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലക്ഷാമവും, ഊര്‍ജ്ജക്ഷാമവും പരിഗണിച്ചെങ്കിലും നമ്മുടെ 'വസുവാസിനു' പരിഹാരം കണ്ടേ തീരൂ. ദുര്‍വ്യയം അത് എന്തിലായാലും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഇബാദത്തുകളിലും ശ്രദ്ധിക്കേണ്ട്തായുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 'ഇബാദാത്തുകള്‍' എന്നത് ഒരു ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമാണെങ്കില്‍ നമ്മള്‍ ആ മാര്‍ഗത്തെത്തന്നെ ലക്ഷ്യമായി കരുതി, ലക്‌ഷ്യം മറന്നുകൊണ്ട് മാര്‍ഗം പരിപോഷിപ്പിക്കുന്നു. അതിനാലാവാം നമസ്ക്കരിക്കുന്നവനില്‍ നിന്ന് "മ്ലേച്ഛവും നിഷിദ്ധവുമായ" കാര്യങ്ങള്‍ തടയപ്പെടുന്നതായി കാണപ്പെടുന്നില്ല.
തോന്നുന്നില്ലേ? ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്?
സസ്നേഹം,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ